ഗുണഭോക്താവിന്റെ പേരു പരിശോധിക്കാനുള്ള സൗകര്യം മൂന്നുമാസത്തിനകം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സംവിധാനങ്ങളിലും ഏര്‍പ്പെടുത്തണം:ആര്‍ബിഐ

Moonamvazhi

ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേരു പരിശോധിച്ച് ഉദ്ദേശിച്ചയാള്‍ക്കുതന്നെയാണു പണം അയക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള നടപടി 2025 ഏപ്രില്‍ ഒന്നിനകം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സംവിധാനങ്ങളിലും ഏര്‍പ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഈ സേവനം സൗജന്യമായി നല്‍കുകയും വേണം.യൂണിഫൈഡ് പേമെന്റ് സംവിധാനങ്ങളിലും (യുപിഐ) ഇമ്മീഡിയറ്റ് പേമെന്റ് സേവനസംവിധാനങ്ങളിലും (എംപിഎസ്) പണം അടയ്ക്കുന്നയാള്‍ക്ക് പണംകിട്ടേണ്ടയാളുടെ അക്കൗണ്ടിലെ പേര്, പണംകൈമാറുംമുമ്പ,് പരിശോധിച്ച് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ട്. ഇത് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സംവിധാനങ്ങളിലുംകൂടി നടപ്പാക്കണമെന്നു തീരുമാനിക്കുകയും ഇതിനുള്ള സേവനസംവിധാനം വികസിപ്പിച്ച് എല്ലാ ബാങ്കിലും ലഭ്യമാക്കാനും നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യോടു നിര്‍ദേശിക്കുകയുമാണു ചെയ്തിരിക്കുന്നത്.

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍ പേരുനോക്കി ബോധ്യപ്പെടാനുള്ള സൗകര്യം ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും മൊബൈല്‍ ബാങ്കിങ്ങിലൂടെയും ഏര്‍പ്പെടുത്തേണ്ടതാണ്. ബാങ്കുശാഖകളില്‍ നേരിട്ടുപോയി പണമടക്കുന്നവര്‍ക്കും ഈ സേവനം നല്‍കണം.ആര്‍ടിജിഎസിലും എന്‍ഇഎഫ്ടിയിലും അംഗങ്ങളോ ഉപാംഗങ്ങളോ ആയ എല്ലാ ബാങ്കും ഏപ്രില്‍ ഒന്നിനകം ഇതു നടപ്പാക്കണം.പണം കിട്ടേണ്ടയാളിന്റെ അക്കൗണ്ട്‌ നമ്പരിന്റെയും ബാങ്ക്ശാഖയുടെ ഐഎഫ്എസ്‌സിയുടെയും അടിസ്ഥാനത്തില്‍ ബാങ്കിന്റെ കോര്‍ബാങ്കിങ് സംവിധാനത്തില്‍നിന്നു ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേര് ലഭ്യമാക്കും.ഗുണഭോക്താവിനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെ പേര് ഇന്റര്‍നെറ്റ് ബാങ്കിങ്ങ,് മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങളില്‍ പരിശോധിച്ചു ബോധ്യപ്പെടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഗുണഭോക്താവ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിടില്ലാത്ത ഒറ്റത്തവണ ഫണ്ടു കൈമാറ്റത്തിന്റെ കാര്യത്തിലും ഇത് ഏര്‍പ്പെടുത്തണം.

രജിസ്റ്റര്‍ രജിചെയ്ത ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേര് ഏതുസമയത്തും റീവെരിഫൈ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തേണ്ടതാണ്.ഗുണഭോക്താവിന്റെ അക്കൗണ്ടിലെ പേര് പണം അടയ്ക്കുന്നയാളിനു കാണിച്ചുകൊടുക്കണം. എന്തെങ്കിലും കാരണവശാല്‍ ഇങ്ങനെ കാണിച്ചുകൊടുക്കാന്‍ കഴിയാതെ വന്നാല്‍ പണം അടയ്ക്കാന്‍ വന്നയാള്‍ക്ക് പണം അടയ്ക്കുന്ന നടപടിയുമായി മുന്നോട്ടുപോകണോ എന്നു സ്വന്തം നിലയ്ക്കു തീരുമാനിക്കാം.എന്‍പിസിഐ നേരത്തേ നല്‍കിയിട്ടുള്ള സാങ്കേതികരേഖ പ്രകാരമുള്ള പ്രത്യേക ജാഗ്രതാസന്ദേശങ്ങളും പണം അടയ്ക്കുന്നയാളെ കാണിക്കേണ്ടതാണ്. പണം അടയ്ക്കപ്പെടുന്ന ബാങ്കും സ്വീകരിക്കുന്ന ബാങ്കും എല്ലാ അന്വേഷണങ്ങളുടെയും പ്രതികരണങ്ങളുടെയും മറ്റുപ്രവര്‍ത്തനങ്ങളുടെയും വിശദമായ വിവരങ്ങള്‍ ഈ സേവനസംവിധാനത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ടതാണ്. എന്‍പിസിഐ ഈ സംവിധാനവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കില്ല. തര്‍ക്കമുണ്ടായാല്‍ ഇരുബാങ്കും യുണീക് ലുക്ക്അപ് റഫറന്‍സ് നമ്പരിന്റെയും ലോഗിന്റെയും അടിസ്ഥാനത്തില്‍ പരിഹരിക്കണം.വിവരങ്ങളുടെ രഹസ്യസ്വഭാവം സംബന്ധിച്ച നിയമവ്യവസ്ഥകള്‍ പാലിച്ചുവേണം സേവനം ഏര്‍പ്പെടുത്തേണ്ടതെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 101 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News