കെ- സ്റ്റോറില്‍ മില്‍മ മാത്രം; സഹകരണ ഉല്‍പന്നങ്ങള്‍ പരിധിക്ക് പുറത്താകും
റേഷന്‍കടകള്‍ കെ-സ്റ്റോറുകളായി മാറുമ്പോള്‍ സഹകരണ ഉല്‍പന്നങ്ങള്‍ പരിധിക്ക് പുറത്താകുന്നു. മില്‍മയുടെയും സപ്ലൈകോയുടെയും ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ കെ-സ്‌റ്റോറില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സഹകരണ സംഘങ്ങളുടെ നല്ല ഉല്‍പന്നങ്ങളും കെ-സ്റ്റോറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് പരിഗണിക്കാനിടയില്ല. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ കോഓപ് മാര്‍ട്ടുകള്‍ വരുന്നുണ്ടെന്നാണ് ഇതിന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
മില്‍മയുടെ നെയ്യ്, പാലട മിക്സ് (പാലട മിക്സ്, വീറ്റ് അട പായസം മിക്സ്) എന്നീ രണ്ട് ഉത്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ കെ- സ്റ്റോര്‍ പദ്ധതി വഴി ലഭിക്കുന്നത്. കേരളത്തിലെ റേഷന്‍ കടകള്‍ ‘കെ സ്റ്റോര്‍’ പദ്ധതിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ-സ്റ്റോറുകള്‍ വഴി സാധിക്കും. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. ആദ്യ ഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് കെ സ്റ്റോറുകളായി മാറുന്നത്. 10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍ തുടങ്ങിയവ കെ സ്റ്റോറുകള്‍ വഴി ലഭിക്കും.
സഹകരണ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചതിന്റെ ഭാഗമായി ഒട്ടേറെ പുതിയ മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ രൂപംകൊണ്ടിട്ടുണ്ട്. എന്നാല്‍, ഇതിനനുസരിച്ചുള്ള വിപണന ശൃംഖല ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വലിയ പ്രതീക്ഷയോടെ തുടങ്ങിയ കോഓപ് മാര്‍ട്ട് പദ്ധതിയും സഹകരണ ഇ-കൊമേഴ്‌സുമെല്ലാം ലക്ഷ്യം കാണാതെ മരവിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് സഹകരണ സംഘങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെയും പ്രാദേശിക ഉല്‍പന്നങ്ങള്‍ കൂടി കെ-സ്റ്റോറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍, സഹകരണ വകുപ്പ് ഔദ്യോഗികമായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടില്ല. അതിനാല്‍, ഭക്ഷ്യവകുപ്പ് ഇക്കാര്യം പരിഗണിക്കുന്നുമില്ല. ഫലത്തില്‍ സംഘങ്ങളും അവയുടെ ഉല്‍പാദനയൂണിറ്റുകളുമാണ് ബുദ്ധിമുട്ടിലാകുന്നത്.
[mbzshare]