ആർ.സി.ഇ.പി.കരാർ – ക്ഷീരമേഖലയെ ഒഴിവാക്കാൻ ധാരണ.

adminmoonam

 

ആർ.സി.ഇ.പി സ്വതന്ത്രവ്യാപാര ഉടമ്പടിയിൽ നിന്ന് ക്ഷീരമേഖലയെ ഒഴിവാക്കാൻ തത്വത്തിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന ഉന്നതതല ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.ഇന്ന്  ബാങ്കോക്കിൽ നടക്കുന്ന മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും.
ഗുജറാത്തിലെ ക്ഷീരസഹകരണ പ്രസ്ഥാനമായ അമുൽ, കേരളത്തിലെ മിൽമ ഉൾപ്പെടെ ക്ഷീരമേഖലയിലെ സ്ഥാപനങ്ങളും വ്യവസായങ്ങളും ക്ഷീരോൽപാദന ഇറക്കുമതി ഉദാരമാക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് കരാറിൽനിന്ന് ക്ഷീരമേഖല ഒഴിവാക്കാൻ തീരുമാനിച്ചത്. ആർ.എസ്.എസ് പ്രസ്ഥാനമായ സ്വദേശി ജാഗരൺ മഞ്ചിന്റെ നിലപാടും ക്ഷീരമേഖലയെ ഒഴിവാക്കാൻ അനുകൂലമായി.

ക്ഷീര മേഖല ഒഴിവാക്കിയും ചൈനീസ് ഇറക്കുമതിക്കെതിരെ കരുതൽ സ്വീകരിച്ചും കരാറിൽ ഏർപ്പെടാം എന്നാണ് കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനം. കരാറിനെ വിശദാംശങ്ങൾ സംബന്ധിച്ച് കഴിഞ്ഞാഴ്ച വിവിധ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ചില മന്ത്രിമാർ കരാറിൽ ഏർപ്പെടുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായം ഉന്നയിച്ചെങ്കിലും സമവായം ഉണ്ടാക്കുന്നതിന് അമിത്ഷാ നേതൃത്വം നൽകി. തുടർന്ന് പൂർവേഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം വിപുലപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കേണ്ട സാഹചര്യമില്ലെന്ന് ഒടുവിൽ തീരുമാനിച്ചു.

തെക്കുകിഴക്കനേഷ്യയിലെ 10 രാജ്യങ്ങളുടെ സംഘടനയായ ആസിയാനും ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഓസ്ട്രേലിയയും ന്യൂസിലൻഡ് ഇന്ത്യയും ഉൾപ്പെട്ട വാണിജ്യ സഖ്യമാണ് ആർ സി ഇ പി. ഇന്ത്യ ഇതിൽ ചേർന്നതോടെ മറ്റ് 15 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കു തിരുവ ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യണം. തുടക്കത്തിൽ തന്നെ ചൈനയിൽനിന്നുള്ളവയിൽ 28% സാധനങ്ങൾക്ക് തീരുവ ഇല്ലാതാക്കണം. 20 വർഷം കൊണ്ട് ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനവും തീരുവ ഇല്ലാത്തതോ തീരുവ കുറഞ്ഞതോ ആകണം. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയിൽ 86 ശതമാനവും ആസിയാൻ രാജ്യങ്ങളിലെയും ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും നിന്നുള്ളവയിൽ 90 ശതമാനത്തിനും തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.

ഇന്നുമുതൽ ബാങ്കോക്കിൽ നടക്കുന്ന ചർച്ച ഈ രീതിയിൽ തീരുമാനമെടുത്താൽ അടുത്ത മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ കരാർ പ്രഖ്യാപനം ഉണ്ടാകാനിടയുണ്ട്. ആർ.സി.ഇ
പി കരാറിൽ നിന്നും ക്ഷീരമേഖലയെ ഒഴിവാക്കുന്നു എന്ന വാർത്ത വളരെ സന്തോഷം നൽകുന്നതാണെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News