കാര്‍ഷിക വ്യവസായ മേഖലയില്‍ സംരംഭങ്ങള്‍ക്കായി പുതിയ മിഷന്‍: മന്ത്രി പി രാജീവ്

moonamvazhi

കാര്‍ഷിക വ്യവസായ മേഖലയില്‍ പുതുസംരംഭങ്ങള്‍ക്കായി പുതിയൊരു മിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. കൃഷിയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പുതിയ മിഷന്‍ സഹായകമാകും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ പാണഞ്ചേരി സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍വകലാശാലകളുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ ക്രെഡിറ്റ് മാര്‍ക്ക് നല്‍കി ജോലി പഠനത്തിന്റെ ഭാഗമാക്കി മാറ്റും. സഹകരണ ബാങ്കുകള്‍ ലാഭത്തിനപ്പുറം അതത് മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍ എത്രത്തോളം മെച്ചപ്പെടുത്താനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ജൈവവള പ്ലാന്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

പാണഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് വില്‍സന്‍ ചെമ്പനാല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ വി ജോജു പദ്ധതി അവതരണം നടത്തി. സാങ്കേതിക സഹായം നല്‍കിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം രാജാജി മാത്യു തോമസ് നിര്‍വഹിച്ചു. മികച്ച കര്‍ഷകരെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവിയും തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളെ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രനും ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റി എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ പി ശ്രീനിവാസന്‍, എസ് എഫ് എ സി ഡയറക്ടര്‍ ബീന ലക്ഷ്മണ്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം ശബരീദാസന്‍, സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാര്‍, സൂസമ്മ ജോര്‍ജ്, ഡോ. കെ എസ് കൃപകുമാര്‍, സുമഹര്‍ഷന്‍, ഭാസ്‌കരന്‍ ആദങ്കാവില്‍, സാവിത്രി സദാനന്ദന്‍, എം ബാലകൃഷ്ണന്‍, മാത്യു നൈനാന്‍, എം പി സാബു, സുബിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News