കരുതലോടെ സഹകരണ മേഖല; കരുണകിട്ടാതെ ജീവനക്കാര്‍

Deepthi Vipin lal

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് സഹകരണ മേഖലയാണ്. സാമ്പത്തിക സഹയത്തിലും മനുഷ്യവിഭവ വിന്യാസത്തിലും ഈ മേല്‍ക്കൈ പ്രകടമാണ്. സമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം, ഭക്ഷ്യകിറ്റ് വിതരണം എന്നിവയിലെല്ലാം സഹകരണ മേഖലയിലെ ജീവനക്കാരാണ് ഗ്രാമതലത്തില്‍വരെ ഉണ്ടായിരുന്നത്. എന്നാല്‍, കോവിഡ് വാക്സിന്‍ നല്‍കുന്ന കാര്യത്തിലടക്കം ഒരു മുന്‍ഗണനയും സഹകരണ മേഖലയിലുള്ളവര്‍ക്കുണ്ടായിട്ടില്ല. കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി ആഞ്ഞടിച്ചതോടെ സഹകരണ ജീവനക്കാര്‍ പലരും രോഗബാധിതരായി. ഇതോടെ ജീവനക്കാര്‍ക്ക് ആശങ്കയും കൂടിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന കോടികളില്‍ ഏറിയ പങ്കും സഹകരണ സ്ഥാപനങ്ങളുടെതും സഹകരണ ജീവനക്കാരുടെതുമാണ്. ഒരുമാസത്തെ ശമ്പളം പൂര്‍ണമായി ജീവനക്കാര്‍ നല്‍കി. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് പിടിച്ച ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ തിരികെ നല്‍കിത്തുടങ്ങി. തിരിച്ചുനല്‍കണമെന്ന ഉപാധിപോലുമില്ലാതെ സംഭാവന നല്‍കിയ ഒരേയൊരുവിഭാഗം ജീവനക്കാര്‍ സഹകരണ മേഖലയിലുള്ളവരാണ്. രണ്ടാം തരംഗത്തിനിടയില്‍ തുടങ്ങിയ വാക്സിന്‍ വിതരണത്തിന് ഫണ്ട് കണ്ടെത്താനുള്ള ‘വാക്സിന്‍ ചലഞ്ചിലും’ പങ്കാളിയായ ജീവനക്കാരില്‍ ഏകവിഭാഗം സഹകരണ സ്ഥാപനങ്ങളിലുള്ളവരാണ്.

രണ്ടുദിവസത്തെ ശമ്പളം വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കണമെന്ന തീരുമാനമെടുത്തത് സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗമാണ്. ഇതില്‍ വകുപ്പ് ഉദ്യോഗസ്ഥരും സഹകരണ സംഘടനാരംഗത്തുള്ളവരുമാണ് പങ്കെടുത്തത്. ഈ തീരുമാനം പൂര്‍ണമനസ്സോടെ സഹകരണ സംഘത്തിലെ ജീവനക്കാര്‍ ഏറ്റെടുത്തു. വകുപ്പ് ഉദ്യോഗസ്ഥര്‍ പോലും കാണിക്കാത്ത മനസാണ് സഹകരണ സംഘത്തിലെ ജീവനക്കാര്‍ കാണിച്ചത്. ഇപ്പോഴും സഹകരണ സ്ഥാപനങ്ങള്‍ അവര്‍ക്കാകും വിധമുള്ള സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. അതിന് സഹകരണ വകുപ്പ് ക്വാട്ട നിശ്ചയിച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും നല്ലകാര്യം നല്ലമനസ്സോടെ ഏറ്റെടുക്കുകയെന്ന നിലപാടാണ് സംഘങ്ങള്‍ സ്വീകരിച്ചത്.

ഇത്രയൊക്കെ ചെയ്തിട്ടും സഹകരണ മേഖലയിലെ ജീവനക്കാരെ എല്ലാ ആനൂകൂല്യത്തിലും പരിധിക്ക് പുറത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ സമീപനമാണ് ഇപ്പോള്‍ എല്ലാവരെയും ആശങ്കയിലാക്കുന്നത്. എല്ലാ പ്രതികൂല സാഹചര്യത്തിലും തുറന്നുപ്രവര്‍ത്തിക്കേണ്ടിവന്ന സഹകണ ജീവനക്കാരില്‍ പലരും കോവിഡിന്റെ പിടിയിലായി. ചിലര്‍ മരണത്തിന് കീഴടങ്ങി. മറ്റു ചിലര്‍് ഗുരുതരാവസ്ഥയിലായി. പൊതുജനങ്ങളില്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് സഹകരണ ജീവനക്കാരും ഏറ്റുവാങ്ങുന്നതെന്ന് പൊതുവേ പറയാം. പക്ഷേ, പ്രതിരോധ ദൗത്യമേറ്റെടുത്തവരാണ് ഈ ഗതിയിലായതെന്നതിനാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നിഷേധിക്കപ്പെടുന്നുവെന്ന പ്രതിഷേധമാണ് ഉയരുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡി ക്ലയീം സഹകരണ ജീവനക്കാര്‍ക്കില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്ന് പോലും സഹകരണ ജീവനക്കാര്‍ പുറത്തായിരുന്നു. ഒരുവര്‍ഷം ലഭിക്കുന്ന 3000രൂപ മെഡിക്കല്‍ അലവന്‍സ് മാത്രമാണ് സഹകരണ സംഘത്തിലെ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ളത്. കോവിഡ് രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ഒരുതാങ്ങു പോലുമല്ല. ആ സഹായം നിക്ഷേപ പിരിവുകാര്‍ക്ക് ബാധകവുമല്ല.

വാക്സിന്‍ വിതരണം ചെയ്യുന്നതിന് മുന്‍ഗണന വിഭാഗക്കാരായി സഹകരണ ജീവനക്കാരെ ഉള്‍പ്പെടുത്തണമെന്ന ന്യായമായ ആവശ്യമാണ് ജീവനക്കാരുടെ സംഘടനകളും സഹകാരികളും ഉയര്‍ത്തുന്നത്. ഇതുവരെ അതിന് അനകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മുന്‍ഗണന പട്ടികയില്‍ ആദ്യ വിഭാഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ 50 വയസിനു മുകളിലുള്ളവരെയും 50 വയസില്‍ താഴെയുള്ള മറ്റ് രോഗബാധിതരുമാണ് ഉള്ളത്.
പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ് മൂന്നാം വിഭാഗം. ഇതില്‍ തുടക്കത്തില്‍ 45 വയസ്സിന് മുകളിലുള്ളവരും, പിന്നീട് 18നും 45നും ഇടയിലുള്ളവരുമാണ്. പൊതുജനങ്ങള്‍ക്കുള്ള പരിഗണനക്കപ്പുറം ഒരു കരുണയും കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ മുന്നണി പോരാളികളായി നില്‍ക്കുന്ന സഹകരണ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News