ഒരിടത്ത് ഒന്നിലധികം സംഘങ്ങള്‍ക്ക് കര്‍ണാടക സഹകരണ നിയമത്തില്‍ വിലക്കില്ല-ഹൈക്കോടതി
ഒരു പ്രദേശത്തു ഒന്നിലധികം സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനെ 1959 ലെ കര്‍ണാടക സഹകരണ സംഘം നിയമം വിലക്കുന്നില്ലെന്നു കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നിടത്തു മറ്റൊരു സംഘത്തിനു അനുമതി കൊടുക്കുന്നതിനുമുമ്പ് വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നു മാത്രമാണു സഹകരണ നിയമത്തില്‍ പറയുന്നതെന്നു കോടതി അഭിപ്രായപ്പെട്ടു.
നിലവിലുള്ള സംഘത്തെക്കൂടാതെ മറ്റൊരു സംഘത്തിനു ഒരേ സ്ഥലത്തു രജിസ്ട്രേഷന് നല്കുന്നതിനു മുമ്പ് അധികൃതര്‍ സഹകരണ സംഘം നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള ഓവര്‍ലാപ്പിങ്, സമാന സംഘങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍കൂടി പരിഗണിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. ബല്ലാരി ജില്ലയിലെ ശ്രീഗുപ്പ താലൂക്കിലെ തെക്കല്കോട്ടെയിലെ പ്രാഥമിക കൃഷി പട്ടിണ സഹകാരി സംഘ നിയമിത എന്ന സംഘത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എം.ഐ. അരുണ്‍ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നു ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ സംഘം പ്രവര്‍ത്തിക്കുന്ന പ്രദേശത്തു സമാനരീതിയിലുള്ള മറ്റൊരു സംഘം തുടങ്ങാന്‍ ഒരു കര്‍ഷകനു അനുമതി നല്‍കിയതിനെയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഒരിടത്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിനു പറയാനുള്ളതു കേള്‍ക്കാതെ മറ്റൊരു പുതിയ സംഘത്തിനു അവിടെ അനുമതി കൊടുക്കുന്നതു ശരിയല്ലെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍, ഒരേ പ്രദേശത്തു ഒന്നിലധികം സംഘങ്ങള്‍ രൂപവത്കരിക്കുന്നതിനു സഹകരണ നിയമത്തില്‍ വിലക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. അതുപോലെ, പുതിയൊരു സംഘത്തിനു അനുമതി നല്കുമ്പോള് നിലവിലുള്ള സംഘത്തിന്റെ വാദം കേള്‍ക്കണ്ട ആവശ്യവുമില്ല. തങ്ങളുടെ പ്രദേശത്തു മറ്റൊരു സംഘത്തിന്റെ ആവശ്യമില്ലെന്നാണു നിലവിലുള്ള സംഘം എപ്പോഴും പറയുക – കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരായ സംഘത്തിനു തങ്ങളുടെ പ്രദേശത്തെ എല്ലാ കര്‍ഷകരുടെയും ആവശ്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും മറ്റൊരു സംഘം കൂടി വരുന്നതു സഹകരണ പ്രസ്ഥാനത്തിനു ഗുണം ചെയ്യുമെന്നും ജനങ്ങള്‍ക്കു സഹായകരമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയതായി കോടതി പറഞ്ഞു.