പ്രീപേമെന്റ് ചാര്‍ജുകള്‍ ഈടക്കുന്നതിനു റിസര്‍വ് ബാങ്ക് നിയന്ത്രണം
ബിസിനസ്‌ഇതരകാര്യങ്ങള്‍ക്കായി വ്യക്തികളെടുക്കുന്ന (സഹബാധ്യതക്കാരുമായി ചേര്‍ന്നെടുത്തതടക്കം) വായ്‌പകള്‍ കാലാവധിക്കു മുമ്പു തിരിച്ചടച്ചാല്‍ പ്രീപേമെന്റ് ചാര്‍ജ് ഈടാക്കരുതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. വ്യക്തികള്‍ക്കും സൂക്ഷ്‌മചെറുകിട സംരംഭങ്ങള്‍ക്കും (എം.എസ്.ഇ) അനുവദിക്കുന്ന ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്‌പകളുടെ (സഹബാധ്യതക്കാരുമായി ചേര്‍ന്നുള്ളവയടക്കം) കാര്യത്തിലും പ്രീപേമെന്റ് ചാര്‍ജുകള്‍ ഈടാക്കരുത്. എന്നാല്‍ ഈ രണ്ടു വ്യവസ്ഥയും ചെറുകിടധാനകാര്യബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, ലോക്കല്‍ ഏരിയാ ബാങ്കുകള്‍ എന്നിവയ്‌ക്കു ബാധകമല്ല. അല്ലാത്ത വാണിജ്യബാങ്കുകള്‍, ടയര്‍4 പ്രാഥമികഅര്‍ബന്‍സഹകരണബാങ്കുകള്‍, ബാങ്കിതരധനകാര്യസ്ഥാപനം-യുഎല്‍, അഖിലേന്ത്യാധനകാര്യസ്ഥാപനം എന്നിവയ്‌ക്കൊക്കെ ഇതു ബാധകമാണ്. അനുവദിക്കപ്പെട്ട 50ലക്ഷംരൂപവരെയുള്ള വായ്‌പകളുടെ കാര്യത്തില്‍ കാലാവധിക്കുമുമ്പു വായ്‌പ അടച്ചുതീര്‍ത്താല്‍ ചെറുകിടധനകാര്യബാങ്കായാലും റീജണല്‍ റൂറല്‍ ബാങ്കായാലും ടയര്‍3 പ്രാഥമികഅര്‍ബന്‍ സഹകരണബാങ്കായാലും സംസ്ഥാനസഹകരണബാങ്കായാലും കേന്ദ്ര സഹകരണബാങ്കായാലും ബാങ്കിതരധനകാര്യസ്ഥാപനം-എംഎല്‍ ആയാലും പ്രീ-പേമെന്റ് ചാര്‍ജുകള്‍ വാങ്ങരുത്‌്. പ്രീപേമെന്റ് ചാര്‍ജ് സംബന്ധിച്ചു പ്രസിദ്ധീകരിച്ച പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇതുള്ളത്. നിര്‍ദേശങ്ങള്‍ 2026 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. പ്രീപേമെന്റ് ചാര്‍ജുകളുടെ പേരിലുള്ള ചൂഷണം തടയലാണു ലക്ഷ്യം.
എം.എസ്.ഇ.കള്‍ക്കുള്ള വായ്‌പകളുടെ കാര്യത്തില്‍ പലതരത്തിലുള്ള പ്രീ-പേമെന്റ് ചാര്‍ജുകള്‍ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വായ്‌പക്കരാറുകളില്‍ പലിശ കുറഞ്ഞതും കൂടുതല്‍ നല്ല സേവനം നല്‍കുന്നതുമായ വായ്‌പാദാതാക്കളിലേക്കു മാറാനുള്ള അവകാശം തടയുന്ന വ്യവസ്ഥകള്‍ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതൊക്കെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുടെ കരട് കഴിഞ്ഞ ഒക്ടോബറില്‍ ഇറക്കി. ഇക്കൊല്ലം ഫെബ്രുവരി 21ന് അതുസംബന്ധിച്ച സര്‍ക്കുലറിന്റെ കരടും പ്രസിദ്ധീകരിച്ചു. അവയില്‍ ലഭിച്ച അഭിപ്രായനിര്‍ദേശങ്ങളുടെയും റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തില്‍ നിന്നെത്തിയ നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണു പുതിയ നിര്‍ദേശങ്ങള്‍.സഹകരണബാങ്കുകള്‍ക്കും പേമെന്റ്‌സ് ബാങ്കുകള്‍ ഒഴികെയുള്ള വാണിജ്യബാങ്കുകള്‍ക്കും ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ക്കും അഖിലേന്ത്യാധനകാര്യസ്ഥാപനങ്ങള്‍ക്കും ഇവ ബാധകമാണ്. ഇവ എല്ലാ ഫ്‌ളോട്ടിങ് നിരക്കു വായ്‌പകള്‍ക്കും അഡ്വാന്‍സുകള്‍ക്കും ഈടാക്കുന്ന പ്രീപേമെന്റ് നിരക്കുകളുടെ കാര്യത്തിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം.
വായ്‌പ കാലാവധിക്കുമുമ്പേ തിരിച്ചടക്കാനുള്ള പണം എവിടെനിന്നു കിട്ടി എന്നു പ്രീ-പേമെന്റ് ചാര്‍ജുകള്‍ ഈടാക്കരുതെന്ന വ്യവസ്ഥ പാലിക്കുമ്പോള്‍ നോക്കേണ്ടതില്ല. ഭാഗികമായി പ്രീപേമെന്റ് നടത്തിയാലും പൂര്‍ണമായി പ്രീപേമെന്റ് നടത്തിയാലും ഇതു നോക്കേണ്ടതില്ല. മിനിമം ലോക്കിന്‍ സമയപരിധിയും പാടില്ല.ഡ്യുവല്‍/സ്‌പെഷ്യല്‍ നിരക്കിലുള്ള (ഫിക്‌സഡ് നിരക്കിന്റെയും ഫ്‌ളോട്ടിങ് നിരക്കിന്റെയും സംയുക്തം) വായ്‌പകളുടെ കാര്യത്തില്‍ വായ്‌പ പ്രീ-പേമെന്റ് നടത്തുമ്പോള്‍ ഫ്‌ളോട്ടിങ് നിരക്കിലാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ ബാധകമാകുമോ ഇല്ലയോ എന്നു നിശ്ചയിക്കുക.
മേല്‍പറഞ്ഞവയുടെ കൂട്ടത്തില്‍ പരാമര്‍ശിക്കാത്ത കേസുകളില്‍ സ്ഥാപനങ്ങളുടെ അംഗീകൃതനയമനുസരിച്ച് പ്രീമെന്റ് ചാര്‍ജുകള്‍ ഉണ്ടെങ്കില്‍ ഈടാക്കാം. ടേം വായ്‌പകളുടെ കാര്യത്തില്‍ ഇങ്ങനെ പ്രീപേമെന്റ് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ മുന്‍കൂട്ടി തിരിച്ചടക്കുന്ന തുകയ്‌ക്കുമാത്രമേ പ്രീപേമെന്റ് ചാര്‍ജ് ഈടാക്കാവൂ. പണവായ്‌പ, ഓവര്‍ഡ്രാഫ്‌റ്റ് എന്നിവയുടെ പ്രീപേമെന്റിന്റെ കാര്യത്തില്‍ വായ്‌പക്കാര്‍ വായ്‌പക്കരാറില്‍ പറഞ്ഞിട്ടുള്ള കാലവധിക്കുമുമ്പ് ആ സൗകര്യം പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചാല്‍ പ്രീപേമെന്റ് ചാര്‍ജ് ഈടാക്കരുത്. വായ്‌പാദാതാവ് മുന്‍കൈയെടുത്താണു പ്രീപേമെന്റ് നടത്തിച്ചിട്ടുള്ളതെങ്കില്‍ അതിന് ഒരു ചാര്‍ജും ഈടാക്കരുത്. റിസര്‍വ് ബാങ്കിന്റെ 2024 ഏപ്രില്‍ 15ലെ ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ പറയുംവിധം പ്രധാനവസ്‌തുതാപ്രസ്‌താവന (കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് – കെഎഫ്‌എസ്) നല്‍കേണ്ട വായ്‌പകളുടെയും അഡ്വാന്‍സുകളുടെയും കാര്യത്തില്‍ അക്കാര്യം കെഎഫ്‌എസില്‍ പറഞ്ഞിരിക്കണം. ഇതില്‍ പറഞ്ഞിട്ടില്ലാത്ത ഒരു പ്രീപേമെന്റ് ചാര്‍ജും ഈടാക്കയുമരുത്. പ്രീപേമെന്റ് സമയത്ത് വായ്‌പാദാതാവ് നേരത്തേ ഒഴിവാക്കിക്കൊടുത്ത ഒരുവിധ ചാര്‍ജും ഫീസും മുന്‍കാലപ്രാബല്യത്തോടെ ഈടാക്കരുത്. പ്രീമെന്റ് ചാര്‍ജ് ഉണ്ടോ ഇല്ലയോ എന്നു വായ്‌പ അനുവദിച്ചുകൊണ്ടുള്ള കത്തിലും വായ്‌പക്കരാറിലും വ്യക്തമായി പറയണമെന്നും നിര്‍ദേശങ്ങളിലുണ്ട്.