ഇന്‍കെലിന് സഹകരണ സ്ഥാപനങ്ങളുടെ പദ്ധതി ടെണ്ടറില്ലാതെ ഏറ്റെടുക്കാന്‍ അനുമതി
വ്യവസായ വകുപ്പിന് കീഴിലുള്ള കമ്പനിയായ ഇന്‍കെലിന് സഹകരണ സ്ഥാപനങ്ങളുടെ ജോലികള്‍ ടെണ്ടറില്ലാതെ ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ടെണ്ടറില്ലാതെ പദ്ധതി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
വ്യവസായ വകുപ്പിന് കീഴില്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഇന്‍കെല്‍. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയാണിത്. സൗരോര്‍ജ പദ്ധതികളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് കമ്പനി പ്രധാനമായും ഏറ്റെടുക്കുന്നത്. ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഏജന്‍സിയായി ഇന്‍കെലിനെ നിശ്ചയിച്ചിട്ടുണ്ട്. അനര്‍ട്ടിന്റെ അംഗീകാരവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ടെണ്ടറില്ലാതെ ഏറ്റെടുക്കാവുന്ന അക്രഡിറ്റഡ് ഏജന്‍സിയായി ഇന്‍കെലിനെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ജനുവരി 31നാണ് ഇന്‍കെല്‍ ഇത്തരമൊരു അപേക്ഷ ഇന്‍കെല്‍ ഡയറക്ടര്‍ രജിസ്ട്രാര്‍ക്ക് നല്‍കുന്നത്. ഇത് അംഗീകരിക്കാവുന്നതാണെന്ന ശുപാര്‍ശയോടെ മാര്‍ച്ച് അഞ്ചിന് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇന്‍കെലിന്റെ അപേക്ഷയിലെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള കത്താണ് രജിസ്ട്രാര്‍ നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സപ്റ്റംബര്‍ 14ന് ഇന്‍കെല്‍ സഹകരണ വകുപ്പിന് നിവേദനം നല്‍കി. സഹകരണ സ്ഥാപനങ്ങളില്‍ ഏറ്റെടുക്കാവുന്ന പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഇന്‍കെല്‍ നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ ഉത്തരവിറക്കിയത്.