കര്‍ഷകര്‍ക്ക് കൂട്ടെത്തും യന്ത്രവുമായി സ്വയംസഹായസംഘങ്ങള്‍
ഇടുക്കിയില്‍ കൃഷിയില്‍ ഒരു പുതിയ പരീക്ഷണം നടപ്പാക്കുകയാണ്. കര്‍ഷകരെയും സ്വയംസഹായ സംഘങ്ങളെയും ഒരുമിപ്പിച്ച് ഒരു ‘കാര്‍ഷികവിപ്ലവം’. സ്വയം സഹായ സംഘങ്ങള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കും. കര്‍ഷകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇവര്‍ പണിക്കിറങ്ങും. ഇതാണ് രീതി. ഏലവും, കുരുമുളകും, കാപ്പിയും, കൊക്കോയും, നെല്ലും വിളയിക്കുന്ന് കര്‍ഷകര്‍ക്ക് കൂട്ടാകുകയാണ് ലക്ഷ്യം. ഉത്പാദന മേഖലക്ക് കരുത്തു പകരുന്നതിനോടൊപ്പം സ്വയം തൊഴില്‍ മേഖലയില്‍ ഭദ്രത കൈവരിക്കുന്നതിനു കൂടിയാണ് ജില്ലയിലെ സ്വയം സഹായ തൊഴില്‍ സംഘങ്ങളും ഒപ്പം കര്‍ഷകരും ഒരുമിപ്പിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് കാര്‍ഷികാവശ്യത്തിനായുള്ള യന്ത്രസാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങി. ദേവികുളം ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പതിനാറു സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ യന്ത്രങ്ങള്‍ വിതരണം ചെയ്തത്. കര്‍ഷകര്‍ക്ക് ചിലവു കുറഞ്ഞ രീതിയില്‍ കൃഷിയിടങ്ങളില്‍ ഈ യന്ത്രങ്ങളുടെ സേവനം ആവശ്യപ്പെടാം.
പത്തു മുതല്‍ ഇരുപതുവരെയുള്ള അംഗങ്ങളുള്ള തൊഴില്‍ സംഘങ്ങളാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം സഹായ തൊഴില്‍ സംഘങ്ങള്‍ എന്നുതന്നെയാണ് ഇവ അറിയപ്പെടുന്നതും. ഇത്തരം സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിലൂടെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍ ലഭിക്കുന്നു. കാര്‍ഷകര്‍ ആവശ്യപ്പെടുന്നതനുസരിച്ച് മിതമായ നിരക്കില്‍ തോട്ടങ്ങളില്‍ വിവിധതരം ജോലികള്‍ യന്ത്ര സംവിധാനത്തിലൂടെ സംഘാഗംങ്ങള്തന്നെ ചെയ്തു നല്കുന്നു. പാടം ഉഴുന്നതിനുള്ള ട്രില്ലറുകള്‍, മരുന്നടിക്കുന്നതിനുള്ള പമ്പു സെറ്റുകള്‍ കാടുവെട്ടുന്നതിനുള്ള മെഷീനുകള്‍ എന്നിവയാണ് സംഘങ്ങള്‍ക്ക് സ്വയം തൊഴിലിനായി സര്‍ക്കാര്‍ നല്‍കുന്നത്.
ഹൈറേഞ്ച് മേഖലയിലെ വിവിധ ഇടങ്ങളില്‍ ഇതിനകം തൊഴില്‍ സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കര്‍ഷകര്‍ക്ക് സമയലാഭത്തോടൊപ്പം മിതമായ നിരക്കില്‍ കൃഷിയിടങ്ങള്‍ ഒരുക്കാനുള്ള സംവിധാനവുമാണ് നൂതനമായ ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിതമായ ഒരു തുകയും വരുമാനമായി ലഭിക്കുന്നു. പരസ്പരമുള്ള സഹകരണത്തോടെ തൊഴില്‍ മേഖലയും ഉത്പാദനമേഖലയും ഒരുപോലെ വിജയത്തിലെത്തുകയും ചെയ്യുന്നു.
മൂന്നു ലക്ഷം രൂപയുടെ യന്ത്രസമാഗ്രികളാണ് തൊഴില്‍ സംഘങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഗുണഭോക്തൃ വിഹിതമായി മുപ്പതിനായിരം രൂപ സംഘങ്ങള്‍ അടക്കുകയും വേണം. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പതിനാറു സംഘങ്ങള്‍ക്കായി 43.2 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.