ഒളവണ്ണ വനിതാ സഹകരണ കോംപ്ലക്സ് പ്രവർത്തനം തുടങ്ങി
കോഴിക്കോട് ഒളവണ്ണ വനിതാ സൊസൈറ്റിയുടെ വനിതാ സഹകരണ കോംപ്ലക്സ് മേത്താട്ട്താഴത്ത് പ്രവർത്തനം തുടങ്ങി.കോഴിക്കോട് മേയർ ഡോ:ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു.
എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സംഘം ഓഫീസിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർ എൻ.എം. ഷീജ നിർവഹിച്ചു. സ്ത്രീകളുടെ ഇത്തരത്തിലുള്ള ആത്മവിശ്വാസത്തോടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ കാണുമ്പോൾ വളരെയേറെ സന്തോഷമുണ്ടെന്ന് മേയർ പറഞ്ഞു. സംഘം പ്രസിഡൻറ് പി.എൻ. ജലജ അധ്യക്ഷത വഹിച്ചു.
2002- ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിൻറെ മൂന്നാമത്തെ സംരംഭമാണ് സഹകരണ കോംപ്ലക്സ്.നാല് കോടിക്കടുത്താണ് കെട്ടിടത്തിനായി ചിലവഴിച്ചത്. 2017 ലാണ് സഹകരണ കോംപ്ലക്സിന് തറക്കല്ലിട്ടത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം രണ്ടുവർഷം പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയെങ്കിലും പിന്നീട് വളരെ വേഗത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കി. അഞ്ചു നിലയിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സംഘം ഓഫീസും മറ്റു നിലകളിലായി ബ്രില്ല്യൻസ് അക്കാദമിയുടെ വുമൺസ് ഹോസ്റ്റലും പ്രവർത്തിക്കും.
സെക്രട്ടറി എൻ.സജിത റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം ഡയറക്ടർ മിനി സ്വാഗതവും ലത ആനന്ദൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ പി.എം. സുരേഷ് ആശംസയർപ്പിച്ചു.