കയര്‍മേഖലയില്‍ സ്വദേശിവല്‍ക്കരണം; ഇനി സംഘങ്ങള്‍ക്ക് നേരിട്ട് ചകിരിവാങ്ങാനാകില്ല

Deepthi Vipin lal

കയര്‍മേഖലയില്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ചകിരി വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കയര്‍സഹകരണ സംഘങ്ങള്‍ക്ക് നേരിട്ട് ചകരിവാങ്ങുന്നതിനുള്ള അനുമതിയും റദ്ദാക്കി. കയര്‍ഫെഡ് വഴിമാത്രമാണ് ഇനി സഹകരണ സംഘങ്ങള്‍ക്ക് ചകിരി വാങ്ങാനാകുക. കയറുല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍, നിര്‍മ്മാണത്തിനാവശ്യമായ ചകിരി വാങ്ങിയത് കയര്‍ഫെഡ് വഴിയാണെന്ന് കയര്‍ ഇന്‍സ്പെക്ടറുടെ സക്ഷ്യപത്രം വേണമെന്നും സര്‍ക്കാര്‍ വ്യവസ്ഥ കൊണ്ടുവന്നു.

തമിഴ്നാട്ടില്‍ ചകിരിയുടെ വില കുത്തനെ കുറഞ്ഞതാണ് സംസ്ഥാനത്ത് സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ കാരണമായത്. കയര്‍ സംഘങ്ങള്‍ തമിഴ്നാട്ടില്‍ ചകിരി വാങ്ങാന്‍ തുടങ്ങിയത് കേരളത്തിലെ ഡീ ഫൈബര്‍ മില്ലുകളുടെ ചകിരി വില്‍പന പ്രതിസന്ധിയിലായി. ഇതോടെ ചകിരി ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ ചുമതല കയര്‍ഫെഡിന് നല്‍കണമെന്ന് കാണിച്ച് കയര്‍വികസ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ സ്വദേശി വല്‍ക്കരണ ഉത്തരവിറക്കിയത്.

കയര്‍മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് നടപ്പാക്കിയ രണ്ടാം കയര്‍ പുനസംഘടനയുടെ പ്രധാന ലക്ഷ്യം ചകിരി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയെന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സഹകരണ, സ്വകാര്യ മേഖലകളിലായി 119 ഡീഫൈബറിങ് മില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 50 മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് ഡീഫൈബറിങ് മില്ലുകള്‍ സ്ഥാപിച്ചത്.

പ്രതിദിനം എണ്ണായിരം മുതല്‍ 80,000വരെ തൊണ്ട് ചകിരിയാക്കാന്‍ കഴിയുന്നതാണ് ഈ മില്ലുകള്‍. ഈ മില്ലുകളില്‍നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കയര്‍ഫെഡ് ചകിരി സംഭരിച്ച് സഹകരണ സംഘങ്ങള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനിടയില്‍ തമിഴ്നാട്ടില്‍ ചകിരി വില കുറഞ്ഞതോടെ സംഘങ്ങള്‍ കയര്‍ഫെഡില്‍നിന്ന് ചകിരി വാങ്ങുന്നതിന് വിമുഖത കാട്ടിത്തുടങ്ങി. ഇതോടെയാണ് സംഘങ്ങള്‍ പുറത്തുനിന്ന് ചകിരി വാങ്ങുന്ന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

2020 മേയില്‍ ചകിരിയുടെ സംഭരണവും വിതരണവും കയര്‍ഫെഡ് വഴി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് അനുസൃതമായി കയര്‍ഫെഡ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും മൂന്ന് ഗ്രേഡിലുള്ള ചകിരിയുടെ വില നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് കയര്‍സംഘങ്ങള്‍ക്ക് ചകിരി ലഭ്യമാക്കിവരുകയാണ്. ചകിരിയുടെ വര്‍ധിച്ചതോതിലുള്ള ആവശ്യം കണക്കിലെടുത്താണ് 2020 ഒക്ടോബറില്‍ ഓരോ ഗ്രേഡിലുള്ള ചകിരിക്കും കയര്‍ഫെഡ് നിശ്ചയിച്ച വിലയ്ക്ക് ആവശ്യമെങ്കില്‍ സംഘങ്ങള്‍ക്ക് നേരിട്ട് ചകിരിവാങ്ങുന്നതിനും അനുമതി നല്‍കിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കയറുത്പാദന ലക്ഷ്യമായ 40000 ടണ്‍ കൈവരിക്കുന്നതിനായിരുന്നു ഈ ഇളവ്.

എന്നാല്‍, സംസ്ഥാനത്തെ ചകിരി മില്ലുകളെ പ്രതിസന്ധിയിലാക്കി, പുറത്തുനിന്നുള്ള ചകിരി ഉപയോഗിച്ച് ഉല്‍പാദനം കൂട്ടിയിട്ട് കാര്യമില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ നിയന്ത്രണം കൊണ്ടുവന്നത്. സഹരണ സംഘങ്ങള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള പച്ചത്തൊണ്ട് ചകിരിയും ഉണക്കത്തൊണ്ട് ചകിരിയും ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ ചുമതല കയര്‍ഫെഡിന് നല്‍കിയാണ് പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News