ഇനി മിഷന് സഹകരണത്തിലേക്ക്
കിരണ്‍ വാസു
ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് മിഷന് പോലുള്ള മിഷനുകള്‍ തുടര്‍ഭരണത്തിലും നിലനിര്‍ത്തുകയാണ്. ഇത്തവണ ഒരു മാറ്റമുണ്ട്. ഈ മിഷനുകളുടെ പ്രവര്‍ത്തന മേഖലയില്‍ സഹകരണ സംഘങ്ങളെക്കൂടി പങ്കാളികളാക്കുകയാണ്. കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിലാണു സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നത്.
വികസന കാഴ്ചപ്പാടിനു പ്രായോഗിക രൂപം നല്കാന് ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നതാണു മിഷനുകള്‍. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ ലൈഫ് മിഷന്, ആരോഗ്യമേഖലയുടെ പരിഷ്കാരത്തിന് ആര്‍ദ്രം, പരിസ്ഥിതി സംരക്ഷണത്തിനു ഹരിത കേരളം, വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിങ്ങനെ നാലു മിഷനുകളാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതു വലിയ മാറ്റമുണ്ടാക്കി. മിഷനുകള്‍ രണ്ടാം പിണറായി സര്‍ക്കാരും തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനുകളുടെ പ്രവര്‍ത്തന മേഖലയിലേക്കു സഹകരണ സംഘങ്ങള്‍ കൂടി എത്തുന്നുവെന്നതാണു പുതിയ മാറ്റം.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കാര്‍ഷിക സംരംഭങ്ങളുടെ വ്യാപനവുമാണ് ഇനി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും തൊഴില്‍സാധ്യതകള്‍ കൂട്ടാനും വേണ്ടത് എന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതു സഹകരണ സംഘങ്ങളിലൂടെ നേടിയെടുക്കാനാണു ശ്രമം. ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഈ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന നയം പ്രഖ്യാപിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പദ്ധതിആസൂത്രണം പ്ലാനിങ് ബോര്‍ഡ് തയാറാക്കുന്നുണ്ട്. കാര്‍ഷിക പദ്ധതികളുടെ നടത്തിപ്പിലും ഗവേഷണത്തിലും സമഗ്രമായ പൊളിച്ചെഴുത്താണു ലക്ഷ്യമിടുന്നത്. കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സഹകരണ സംഘങ്ങള്‍ക്കുകൂടി പങ്കാളിത്തം നല്കുന്നുവെന്നതാണ് ഇതില്‍ പ്രധാനമായും വരുത്തുന്ന മാറ്റം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗണാണു ഭക്ഷ്യസ്വയംപര്യാപ്തത വേണമെന്ന അടിയന്തര ബോധ്യത്തിലേക്കു കേരളത്തെ എത്തിച്ചത്. അതാണ് ‘സുഭിക്ഷകേരളം ‘ പദ്ധതിയുടെ പിറവിക്കു കാരണം. ആ പദ്ധതി ലക്ഷ്യമിട്ടത് ഒരു മിഷന് എന്ന രീതിയില്‍ത്തന്നെ നടപ്പാക്കുകയായിരിക്കും പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം. സ്വാശ്രയ – സഹകരണ സംഘങ്ങളിലൂടെ കൃഷിവ്യാപനവും സഹകരണ സംഘങ്ങളിലൂടെ സംസ്കരണ – വിപണന സംവിധാനവും കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉറപ്പുവരുത്തുന്നതാണു പുതിയ രീതി.
സഹകരണ മേഖലയുടെ പ്രസക്തി
കേരളത്തിന്റെ പൊതുവേയും ഗ്രാമീണ മേഖലയുടെ പ്രത്യേകിച്ചും വികസനത്തിനും ജനങ്ങളുടെ ജീവിതോപാധി കൂട്ടുന്നതിനും സഹകരണ സംഘങ്ങളുടെ പങ്ക് വലുതാണെന്നു ആസൂത്രണ ബോര്‍ഡ് തയാറാക്കിയ വികസന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നോക്കാവസ്ഥയിലുള്ള ഗ്രാമീണ മേഖലക്ക് ഉണര്‍വും ഉത്തേജനവും നല്കുന്നതില് സഹകരണ സംഘങ്ങള്ക്കുള്ളതു ചരിത്രപരമായ പങ്കാണെന്നു 13-ാം പഞ്ചവത്സര പദ്ധതി രേഖയിലും പറയുന്നുണ്ട്. ഈ കാഴ്ചപ്പാടാണു കേരളത്തിന്റെ കാര്‍ഷിക – ഉപജീവന മുന്നേറ്റം സഹകരണ മേഖലയിലൂടെ എന്ന നയം നിശ്ചയിക്കാന്‍ സര്‍ക്കാരിനു പ്രേരണയായത്.
ക്രെഡിറ്റ്, മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍, സ്കൂള്‍ – കോളേജ്, പ്രൊസസിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 15,761 സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. ഇവക്കു പുറമെ, 604 ഖാദി ആന്‍ഡ് വില്ലേജ് സംഘങ്ങള്‍, 1190 കയര്‍ സംഘങ്ങള്‍, 611 കൈത്തറി സംഘങ്ങള്‍, 3284 ക്ഷീരസംഘങ്ങള്‍, 394 ഇന്‍ഡസ്ട്രിയല്‍ സംഘങ്ങള്‍, 749 ഫിഷറീസ് സംഘങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ മേഖലയുടെ സഹകരണ മുഖങ്ങളാണ്. ഇവയെയെല്ലാം പങ്കാളിയാക്കുന്ന പദ്ധതിയുണ്ടാകുമ്പോള്‍ അത് എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതാവസ്ഥയില്‍ മാറ്റമുണ്ടാക്കുമെന്നാണു കണക്കാക്കുന്നത്.
‘ സഹകരണ സൗഹൃദത്വം ‘ എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കാന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. നബാര്‍ഡ് സഹായം, മറ്റു കേന്ദ്ര – സംസ്ഥാന പദ്ധതികള്‍ എന്നിവ ഉപയോഗപ്പെടുത്തി കൃഷിക്കാവശ്യമായ പണം സഹകരണ സംഘങ്ങളിലൂടെ എത്തിക്കുകയെന്ന നിര്‍ദേശമാണ് ആസൂത്രണ ബോര്‍ഡ് മുന്നോട്ടുവെക്കുന്നത്. ഇതായിരുന്നു സുഭിക്ഷ കേരളത്തിന്റെയും അന്തസ്സത്ത. സുഭിക്ഷ കേരളം ഒരു തുടക്കമായിരുന്നെങ്കില്‍ ഈ സര്‍ക്കാരില്‍ അതൊരു മിഷനാ ( ദൗത്യം ) യി ഏറ്റെടുക്കണമെന്ന ശുപാര്‍ശയാണ് ആസൂത്രണ ബോര്‍ഡിന്റേത്. അതു സര്‍ക്കാര്‍ അംഗീകരിച്ചുവെന്നതിന്റെ സൂചന ആദ്യ മന്ത്രിസഭായോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സംഘങ്ങളുടെ ഒന്നിപ്പിക്കല്‍
സാങ്കേതിക സംവിധാനത്തിലൂടെ സഹകരണ സംഘങ്ങളൂടെ ഒന്നിപ്പിക്കല്‍ സാധ്യമാക്കുമ്പോഴാണു സഹകരണ സൗഹൃദത്വം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനാവുക എന്ന നിര്‍ദേശമാണ് ആസൂത്രണ ബോര്‍ഡ് മുന്നോട്ടു വെച്ചിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ള ഐ.ടി. ഇന്റഗ്രേഷന്‍ നടക്കണം. ഇതിനൊപ്പം, ഉല്‍പ്പാദന, വിപണന, വിതരണ സംവിധാനങ്ങളിലും സാങ്കേതിക ഏകോപനം സാധ്യമാക്കണം. സര്‍ക്കാരിനു കീഴിലെ കേരള ഡവലപ്മെന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍ ( കേ-ഡിസ്ക് ) ഇത്തരമൊരു ക്രമീകരണത്തിനു ചുക്കാന്‍ പിടിക്കണമെന്ന നിര്‍ദേശവും സര്ക്കാര്തലത്തിലുണ്ട്.
സഹകരണ സംഘങ്ങളിലൂടെ ഉപയൂണിറ്റുകള്‍ തുടങ്ങുകയെന്നതാണു മറ്റൊരു ലക്ഷ്യം. കര്‍ഷകര്‍ക്കു വിത്തിടാനും നിലമൊരുക്കാനും വായ്പാ സംഘങ്ങള്‍ പണം നല്‍കുക, അതിലുണ്ടാകുന്ന വിളകള്‍ ഇടത്തട്ടുകാരന്റെ ചൂഷണമൊഴിവാക്കി സംഘങ്ങള്‍ സംഭരിക്കുക, ഇതു സംസ്കരണ യൂണിറ്റിലേക്ക് എത്തിക്കാനുള്ള ഗതാഗത സംവിധാനം സംഘങ്ങള്‍ ഒരുക്കുക, സംസ്കരണ – മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ സഹകരണ സംഘങ്ങളിലൂടെ തുടങ്ങുക, ഈ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്തു മാര്‍ക്കറ്റിങ് സംഘങ്ങളിലൂടെ വിപണിയിലെത്തിക്കുക, സഹകരണ – കണ്‍സ്യൂമര്‍ ശൃംഖലയിലൂടെ അവയ്ക്കു വിപണി ഉറപ്പാക്കുക – ഇതാണു പുതിയ പദ്ധതിരേഖയുടെ ചുരുക്കം. ഇതിന് ഏതൊക്കെ മേഖലയിലാണോ ഉപയൂണിറ്റുകള്‍ കുറവുള്ളത് അവിടെ സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന്, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലൂടെ ഉപയൂണിറ്റുകള്‍ രൂപവത്കരിക്കാനാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന മിഷനായി ഇതു മാറുന്നതും.
നയം വ്യക്തമാക്കി സര്‍ക്കാര്‍
എന്താണു പുതിയ സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിങ്ങനെയാണ് : അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തു അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യും. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ അവരെ ദാരിദ്ര്യരേഖക്കു മുകളില്‍ കൊണ്ടുവരും. അഞ്ചു വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പ്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെത്തന്നെ വികസിത രാഷ്ട്രങ്ങള്‍ക്കു സമാനമാക്കുക എന്നതാണു ലക്ഷ്യം. നാടിന്റെ വികസനം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുക എന്നതിന് ഊന്നല്‍ നല്‍കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുക. കാര്‍ഷിക മേഖലയില്‍ ‘ഉല്‍പ്പാദനക്ഷമത, ലാഭസാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പാക്കും. ഓരോ വിളയുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യം നിശ്ചയിക്കും. അഞ്ചു വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉല്‍പ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്. കൃഷി, ജലസേചന വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ശാസ്ത്രീയ കൃഷിരീതികള്‍ ഏറ്റെടുക്കുന്നതിനു പദ്ധതി തയാറാക്കും. മൂല്യവര്‍ധനവിലും മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷ്യ, സംസ്കരണ വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിനു വ്യവസായശാലകളുടെ ശ്രേണിയൊരുക്കും. റബ്ബറിന്റെയും മറ്റും മൂല്യവര്ധനക്കു പോളിമര്‍ സയന്‍സും ടെക്നോളജിയും അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം രൂപവത്കരിക്കും.
ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച് ആസൂത്രണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക തണ്ണീര്‍ത്തടങ്ങളെ മെച്ചപ്പെടുത്തും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ അതു സംഭരിക്കാന്‍ വലിയ ജലസംഭരണികള്‍ ഒരുക്കുന്നതു പരിഗണിക്കും. ഇതു വേനല്‍ക്കാലത്തെ ജലസേചനവും കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തും. കൃഷിയുമായി ബന്ധപ്പെട്ട വകുപ്പുതല അനുബന്ധ സംവിധാനങ്ങള്‍ പരിഷ്കരിക്കും. കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി കൃഷിക്കാര്‍ക്കു ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കാര്‍ഷിക സര്‍വകലാശാലയുടെയും ബന്ധപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും ശേഷി പൂര്‍ണമായും വിനിയോഗിക്കും.
2025 ആകുമ്പോഴേക്കും പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മാംസം, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് വളര്‍ച്ച കൈവരിക്കണമെന്ന ലക്ഷ്യത്തോടെ മിഷന് മോഡില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഉള്‍നാടന്‍ മത്സ്യക്കൃഷിയുടെ ഉല്‍പ്പാദനത്തിലും വിസ്തീര്‍ണത്തിലും കൃത്യമായ ലക്ഷ്യംവച്ച് ഇടപെടും.
കൃഷിക്കു വഴിയൊരുക്കല്
കാര്‍ഷിക മേഖലയിലെ പരിഷ്കാരമാണു പ്രഥമ പരിഗണന എന്നതു വ്യക്തമാക്കുകയും അതിലേക്കുള്ള വഴി ഏതെന്നു നിശ്ചയിക്കുകയും ചെയ്താണ് ഈ സര്‍ക്കാരിന്റെ തുടക്കം. അതില്‍ സഹകരണ സംഘങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. പ്രാദേശികമായി ഓരോ സ്ഥലത്തും കൃഷിക്കുള്ള വഴിയൊരുക്കേണ്ടതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാകും. കര്‍ഷക കൂട്ടായ്മകള്‍ ഇതിനുവേണ്ടി രൂപവത്കരിക്കാം. അത്തരം കൂട്ടായ്മകള്‍ക്കു സാമ്പത്തിക സഹായമൊരുക്കുകയാണു സഹകരണ സംഘങ്ങളുടെ ചുമതല. ഈ സാമ്പത്തിക സഹായവും സര്‍ക്കാര്‍ പദ്ധതികളും സമന്വയിപ്പിച്ച് കൃഷിയും ഉല്‍പ്പാദനവും കൂട്ടാനുള്ള ദൗത്യം കൃഷിവകുപ്പിനായിരിക്കും. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ കാര്‍ഷികോല്‍പ്പന്ന, സംസ്കരണ രംഗത്തു തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ചുമതല വ്യവസായ വകുപ്പിനാണ്. അതിനുള്ള നടപടി ആദ്യ മന്ത്രിസഭാ യോഗംതന്നെ എടുത്തിട്ടുണ്ട്.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്നതാണു സര്‍ക്കാര്‍ തീരുമാനം. ഇതിനായി പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നാലു വിഭാഗമായി കാര്‍ഷിക പദ്ധതികള്‍
നെല്ല്, പ്രാദേശിക പ്രാധാന്യമുള്ള വിളകള്‍, പച്ചക്കറി, കിഴങ്ങ് – പയര്‍വര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചുള്ള പദ്ധതികളാണു കാര്‍ഷിക മേഖലയില്‍ നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന്, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയിലൂടെ പദ്ധതി നിര്‍വഹണം സാധ്യമാക്കുകയാണു ലക്ഷ്യം. ഈ പദ്ധതികള്‍ക്കു നബാര്‍ഡ് സഹായം ലഭ്യമാക്കാന്‍ പാകത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തും. ഈ രീതി സഹകരണ സംഘങ്ങള്‍ക്കു വായ്പയുടെ തോതു കൂട്ടാനാകുമെന്നാണു കണക്കാക്കുന്നത്. വായ്പകള്‍ക്കു തിരിച്ചടവും കര്‍ഷകര്‍ക്കു വരുമാനവും ഉറപ്പാക്കുന്നതിനു സംസ്കരണവും വിപണനവും കാര്യക്ഷമമാക്കേണ്ടതുണ്ട്. കൂടുതല്‍ ശ്രദ്ധയും അതിനനുസരിച്ചുള്ള പദ്ധതിയും ഇക്കാര്യത്തില്‍ വേണമെന്ന ശുപാര്‍ശയാണ് ആസൂത്രണ ബോര്‍ഡ് നല്‍കിയിട്ടുള്ളത്.
കൂട്ടുകൃഷിക്ക് പ്രാധാന്യം
വ്യക്തിഗത കൃഷിരീതിയേക്കാള്‍ കൂട്ടുകൃഷിയാണു ലാഭകരം എന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. സഹകരണ സംഘങ്ങള്‍ക്കു സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് ഇതിലേക്കിറങ്ങാം. പാടശേഖരസമിതികള്ക്കു സഹായം നല്‍കാം. നബാര്‍ഡ് നേരിട്ട് രൂപവത്കരിച്ച ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനെ പങ്കാളിയാക്കാം. പദ്ധതികളുടെ സ്വഭാവവും സാധ്യതയുമനുസരിച്ച് വിവിധ സ്കീമുകളിലുള്‍പ്പെടുത്തി സഹായം ലഭ്യമാക്കുകയാണു ചെയ്യുക. പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്നതു കൃഷിവകുപ്പായിരിക്കും. സംസ്ഥാന ബജറ്റില്‍ നീക്കിവെക്കുന്ന തുക കേന്ദ്രാവിഷ്കൃത പദ്ധതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് ഇതിനായി ഉപയോഗപ്പെടുത്തും. പച്ചക്കറിക്കൃഷിയില്‍ ഹരിതകേരള മിഷന്റെ സഹായം ഉറപ്പുവരുത്തും. ഇതിന്റെയെല്ലാം നിര്‍വഹണം സഹകരണ സംഘങ്ങള്‍ക്കു ഏറ്റെടുക്കാം.
വകുപ്പുകളുടെയും പദ്ധതികളുടെയും അതിര്‍വരമ്പുകളില്‍ കുടുങ്ങി കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സംയോജിത പദ്ധതികളും സ്വാശ്രയ പരീക്ഷണവും ആസൂത്രണബോര്‍ഡ് നിര്‍ദേശിക്കുന്നത്. കേരളത്തിലെ ഒട്ടേറെ സഹകരണ സംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു കൃഷിക്കു ലഭിക്കുന്ന എല്ലാ സഹായവും ഉറപ്പാക്കുകയും ഈ സംഘങ്ങള്‍വഴി കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടാക്കുകയുമാണു ലക്ഷ്യം. സഹകരണ സംഘങ്ങള്‍തന്നെ വായ്പ ഉറപ്പാക്കുന്നതിനാല്‍ സര്‍ക്കാരിനു ബാധ്യതയുമില്ല. സബ്സിഡി, പദ്ധതിവിഹിതം എന്നിവയെല്ലാം സംഘങ്ങള്‍ക്കു സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ കാര്‍ഷിക രംഗത്തു വലിയ വിപ്ലവമുണ്ടാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
സഹകരണ പങ്കാളിത്ത വികസനമെന്ന കാഴ്ചപ്പാട് സര്‍ക്കാരിനു സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ലക്ഷ്യത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. കര്‍ഷകരിലും താഴ്ന്ന വരുമാനവും ക്ലേശകരമായ ജീവിത ചുറ്റുപാടുമുള്ളവരിലും മാറ്റമുണ്ടാക്കാനാവുന്ന പരിഷ്കാരത്തിന് ഏറ്റവും നല്ല നിര്‍വഹണ മാധ്യമമാണു സഹകരണ സംഘങ്ങള്‍. സാധാരണക്കാരുമായി ഏറ്റവും അടുത്തുനില്ക്കുന്ന ധനകാര്യസ്ഥാപനവും അവരുടെ ഉന്നമനത്തിനു വേണ്ടി പിറവികൊണ്ട ജനകീയ സ്ഥാപനവുമാണ് അവ എന്നതാണ് ഇതിനു കാരണം.