സഹകരണകോഴ്‌സുകളുടെ സര്‍വകലാശാലാ അംഗീകാരത്തിനു ശ്രമിക്കണമെന്നു ശുപാര്‍ശ
സഹകരണകോഴ്‌സുകളുടെ സര്‍വകലാശാഅംഗീകാരപ്രശ്‌നം ഉദ്യോഗസ്ഥഭരണപരിഷ്‌കാരവകുപ്പു തയ്യാറാക്കിയ പ്രവൃത്തിപഠനറിപ്പോര്‍ട്ടിലും. സഹകരണകോഴ്‌സുകള്‍ക്കു സര്‍വകലാശാലഅഫിലിയേഷന്‍ ലഭ്യമാക്കുന്നതു സ്വീകാര്യത വര്‍ധിപ്പിക്കാന്‍ നല്ലതല്ലേ എന്നു പരിശോധിക്കണമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.
ദേശീയതലത്തില്‍ ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കി ത്രിഭുവന്‍ ദേശീയസഹകരണസര്‍വകലാശാല (ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി) കേന്ദ്രസഹകരണമന്ത്രാലയം രൂപവല്‍കരിക്കുകയും ഏതാനും തുടര്‍നടപടികള്‍ എടുക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്താകട്ടെ സഹകരണസര്‍വകലാശാല രൂപവല്‍കരിക്കണമെന്ന നിര്‍ദേശം നേരത്തേതന്നെ സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍ അടക്കമുള്ളവരില്‍നിന്ന് ഉയര്‍ന്നുവരികയും ഇപ്പോഴത്തെ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ജി. സുധാകരന്‍ സഹകരണമന്ത്രിയായിരിക്കെ സഹകരണസര്‍വകലാശാലാനിര്‍ദേശം നിയമസഭയില്‍ അവതരിപ്പിക്കുകയും മന്ത്രി നിര്‍ദേശിച്ച സമിതി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഈയിടെ സഹകരണവകുപ്പിന്റെ പത്തുവര്‍ഷകര്‍മപദ്ധതികളുടെ പരിഗണനയിലും സഹകരണസര്‍വകലാശാലാവിഷയം ഉണ്ട്. നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍മൂലം കേന്ദ്രസഹകരണസര്‍വകലാശാലയുടെ ഭാഗമാകാന്‍ കേരളസര്‍ക്കാരിനു താല്‍പര്യമുണ്ടാവില്ല.
എന്നാല്‍, നിലവിലുള്ള ജെ.ഡി.സി, എച്ച്.ഡി.സി കോഴ്‌സുകള്‍ക്കു സംസ്ഥാനത്തിനു പുറത്തു അംഗീകാരമില്ലാത്ത പ്രശ്‌നം ചൂണ്ടിക്കാട്ടി് സര്‍വകലാശാലഅഫിലിയേഷന്റെ പ്രശ്‌നം ഭരണപരിഷ്‌കാരക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കടന്നുവന്നിട്ടുണ്ട്. ഈ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കാന്‍ അഞ്ചുകൊല്ലംകൂടുമ്പോള്‍ സമിതിയെ നിയോഗിക്കുകയും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിലബസില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന കാര്യം റിപ്പോര്‍ട്ടിലുണ്ട്. അംഗീകൃതസര്‍വകലാശാലകളില്‍നിന്നു സഹകരണവിഷയത്തോടുകൂടിയ ബി.കോമിനു തുല്യമായി കേരളത്തില്‍ അംഗീകരിച്ചിട്ടുള്ളതാണു സംസ്ഥാനസഹകരണയൂണിയന്‍ നടത്തുന്ന ജെ.ഡി.സി, എച്ച്.ഡി.സി. കോഴ്‌സുകള്‍. പക്ഷേ, സംസ്ഥാനത്തിനുപുറത്ത് ഇവയ്‌ക്ക് അംഗീകാരമുള്ളതായി കാണുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഏതെങ്കിലും സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്‌ത് ജെ.ഡി.സി, എച്ച്.ഡി.സി കോഴ്‌സുകള്‍ നടത്തുന്നതു കോഴ്‌സുകളുടെ പൊതുസ്വീകാര്യത കൂട്ടാന്‍ സഹായകമാകുമോ എന്നു പരിശോധിക്കണമെന്നു ഭരണപരിഷ്‌കാരക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഈ ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ ഒന്നുകില്‍ ഈ കോഴ്‌സുകളെ ദേശീയസഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റു ചെയ്യാന്‍ നടപടി എടുക്കേണ്ടിവരും. അല്ലെങ്കില്‍ സംസ്ഥാനം സഹകരണസര്‍വകലാശാല രൂപവല്‍കരിച്ച് ആ സര്‍വകലാശാലയോട് ഇൗ കോഴ്‌സുകള്‍ അഫിലിയേറ്റ് ചെയ്യേണ്ടിവരും.
2025 ഫെബ്രുവരിയിലാണു ത്രിഭുവന്‍ സഹകരണസര്‍വകലാശാലാബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ, പുണെയിലെ വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടിലെ (വാംനികോം) കോഴ്‌സുകള്‍ മാത്രമാണു നിലവില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ളത്. ഇര്‍മയില്‍ നേരത്തേയുണ്ടായിരുന്ന നാലു മാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലമാ കോഴ്‌സുകള്‍ എംബിഎ കോഴ്‌സുകളാക്കി വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ എംബിഎ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതിയായി നിശ്ചയിച്ചത് കഴിഞ്ഞവര്‍ ഡിസംബര്‍ 26 ആയിരുന്നു. പിന്നീടത് ജനുവരി 10വരെയും തുടര്‍ന്നു ജനുവരി 19വരെയും നീട്ടി. സര്‍വകലാശല പ്രതീക്ഷിക്കുന്നത്ര യോഗ്യരായ അപേക്ഷകരെ കിട്ടാത്തതുകൊണ്ടാവാം ഇത്. എന്തായാലും മറ്റിടങ്ങളിലെ സഹകരണകോഴ്‌സുകളുടെ അഫിലിയേഷന്‍ കാര്യത്തില്‍ ത്രിഭുവന്‍ സഹകരണസര്‍വകലാശാലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കേരളത്തില്‍ സഹകരണസര്‍വകലാശാലയുടെ രൂപവല്‍കരണകാര്യമാകട്ടെ നിയമസഭാതിരഞ്ഞെടുപ്പു കഴിഞ്ഞു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രമേ നടപടികള്‍ ഉണ്ടാകാനിടയുള്ളൂ.
സഹകരണവിജിലന്‍സ് ശക്തമാക്കാന്‍ വകുപ്പ് പുന:സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥഭരണപരിഷ്‌കാരവകുപ്പ് അടിയന്തരമായ പ്രവൃത്തിപഠനം നടത്തണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആര്‍ബിട്രേഷന്‍കകോടതിയില്‍ വേണ്ടത്രജീവനക്കാരെ നിയമിക്കുന്നതുസംബന്ധിച്ചും സംഘം പഠനം നടത്തി. പുതിയ തസ്‌തികകള്‍ സൃഷ്ടിക്കുന്നതും പുനര്‍വിന്യസിക്കുന്നതും ഓഡിറ്റ്, വിജിലന്‍സ് വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചു നിരവധി ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. അവയില്‍ താഴെ പറയുന്നവയും ഉള്‍പ്പെടുന്നു.
- സഹകരണരജിസ്‌ട്രാര്‍ഓഫീസിലെ സി.പി.സെക്ഷനില്‍ ഒരു ഇന്‍സ്‌പെക്ടര്‍ തസ്‌തികകൂടി സൃഷ്‌ഠിച്ച് അവിടത്തെ ഇന്‍സ്‌പെക്ടര്‍ കേഡര്‍സ്‌ട്രെങ്‌ത് 7 ആക്കുക.
- ക്രെഡിറ്റ് ബാങ്കിങ് സെക്ഷനില്‍ ഒരു ഇന്‍സ്‌പെക്ടര്‍ തസ്‌തികകൂടി അനുവദിക്കുകയും സിബി2 വിഭാഗത്തിന്റെ ചുമതലകൂടി ഇന്‍സ്‌പെക്ടര്‍ക്കു നല്‍കുകയും ചെയ്യുക.
- ക്രെഡിറ്റ് ആന്റ് ലോണ്‍ ടേം വിഭാഗത്തില്‍ ഒരു ക്ലര്‍ക്ക് തസ്‌തികകൂടി അനുവദിക്കുക.
- സഹകരണരജിസ്‌ട്രാര്‍ ഓഫീസിലെ സിഎസ്‌ആന്റ്‌എച്ച് വി സെക്ഷനില്‍ ക്ലര്‍ക്ക് സേവനമനുഷ്‌ഠിക്കുന്ന എച്ച് വി 2 സീറ്റിന്റെ ചുമതലകൂടി ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലുള്ളവര്‍ക്കു കൊടുക്കുക.
- ഇഎം സെക്ഷനില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു പകരം ക്ലര്‍ക്കുമാര്‍ക്കു സീറ്റുകളുടെ ചുമതല നല്‍കി ജോലി ക്രമീകരിക്കുക.
- എസ്.സി.റ്റി ആന്റ് പി.റ്റി വിഭാഗത്തില്‍ പി.റ്റി. 3 സീറ്റു കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കിനെ സെക്ഷനില്‍നിന്നു പുനര്‍വിന്യസിക്കുകയും എസ്.സി.റ്റി 1 സീറ്റിലെ ജോലിക്കു ക്ലര്‍ക്കിനുപകരം ഒരു ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തുകയും ചെയ്യുക
- ഇ.ബി. സെക്ഷനില്‍ ഒരു ക്ലരിക്കല്‍ തസ്‌തികകൂടി അനുവദിക്കുകയും ഇ.ബി1, ഇ.ബി.2,ഇ.ബി3,ഇ.ബി5 സീറ്റുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍സ്‌പക്ടര്‍മാര്‍ക്കു പകരം ക്ലര്‍ക്കുമാരെ നിയമിക്കുകയും ചെയ്യുക.
- ഇ.എ. സെക്ഷനില്‍ ഒരു ക്ലര്‍ക്ക് തസ്‌തികകൂടി അനുവദിക്കുകയും ഇ.എ1, ഇ.എ.2, ഇ.എ.6 സീറ്റുകളുടെ ചുമതലകൂടി ക്ലര്‍ക്കുമാര്‍ക്കു നല്‍കുകയും ചെയ്യുക.
- ജനറല്‍ സെക്ഷനില്‍ ഒരു ക്ലര്‍ക്ക് തസ്‌തികകൂടി അനുവദിക്കുക.
- സഹകരണരജിസ്‌ട്രാര്‍ഓഫീസിലെ അക്കൗണ്ടസ് സെക്ഷനില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതല വഹിക്കുന്ന എ1, എ2, എ4, എ7 സീറ്റുകള്‍കൂടി ക്ലര്‍ക്കുമാര്‍ക്കു നല്‍കുക.
- പിആന്റ്‌എം (ബി) സെക്ഷനില്‍ ക്ലര്‍ക്ക് ചുമതല വഹിക്കുന്ന പിആന്റ്‌എം(ബി1) സീറ്റ് സെക്ഷനില്‍നിന്നു പുനര്‍വിന്യസിക്കുകയും പിആന്റ് എം (ബി2), പി ആന്റ് എം (ബി4) സീറ്റുകളില്‍ ക്ലര്‍ക്കുമാര്‍ക്കുപകരം ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ചുമതല നല്‍കുകയും ചെയ്യുക.
- ഐസിഡിപി സെക്ഷനില്‍ ആകെയുള്ള ഒരു ഇന്‍സ്‌പെക്ടറെയും ജോലികളെയും പിആന്റ് എം (ബി) സെക്ഷന്റെ ഭാഗമാക്കി ഫയല്‍ റൂട്ടിങ് തുരുക.
- ഐ.റ്റി സെക്ഷനില്‍ നാല് ഇന്‍സ്‌പെക്ടര്‍ തസ്‌തികകൂടി അനുവദിച്ചു കേഡര്‍ സ്‌ട്രെങ്‌ത് അഞ്ച് ഇന്‍സ്‌പെക്ടര്‍ തസ്‌തികകളാക്കുക.
- സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ നിയമബിരുദധാരികളായ ഇന്‍സ്‌പക്ടര്‍മാര്‍ക്കു മുന്‍ഗണന നല്‍കി രണ്ടുകോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു ലോ സെക്ഷന്‍ രൂപവല്‍കരിക്കുകയും സെക്ഷനില്‍നിന്നു ലോ ഓഫീസറിലേക്കും അവിടെനിന്നു രജിസ്‌ട്രാര്‍ക്കും എന്ന രീതിയിലുള്ള ഫയല്‍ റൂട്ടിങ് തുടരുകയും ചെയ്യുക.
- ഫിനാന്‍സ് സെക്ഷനില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതല വഹിക്കുന്ന എഫ്1, എഫ്2, എഫ്3, എഫ് 5 സീറ്റുകളില്‍ ചുമതല ക്ലര്‍ക്കുമാര്‍ക്കു കൊടുക്കുക.
- തപാല്‍ സെക്ഷനില്‍ ക്ലര്‍ക്കുമാര്‍ ആറില്‍നിന്നു രണ്ടാക്കുക.
- സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസില്‍ വിവിധ സെക്ഷനുകളില്‍നിന്നു അഞ്ച് ഇന്‍സ്‌പെക്ടര്‍ തസ്‌തികകള്‍ പുനര്‍വിന്യസിക്കുകയും അഞ്ചു ക്ലര്‍ക്ക് തസ്‌തികകള്‍ കൂടുതല്‍ സൃഷ്ടിക്കുകയും ചെയ്യുക.
- സഹകരണരജിസ്‌ട്രാര്‍ഓഫീസില്‍ ഒരു സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്‌തിക സൃഷ്ടിക്കുകയും പൊതുഭരണവകുപ്പില്‍നിന്നു ജോയിന്റ് സെക്രട്ടറി/ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്തയാളെ ആ തസ്‌തികയില്‍ നിയമിക്കയും ചെയ്യുക.
- സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍നിന്നു നാലു ടൈപ്പിസ്റ്റ് തസ്‌തികകള്‍ പുനര്‍വിന്യസിക്കുക.
- സഹകരണരജിസ്‌ട്രാര്‍ഓഫീസില്‍നിന്ന് ഒമ്പതു ലാസ്റ്റ്‌ഗ്രേഡ് തസ്‌തികകള്‍ പുനര്‍വിന്യസിക്കുക.
- ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ താലൂക്ക്, ജില്ല, സംസ്ഥാനം എന്നു മൂന്നുതലം ഇന്‍സ്‌പെക്ഷന്‍ വിഭാഗങ്ങള്‍ സൃഷ്ടിക്കുക.
- ഡെപ്യൂട്ടിരജിസ്‌ട്രാറുടെ (ഭരണം) രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ള ഇന്‍സ്‌പെക്ഷന്‍ ടീം 14 ജില്ലാ ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസുകളിലും പുതുതായി സൃഷ്ടിക്കുകയും ഇതിനായി രണ്ട് ഇന്‍സ്‌പെക്ടര്‍ തസ്‌തികവീതം പതിനാലിടത്തുമായി 28 ഇന്‍സ്‌പെക്ടര്‍ തസ്‌തികകള്‍ സൃഷ്ടിക്കുകയും ചെയ്യുകയും ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ഭരണം) ജില്ലയിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടംകൂടി വഹിക്കുകയും ചെയ്യുക.
- സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ അഡീഷണല്‍ രജിസ്‌ട്രാറുടെ (ജനറല്‍) നേതൃത്വത്തില്‍ രണ്ടു ഡെപ്യൂട്ടി രജിസ്‌ട്രാര്‍മാരും (നിലവിലുള്ള ഡെപ്യൂട്ടി രജിസ്‌ട്രാര്‍-ഇന്‍സ്‌പെക്ഷന്‍ സെല്‍ Iആന്റ്II തസ്‌തികകള്‍) രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമുള്ള ഇന്‍സ്‌പെക്ഷന്‍ടീം ഉണ്ടാക്കുകയും, അധികംവേണ്ട രണ്ട് ഇന്‍സ്‌പെക്ടര്‍ തസ്‌തികകള്‍ അവിടത്തെ ജോലി പുനക്രമീകരിച്ചു കണ്ടെത്തുകയും ചെയ്യുക.
- പി.സി.എ.ആര്‍.ഡി.ബി.യില്‍ നടത്തുന്ന ഓരോ വാല്യുവേഷനും വാല്യുവേഷന്‍ഫീസില്‍നിന്നു നിശ്ചിതതുക സര്‍ക്കാരില്‍അടക്കാന്‍ നിര്‍ദേശിക്കുക. മൂന്നംഗസമിതിയാണു വാല്യുവേഷനു നല്ലത്. സി.ഇ.ഒ. അല്ലെങ്കില്‍ ഭരണസമിതി നിര്‍ദേശിക്കുന്ന സംഘത്തിലെ സൂപ്പര്‍വൈസറി ഓഫീസര്‍, ഭരണസമിതി നാമനിര്‍ദേശം ചെയ്യുന്ന ഭരണസമിതിയംഗം, റവന്യൂവകുപ്പില്‍നിന്നു ഡെപ്യൂട്ടിതഹസീല്‍ദാര്‍/രജിസ്‌ട്രേഷന്‍വകുപ്പില്‍നിന്നു സബ്രജിസ്‌ട്രാര്‍ തസ്‌തികയില്‍ കുറയാത്ത വിരമിച്ച ഓഫീസര്‍ എന്നിവരാണു സമിതിയില്‍ വേണ്ടത്. കെട്ടിടവും ജാമ്യവസ്‌തുവാണെങ്കില്‍ പൊതുമരാമത്ത്/തദ്ദേശസ്വയംഭരണവകുപ്പില്‍നിന്ന് അസിസ്റ്റന്റ് എഞ്ചിനിയറില്‍ കുറയാത്ത തസ്‌തികയില്‍നിന്നു വിരമിച്ച ഓഫീസര്‍ കൂടിയാവാം. വായ്‌പ 10ലക്ഷത്തില്‍ കുറവാണെങ്കിലും വേണമെങ്കില്‍ സ്വതന്ത്രവാല്യുവര്‍ ആകാം. സമിതി വില നിര്‍ണയിച്ചശേഷം അതുമൂലം സംഘങ്ങള്‍ക്കു ബാധ്യതയുണ്ടാകുമെങ്കില്‍ പ്രത്യേകം നോക്കുകയും ഓരോകൊല്ലവും വാല്യുവേഷന്‍വിഷയങ്ങളുടെ അവലോകനത്തിനു സംഘംതലത്തില്‍ വാല്യുവേഷന്‍ സമിതിയംഗങ്ങളെക്കൂടി ഉള്‍പ്പടുത്തി റിവ്യൂമീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യുന്നതു നല്ലതാണ്. വായ്‌പ 20ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ വാല്യുവേഷന്‍സമിതിയില്‍ സഹകരണവകുപ്പിലെ ഒരു ഓഫീസറെക്കൂടി ഉള്‍പ്പടുത്തി സഹകരണസംഘംനിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതും പരിഗണിക്കണം.
- സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചയ്‌തു ജെ.ഡി.സി, എച്ച്.ഡി.സി. കോഴ്‌സുകള്‍ നടത്തുന്നത് ആ കോഴ്‌സുകളുടെ സ്വീകാര്യത കൂട്ടാന്‍ സഹായിക്കുമോ എന്നു പരിശോധിക്കുക.
- ഫിനാന്‍സ് സെക്ഷനില്‍ ഒരു സീനിയര്‍ സൂപ്രണ്ട് തസ്‌തികയും ഇ.എം.ഇ.ബി, ഇ.എ. അക്കൗണ്ട്‌സ് സെക്ഷനുകളുടെ മേല്‍നോട്ടത്തിനു നാലു ജൂനിയര്‍ സൂപ്രണ്ട് തസ്‌തികകളും പുതുതായി സൃഷ്ടിക്കുകയും, ഇ.എം.ഇ.ബി, ഇ.എ, ഫിനാന്‍സ് സെക്ഷനുകളുടെ മേല്‍നോട്ടച്ചുമതലയുള്ള നാലു അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ തസ്‌തികകളും അക്കൗണ്ടസ് സെക്ഷനില്‍ സൂപ്രണ്ട് തസ്‌തികയില്‍ നിയമിക്കപ്പെട്ട സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടറുടെ തസ്‌തികയും സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍നിന്നു പുനര്‍വിന്യസിക്കുകയും ചെയ്യുക.
- സഹകരണവിജിലന്‍സ് ഓഫീസറായി ഐപിഎസ് കാഡറില്‍ പൊലീസ് സൂപ്രണ്ട് റാങ്കിലുള്ളയാളെ നിയമിക്കാനായി സഹകരണനിയമം ഭേദഗതി ചെയ്യുക.
- വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശപ്രകാരം മേഖലാഓഫീസുകള്‍ വഴി അന്വേഷണം നടത്തുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്നു നോക്കുകയും ഉണ്ടെങ്കില്‍ വിജിലന്‍സ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ അന്വേഷണം നടത്താവുന്നതാണെന്നു നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്യുക.
- സഹകരണനിയമത്തിലും ചട്ടങ്ങളിലും അറിവും പ്രവര്‍ത്തനപരിചയവുമുള്ള സഹകരണവകുപ്പുദ്യോഗസ്ഥരെക്കൂടി ഫീല്‍ഡില്‍ പ്രയോജനപ്പെടുത്തി വിജിലന്‍സ് കാര്യക്ഷമമാക്കുക.
- ഓഡിറ്റിലും ഇന്‍സ്‌പെക്ഷനിലും കണ്ടെത്തുന്ന ഗുരുതരക്രമക്കേട് യഥാസമയം നിയന്ത്രണഓഫീസറെ അറിയിക്കാത്തവര്‍ക്കെതിരെ എടുക്കേണ്ട അച്ചടക്കനടപടിയും വിജിലന്‍സ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ടിലുള്ള ആക്ഷന്‍ ടേക്കണ്‍ സ്‌റ്റേറ്റ്‌മെന്റ് മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാരിനു കൊടുക്കണമെന്ന നിര്‍ദേശവും 12-12-2024ലെ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തുക.
- യു.ഡി.ക്ലര്‍ക്ക്, യു.ഡി. ടൈപ്പിസ്റ്റ്, കോണഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്‌തികയിലുള്ളവര്‍ക്കു തസ്‌തികമാറ്റംവഴി ജൂനിയര്‍ ഇന്‍സ്‌പെക്ടറാകാനുള്ള യോഗ്യത എസ്‌എസ്‌എല്‍സി എന്നതു ബിരുദമാക്കാന്‍ (ബിരുദം+ജെ.ഡി.സി) സ്‌പെഷ്യല്‍ റൂള്‍ മാറ്റുക. തുടങ്ങിയവയാണു ശുപാര്‍ശകള്‍. ആകെ 99 ശുപാര്‍ശകളാണുള്ളത്.

