‘കൃതി’ കായി മറൈൻഡ്രൈവ് ഒരുങ്ങി: നാളെ മുതൽ 16 വരെ വാണിജ്യപട്ടണം വൈജ്ഞാനിക ചർച്ചകളാൽ നിറയും.

adminmoonam

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന തേഡ് എഡിഷൻ ‘കൃതി’ അന്താരാഷ്ട്ര പുസ്തക- വിജ്ഞാനോത്സവത്തിനു നാളെ വൈകിട്ട് കൊച്ചി മറൈൻ ഡ്രൈവിൽ തിരിതെളിയും. ഉത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ അറിയിച്ചു. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുള്ള 250 പരം പ്രസാധകർ പങ്കെടുക്കും. വിദ്യാർഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കാനും വായനാശീലം വളർത്തുവാനും പുസ്തകങ്ങൾ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുള്ള ശീലവും വർധിപ്പിക്കാൻ പുസ്തകോത്സവം ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുതുതലമുറയെ അക്ഷരങ്ങളുമായും പുസ്തകങ്ങളുമായും അടുപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും ബാധ്യതയുമാണ് സാംസ്കാരിക രംഗത്ത് ഇന്ന് സഹകരണ പ്രസ്ഥാനം നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തലത്തിൽ ഒരു കോടി രൂപയുടെ പുസ്തകം വിദ്യാർഥികൾക്ക് ലഭിക്കത്തക്ക രീതിയിൽ ഉള്ള പ്രത്യേക പദ്ധതിയാണ് വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സഹകരണ സംഘങ്ങളുടെയും വായനശാലകളുടെയും സ്കൂളുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രത്യേക വേദിയിൽ നടക്കുന്ന വിജ്ഞാനോത്സവത്തിൽ 36 സെഷനുകൾ സംഘടിപ്പിക്കും. വിജ്ഞാനോത്സവത്തിൽ സംസ്ഥാനവും രാജ്യവും അഭിമുഖീകരിക്കുന്ന പൊതു പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും. നാളെ വൈകിട്ട് മറൈൻഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ സി. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻമാരായ എം.കെ.സാനു വും എം. ലീലാവതി യും ചേർന്ന് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിയിക്കുന്നതോടെ 10 ദിവസം അറബിക്കടലിന്റെ റാണിയുടെ പട്ടണം അക്ഷര ലോകത്തിലേക്ക് വീഴും.

Leave a Reply

Your email address will not be published. Required fields are marked *

Latest News