ടീംഓഡിറ്റ്:ചുമതല ക്രമീകരണത്തിനു മാര്‍ഗനിര്‍ദേശമായി
സഹകരണസംഘങ്ങളിലെ ടീംഓഡിറ്റിന്റെ കാര്യത്തില്‍ ഓരോ ഓഡിറ്റ് ടീമിലെയും അംഗങ്ങള്‍ക്കു ചുമതല ക്രമീകരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവലോകനം സംബന്ധിച്ച നിര്‍ദേശങ്ങളും സഹകരണഓഡിറ്റ് ഡയറക്ടറുടെ സര്‍ക്കുലറിലുണ്ട്.സംഘങ്ങളുടെ വ്യാപ്‌തി, ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരണ അതോറിട്ടി നല്‍കിയ വാര്‍ഷികപരിപാടി, വാര്‍ഷിക ഓഡിറ്റ് പ്ലാന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കലടക്കമുള്ള ചുമതലകള്‍ ടീംലീഡര്‍ താ്‌ന്‍ അടക്കമുള്ള അംഗങ്ങള്‍ക്കു തുല്യമായാണു വീതിക്കേണ്ടത്.
ലീഡര്‍ എല്ലാമാസവും അംഗങ്ങളുടെ യോഗം നടത്തി താന്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനക്രമീകരണവും ഏതൊക്കെ റിപ്പോര്‍ട്ടുകള്‍ ഓരോരുത്തരും തയ്യാറാക്കണമെന്നും തീരുമാനിക്കണം.ശേഷം ഓരോസംഘത്തിന്റെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയതി സഹിതമുള്ള പ്രവൃത്തിവിഭജനം ലീഡര്‍ അംഗീകരിച്ച് അംഗീകരണഅതോറിട്ടിക്കു സമര്‍പ്പിക്കണം.അതോറിട്ടി അതു പരിശോധിച്ചു തുല്യമായാണു വിഭജിച്ചതെന്ന് ഉറപ്പാക്കണം. അതോറിട്ടിക്കു വിഭജനനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താം. മാറ്റം ടീമംഗങ്ങള്‍ക്കു നല്‍കണം. പകര്‍പ്പ് ഓഫീസില്‍ സൂക്ഷിക്കണം.
ഈ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോമാസവും ടീമംഗങ്ങള്‍ പ്രോഗ്രാമും ഡയറിയും അംഗീകാരത്തിനു സമര്‍പ്പിക്കേണ്ടത്.ഓരോരുത്തരും ചുമതല കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് അവലോകനയോഗത്തില്‍ വിലയിരുത്തണം. ഏതെങ്കിലും മാസം ടാര്‍ഗറ്റ് കുറഞ്ഞാല്‍ തൊട്ടടുത്തമാസംതന്നെ ക്രമീകരിക്കാന്‍ നിര്‍ദേശിക്കണം. തുടര്‍മാസങ്ങളില്‍ വാര്‍ഷികപ്രോഗ്രാം അനുസരിച്ചുതന്നെ തീര്‍ക്കാനും നിര്‍ദേശിക്കണം.ടീംലീഡര്‍മാരുടെ അവലോകനയോഗം ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരും ബന്ധപ്പെട്ട താലൂക്ക് അസിസ്റ്റന്റ് ഡയറക്ടര്‍മാരും വിളിക്കണം. ഓഡിറ്റര്‍മാര്‍ തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് അതില്‍ വിലയിരുത്തണം. ഒരു താലൂക്കിലെ സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍/സീനിയര്‍ ഓഡിറ്റര്‍ ടീംലീഡറായി രൂപവല്‍കരിച്ച ഓഡിറ്റ് ടീം മറ്റൊരു താലൂക്കിലെ സംഘം ഓഡിറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ജോയിന്റ് ഡയറക്ടര്‍മാരുമായി ആലോചിച്ച് ആ ടീമിന്റെ അവലോകനത്തിയതികള്‍ പ്രത്യേകം തീരുമാനിച്ച് അതാത് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ (റിപ്പോര്‍ട്ട് അംഗീകരണഅതോറിട്ടി) പ്രത്യേകം പ്രത്യേകമായി നടത്തണം.
റിപ്പോര്‍ട്ട് ഡ്രാഫ്‌റ്റ് ചെയ്യേണ്ടയാള്‍ അതു തയ്യാറാക്കിയാല്‍ പങ്കെടുത്തവര്‍ അതു പരിശോധിച്ച് അംഗീകരണഅതോറിട്ടിക്കു സമര്‍പ്പണയോഗ്യമാണെന്ന് ഉറപ്പാക്കി ഒപ്പുവച്ചു സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം.അതില്‍ ന്യൂനതകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓഡിറ്ററോ നിലവില്‍ ചുമതലയുള്ള ഓഡിറ്ററോ ആണു തിരുത്തുവരുത്തേണ്ടത്. അതു ചെയ്‌തശേഷം ടീംഓഡിറ്റില്‍ പങ്കെടുത്തവര്‍ വീണ്ടും പരിശോധിച്ച് ഒപ്പിടണം.റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓഡിറ്റര്‍തന്നെ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഓഡിറ്റില്‍ പങ്കെടുത്ത ഓഡിറ്റര്‍മാര്‍ പരിശോധിച്ച് ഒപ്പിട്ട നിശ്‌്‌ചിതപകര്‍പ്പുസഹിതം ഓഡിറ്റ് അംഗീകരണഅതോറിട്ടിക്കു സമര്‍പ്പിക്കണം.ഡെപ്യൂട്ടിഡയറക്ടര്‍/അസിസ്റ്റന്റ് ഡയറക്ടര്‍ ടീംലീഡറായി നടത്തുന്ന സംഘങ്ങളുടെ ഓഡിറ്റ് അവലോകനം ബന്ധപ്പെട്ട ജില്ലകളിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍മാര്‍ മേല്‍പ്രകാരം നടത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.