ആഴക്കടലില്‍ മീന്‍പിടിക്കുന്നവരടക്കമുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കു അപകടഇന്‍ഷുറന്‍സ് നടപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്രഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യന്‍ ലോക്‌സഭയെ അറിയിച്ചു. പ്രധാന്‍മന്ത്രി മല്‍സ്യസമ്പദയോജന (പിഎംഎംഎസ്‌വൈ) പദ്ധതി പ്രകാരമാണിത്. ഇതിനു മല്‍സ്യത്തൊഴിലാളികള്‍ തുകയൊന്നും അടയ്‌ക്കേണ്ട. പ്രീമിയംതുക കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കൊടുക്കും. അപകടംമൂലം മരിക്കുകയോ ജീവിതകാലംമുഴുവന്‍ അധ്വാനശേഷിയില്ലാതാകുകയോ ചെയ്‌താല്‍ അഞ്ചുലക്ഷംരൂപ ലഭിക്കും. ജീവിതകാലംമുഴുവന്‍ ഭാഗികമായി അധ്വാനശേഷിയില്ലാതായാല്‍ രണ്ടരലക്ഷം രൂപ കിട്ടും.

25000 രൂപവരെ ആശുപത്രിച്ചെലവുകളും കിട്ടും. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുംമൂലം, മല്‍സ്യബന്ധനയാനം കേടായാല്‍ ഇന്‍ഷുറന്‍സ് കിട്ടാന്‍ ഇന്‍ഷുര്‍ ചെയ്യുന്ന തുകയുടെ രണ്ടുശതമാനംമാത്രം പ്രീമിയം അടച്ചാല്‍ മതിയാകുന്ന പദ്ധതി തയ്യാറാക്കിവരികയാണ്. ഇത് അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. എത്രവലിയ മല്‍സ്യബന്ധനയാനമായാലും രണ്ടുശതമാനം പ്രീമിയം അടച്ചാല്‍ മതിയാകും. ഫിഷറീസ്-അക്വാകള്‍ച്ചര്‍ അടിസ്ഥാനസൗകര്യവികസനനിധി പദ്ധതിയില്‍ ഫിഷറീസ് വകുപ്പ് അടുത്തഘട്ടസംരംഭകര്‍ക്കായി മൂന്നുശതമാനം പലിശയിളവോടെ ധനസഹായം അനുവദിക്കുന്നുണ്ട്. ഈ ധനസഹായം ലഭിക്കുന്നതുകൊണ്ട് അഞ്ചുശതമാനത്തില്‍കുറയാത്ത പലിശയിളവ് ഗുണഭോക്താക്കള്‍ക്കു ലഭ്യമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.