ഊരള്ളൂര്‍ കാര്‍ഷിക സേവന കേന്ദ്രം ഉയരങ്ങളിലേക്ക്
– സ്റ്റാഫ് പ്രതിനിധി
(2021 മാര്‍ച്ച് ലക്കം)
കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരില്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച കര്‍ഷകത്തൊഴിലാളി ക്ഷേമ സഹകരണ സംഘവും അതിനു കീഴിലുള്ള കാര്‍ഷിക സേവന കേന്ദ്രവും പച്ചക്കറി, ഫലവൃക്ഷത്തൈ വിതരണം ചെയ്തും നാടെങ്ങും കൃഷിപ്പണികള്‍ ചെയ്തുകൊടുത്തും വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.
കുറഞ്ഞ കാലം കൊണ്ട് വിവിധങ്ങളായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കോഴിക്കോട് ഊരള്ളൂരിലെ അരിക്കുളം അഗ്രിക്കള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സൊസൈറ്റിയ്ക്കു കീഴിലെ അഗ്രോ സര്‍വീസ് സെന്ററും. 2012 ഫെബ്രുവരി മൂന്നിനു മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്ത ഈ സഹകരണ സംഘവും മൂന്നു വര്‍ഷത്തിനു ശേഷം തുടങ്ങിയ പന്തലായനി ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്ററും സംയുക്തമായിട്ടാണ് കാര്‍ഷിക മേഖലയില്‍ നിശ്ശബ്ദ വിപ്ലവം തീര്‍ക്കുന്നത് . നടീല്‍ വസ്തുക്കളുടെയും പച്ചക്കറി – ഫലവൃക്ഷത്തൈകളുടെയും വില്‍പ്പനയിലൂടെയും കാര്‍ഷിക സേവന പ്രവര്‍ത്തനങ്ങളിലൂടെയും 2019 – 20 ല്‍ അഗ്രോ സര്‍വീസ് സെന്റര്‍ സമാഹരിച്ചത് ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ്. കൃത്യമായി പറഞ്ഞാല്‍ 1,04,81,761 രൂപ.
കര്‍ഷകരുടെ നാട്
കൃഷിയും കന്നുകാലി വളര്‍ത്തലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിക്കുന്ന ദേശമാണ് കൊയിലാണ്ടി അരിക്കുളം പഞ്ചായത്തിലെ ഊരളളൂര്‍. വിസ്തൃതമായ വെളിയണ്ണൂര്‍ ചല്ലി പാടശേഖരവും അതിനോടു ചേര്‍ന്നു നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളുമൊക്കെയുളള നാട്. കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗം. മിക്ക വീട്ടുകാരും നെല്‍പ്പാടങ്ങള്‍ സ്വന്തമായുളളവര്‍. ഒപ്പം കാലിവളര്‍ത്തലും വാഴ, കപ്പ, പച്ചക്കറി കൃഷികളും. കാര്‍ഷിക സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ ഗ്രാമീണാന്തരീക്ഷം. ഉണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ നഗരത്തിലെത്തിക്കാന്‍ സംവിധാനമില്ലാതെ പ്രാദേശികമായിത്തന്നെ വിപണനം ചെയ്യേണ്ട അവസ്ഥ. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളൊന്നും കടന്നു വരാത്ത നാട്. ഇത്തരമൊരവസ്ഥയിലാണ് കര്‍ഷകര്‍ക്കു പ്രയോജനകരമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവര്‍ക്കു വായ്പകളടക്കമുളള സഹായങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് അരിക്കുളം അഗ്രിക്കള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ – ഓപ്പറേററ്റീവ് സൊസൈറ്റി പിറവിയെടുക്കുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ യഥാര്‍ഥ കര്‍ഷകര്‍ക്കു എത്തിച്ചു നല്‍കുക, പുതു തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക, ആധുനിക കാര്‍ഷികോപകരണങ്ങളുടെ സഹായത്തോടെ യുവതീയുവാക്കള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ പരിശീലനം നല്‍കി കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തുക, ഗ്രാമീണ മേഖലയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുക , അത്യുല്‍പ്പാദന ശേഷിയുളള നടീല്‍ വസ്തുക്കളും തൈകളും വിത്തുകളും ഒപ്പം കീടനാശിനികളും മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുക, ഇടനിലക്കാരുടെ ചൂഷണത്തിനു അറുതി വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സഹകരണ സംഘം രൂപം കൊണ്ടത്.
സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ കാര്‍ഷിക മേഖലയില്‍ വലിയ തോതിലുളള ചലനങ്ങളുണ്ടാക്കാന്‍ സൊസൈറ്റിക്കായിട്ടുണ്ട്. കൃഷി വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ ഗ്രാന്റോടെ രണ്ട് ട്രാക്ടര്‍, ഉഴുതുമറിക്കാന്‍ ഉപയോഗിക്കുന്ന കുബോട്ട, മെതിയന്ത്രം, നടീല്‍ വസ്തുക്കളും വളവും തൈകളും കൊണ്ടു പോകാനായി മിനി ലോറി, തെങ്ങ് കയറ്റ യന്ത്രം എന്നിവയെല്ലാം സൊസൈറ്റി വാങ്ങി. തുടക്കത്തില്‍ നൂറോളം അംഗങ്ങളെ ചേര്‍ത്തു രൂപവത്കരിച്ച സൊസൈറ്റിക്കിപ്പോള്‍ വിവിധ ക്ലാസുകളിലായി മൂവായിരത്തി എഴുനൂറോളം അംഗങ്ങളുണ്ട്. കാര്‍ഷിക മേഖലയുടെ പ്രോത്സാഹനത്തോടൊപ്പം വീട്ടമ്മമാര്‍ക്കു സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുളള സഹായങ്ങളും സൊസൈറ്റി ചെയ്തു കൊടുക്കുന്നുണ്ട്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കു സ്വന്തം കെട്ടിടം പണിയാന്‍ ഊരളളൂര്‍ ടൗണില്‍ ആറ് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്.
2015 ല്‍ സംഘത്തിനു കീഴില്‍ ചെറിയ തോതില്‍ തുടങ്ങിയ അഗ്രോ സര്‍വീസ് സെന്റര്‍ ഇന്നിപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നു പ്രസിഡന്റ് ജെ.എന്‍. പ്രേംഭാസിന്‍ പറഞ്ഞു. അഗ്രോ സര്‍വീസ് സെന്റര്‍, ബയോ ഫാര്‍മസി , നഴ്സറി, കൊയിലാണ്ടിയിലെ ഇക്കോ വെജിറ്റബിള്‍ ഷോപ്പ് എന്നിവ ഈ അഗ്രോ സര്‍വീസ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നിര്‍ദേശിക്കുന്ന നൂതന കൃഷിരീതികള്‍ ഗ്രാമീണ കൃഷിയിടങ്ങളില്‍ നടപ്പാക്കുന്നതില്‍ അഗ്രോ സര്‍വീസ് സെന്റര്‍ തികഞ്ഞ ആത്മാര്‍ഥത കാണിക്കുന്നു. കാര്‍ഷിക മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കു ഡ്രിപ്പ് ഇറിഗേഷന്‍, മഴമറ, പോളിഹൗസ് എന്നിവ സെന്റര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി ഗ്രാമപ്പഞ്ചായത്തുകളിലെയും കൊയിലാണ്ടി നഗരസഭയിലുമുള്ള കര്‍ഷകര്‍ക്കു പച്ചക്കറിത്തൈകളും ഗ്രോ ബാഗുകളും നല്‍കുന്നത് സര്‍വീസ് സെന്റര്‍ വഴിയാണ്.
പച്ചക്കറിത്തൈ വിതരണം വ്യാപകം
കര്‍ഷകര്‍ക്കാവശ്യമായ എല്ലാ പച്ചക്കറിത്തൈകളും അഗ്രോ സര്‍വീസ് സെന്റര്‍ നഴ്സറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചകിരിച്ചോറും മണ്ണും ജൈവവളങ്ങളും ചേര്‍ത്ത് തയാറാക്കുന്ന ഗ്രോബാഗുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 42,716 തൈകളാണ് സെന്റര്‍ ഈ വര്‍ഷം വിതരണം ചെയ്തത്. ജീവനി പദ്ധതി പ്രകാരം 62,000 തൈകളും വിതരണം ചെയ്തു . പേരാമ്പ്ര , കൊടുവള്ളി, വടകര, മേലടി ബ്ലോക്കുകളിലും വയനാട് ജില്ലയിലും പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തിരുന്നു. 45 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ കൃഷി വകുപ്പ് മുഖാന്തരം സര്‍വീസ് സെന്ററിനു ലഭിച്ചിട്ടുണ്ട്. ട്രാക്ടര്‍ , ട്രില്ലര്‍, ഗാര്‍ഡന്‍ ട്രില്ലര്‍, മെതിയന്ത്രം എന്നിവയെല്ലാം സെന്ററിനുണ്ട്. കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിപ്പണി ആവശ്യപ്പെടുന്നവര്‍ക്കു ചെയ്തുകൊടുക്കും.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം പന്തലായനി ബ്ലോക്കിലെ അഞ്ച് കൃഷിഭവന്‍ മുഖാന്തരം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. കാബേജ് , കോളിഫ്ളവര്‍ , വെണ്ട, പയര്‍, മുളക്, തക്കാളി, വഴുതനങ്ങ എന്നിവയുടെ തൈകളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. വളവും മണ്ണും ചേര്‍ത്ത ഗ്രോബാഗുകള്‍ 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. തെങ്ങിന്‍ തൈകള്‍ , കവുങ്ങിന്‍ തൈകള്‍, വിവിധയിനം വാഴക്കന്നുകള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവയും സൊസൈറ്റി വിതരണം ചെയ്യുന്നുണ്ട്. ഇടവിള കൃഷിക്കാവശ്യമായ ഇഞ്ചി, മഞ്ഞള്‍ , ചേന, ചേമ്പ് തുടങ്ങിയവയുടെ വിത്തുകളും സൊസൈറ്റി വിതരണം ചെയ്തിരുന്നു. കുറ്റ്യാടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 120 രൂപയ്ക്കാണ് വില്‍ക്കുന്നത്. കാസര്‍ഗോഡന്‍ ഇനത്തില്‍പ്പെട്ട കവുങ്ങിന്‍ തൈ, പന്നിയൂര്‍ ഇനം കുരുമുളക് തൈകള്‍, വിവിധയിനം ഫലവൃക്ഷത്തൈകള്‍ എന്നിവയും അഗ്രോ സെന്റില്‍ വില്‍പ്പനയ്ക്കുണ്ട്. എല്ലാ വര്‍ഷവും തിരുവാതിര ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കാറുണ്ട്.
അര ഏക്കര്‍ സ്ഥലത്ത് മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ട്. ജൈവ വളം സ്വന്തമായി നിര്‍മിക്കുന്ന യൂനിറ്റും ഇവര്‍ക്കുണ്ട്. അഗ്രോ സര്‍വീസ് സെന്ററിനെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ വിരമിച്ച ഒരു കൃഷി ഓഫീസറെ ഫെസിലിറ്റേറ്ററായി നിയമിച്ചിട്ടുണ്ട്. മണ്‍ചട്ടികളില്‍ മണ്ണു നിറച്ച് തൈ നട്ടു കൊടുക്കുന്ന പദ്ധതിയും ഇവര്‍ക്കുണ്ട്. കൃഷി ഭവനുകള്‍ മുഖേനയാണ് ഇങ്ങനെ പൂച്ചട്ടികള്‍ നല്‍കുന്നത്. വയനാട് വെങ്ങാപ്പളളി വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നാണ് മണ്‍ചട്ടികള്‍ വാങ്ങുന്നത്. വയനാട്ടിലെ സൊസൈറ്റിക്കും നല്ലൊരു വരുമാനമാര്‍ഗമാണിത്.
ജൈവിക രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍്ക്കാനും കര്‍ഷകരില്‍ നിന്നു ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും കൊയിലാണ്ടി ബസ്സ് സ്റ്റാന്റില്‍ ഇക്കോഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുത്താമ്പിയില്‍ വളം ഡിപ്പോയുമുണ്ട്. മെതിയന്ത്രം, തെങ്ങുകയറാനുള്ള യന്ത്രം എന്നിവയെല്ലാം സൊസൈറ്റിയിലുണ്ട്. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അഗ്രോ സെന്റര്‍ ജീവനക്കാര്‍ മണിക്കൂറിനു പ്രതിഫലം കണക്കാക്കി ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് കൃഷിപ്പണികള്‍ ചെയ്തു കൊടുക്കും.
300 എ ക്ലാസടക്കം 3700 അംഗങ്ങള്‍
മുന്നൂറോളം എ ക്ലാസ് അംഗങ്ങളാണ് സംഘത്തിലുള്ളത്. ബി , സി. ക്ലാസുകളില്‍പ്പെടുന്ന 3400 മെമ്പര്‍മാര്‍ വേറേയുമുണ്ട്. സൊസൈറ്റിയില്‍ മൂന്നു സ്ഥിരം ജീവനക്കാരും രണ്ട് ദിവസവേതനക്കാരും നാല് കളക്ഷന്‍ ഏജന്റുമാരുമാണുള്ളത്. അഗ്രോ സെന്ററില്‍ വനിതകള്‍ ഉള്‍പ്പടെ 15 ടെക്നീഷ്യന്‍മാരുണ്ട്.
അഗ്രോ സെന്ററിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നു മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു അഗ്രി നെസ്റ്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും രൂപവല്‍ക്കരിച്ചിട്ടുണ്ട്. 55 സെന്റ് സ്ഥലം ഈ കമ്പനിയ്ക്കായി വാങ്ങിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നാല് ലക്ഷം രൂപ വരെ സൊസൈറ്റി വായ്പയായി നല്‍കുന്നുണ്ട്. എഴുപത്തഞ്ചോളം ഗ്രൂപ്പുകള്‍ക്കു ഇത്തരത്തില്‍ വായ്പ നല്‍കിയിട്ടുണ്ട്.
കോഴിയും കൂടും പദ്ധതി
വീട്ടമ്മമാര്‍ക്കായി സൊസൈറ്റി നടപ്പാക്കിയ കോഴിയും കൂടും പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു. 24 കോഴികളും കൂടും തീറ്റയും നല്‍കുന്ന പദ്ധതിയാണിത്. 22,000 രൂപയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ഈ തുക ഗഡുക്കളായി അടച്ചാല്‍ മതി. സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയുമുണ്ട്. 150 പേര്‍ക്ക് ഇതിനകം ഇത്തരത്തില്‍ വായ്പ നല്‍കി. വനിതകള്‍ക്ക് തയ്യല്‍ മെഷീനും ഗൃഹോപകരണങ്ങളും വാങ്ങാനും വായ്പ നല്‍കിയിരുന്നു.
മത്സ്യക്കൃഷി, മൃഗ സംരക്ഷണ മേഖലകളില്‍ ശ്രദ്ധയൂന്നാനാണ് സൊസൈറ്റിയുടെ അടുത്ത ശ്രമമെന്നു പ്രസിഡന്റ് പ്രേംഭാസിന്‍ പറഞ്ഞു. അഗ്രോ സര്‍വീസ് സെന്ററിന്റെ ഫലവൃക്ഷത്തൈകളുടെ വില്‍പ്പന കേന്ദ്രം മുത്താമ്പിയില്‍ ഉടനെ ആരംഭിക്കും. ഗുണമേന്മയുള്ളതും കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ളതുമായ പച്ചക്കറിത്തൈകളും നടീല്‍ വസ്തുക്കളുമാണ് അഗ്രോ സര്‍വീസ് സെന്റര്‍ വിതരണം ചെയ്യുന്നതെന്ന് ഫെസിലിറ്റേറ്റര്‍ ഇ. ബാലന്‍ പറഞ്ഞു.
അഡ്വ.ആര്‍.എന്‍. രഞ്ജിത്താണ് സംഘത്തിന്റെ വൈസ് പ്രസിഡന്റ്. കെ.എം. അപ്പുനായര്‍, എം. പ്രകാശന്‍, പി. മുഹമ്മദലി, സി. രവീന്ദ്രന്‍, കുഞ്ഞി്ക്കൃഷ്ണന്‍ നായര്‍, എം. രമാദേവി, നാരായണി, പി.എം. ഉഷ എന്നിവര്‍ ഡയരക്ടര്‍മാരാണ്. എം. സുനിലാണ് സെക്രട്ടറി.