ഇൻകം ടാക്സ് – ഇപ്പോഴത്തെ നിലപാട് അതീവ ഗൗരവമുള്ളതാണെന്ന് മുതിർന്ന സഹകാരിയും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായർ.
സഹകരണസംഘങ്ങളിൽ നിന്നും ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് ടാക്സ് ഈടാക്കുന്ന ഇപ്പോഴത്തെ രീതി അതീവ ഗുരുതരവും ഗൗരവമുള്ളതാണെന്ന് മുതിർന്ന സഹകാരിയും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. രണ്ട് രീതിയിലാണ് ഇതിനെ നേരിടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിവേദനം നൽകിയും സമ്മർദ്ദം ചെലുത്തിയും ഒപ്പം ചെറുത്തു തോൽപ്പിച്ചുമാണ് ഇതിനെ നേരിടേണ്ടത്. വിഷയം സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട് എന്നും സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കൂടിയായ അദ്ദേഹം പറഞ്ഞു.
ഈ മാസം 20ന് സഹകാരികളുടെ സംരക്ഷണസമിതി ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കും. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയനിലാണ് സമിതി യോഗം വിളിക്കുന്നത്. സമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടി സഹകാരികളും ഉണ്ട്. ഇതിൽ നിന്നു വരുന്ന ആശയങ്ങളും വികാരങ്ങളും പ്രതിഷേധങ്ങളും എല്ലാം ക്രോഡീകരിച്ച് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.