ദേശീയസഹകരണനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ സുസജ്ജം: അമിത്‌ഷാ

Moonamvazhi

പുതിയ ദേശീയസഹകരണനയം സമ്പൂര്‍ണമായി താഴെത്തട്ടില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസജ്ജമാണെന്നു കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സഹകരണനയം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നയം കാലികപ്രസക്തവും കാര്യക്ഷമവുമാണെന്ന്‌ ഉറപ്പാക്കാന്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും നിയമഭേദഗതികള്‍ കൊണ്ടുവരും. എല്ലാ സംസ്ഥാനത്തും സമതുലിതമായ സഹകരണവികാസം ഉറപ്പാക്കും.സഹകരണസ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി ഗ്രേഡ്‌ ചെയ്‌ത്‌ താഴ്‌ന്ന ഗ്രേഡ്‌ ഉള്ളവയെ ഉയര്‍ന്ന ഗ്രേഡിലേക്ക്‌ ഉയര്‍ത്താന്‍ എന്തുചെയ്യാനാവും എന്നു പരിശോധിക്കുകയും ഉയര്‍ന്ന ഗ്രേഡ്‌ ഉള്ള സ്ഥാപനം താഴ്‌ന്ന ഗ്രേഡ്‌ ഉള്ളവയെ സഹായിക്കുകയും ചെയ്യുന്ന സംവിധാനം ആവിഷ്‌കരിക്കും.

ടൂറിസം, ടാക്‌സിസര്‍വീസ്‌, ഇന്‍ഷുറന്‍സ്‌, ഹരിതോര്‍ജം എന്നീ മേഖലകളിലെ സഹകരണവികസനത്തിനു വിശദപദ്ധതി തയ്യാറാക്കി. ടാക്‌സി, ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ വൈകാതെ നിര്‍ണായകനടപടികളുണ്ടാകും. ഈ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ ഒരുമിച്ചു പുതിയസഹകരണസംരംഭങ്ങള്‍ രൂപവല്‍കരിക്കുന്ന രീതി നടപ്പാക്കും. ഇതില്‍നിന്നുള്ള ലാഭം പ്രാഥമികസഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്കു ലഭിക്കും. 2034-ഓടെ രാജ്യത്തിന്റെ മൊത്തആഭ്യന്തരോല്‍പാദനത്തില്‍ സഹകരണമേഖലയുടെ സംഭാവന ഇപ്പോഴത്തെതിന്റെ മൂന്നിരട്ടിയാക്കും. സഹകരണസംഘങ്ങളുടെ എണ്ണം 30ശതമാനം കൂട്ടും. സുതാര്യതയും സാമ്പത്തികസുസ്ഥിരതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ സഹകരണസ്ഥാപനക്ലസ്റ്ററുകളും നിരീക്ഷണസംവിധാനങ്ങളും വികസിപ്പിക്കും.നബാര്‍ഡ്‌ സഹായത്തോടെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ മാതൃകാസഹകരണഗ്രാമപദ്ധതി തുടങ്ങി. സംസ്ഥാനസഹകരണബാങ്കുകളിലൂടെ ഓരോ താലൂക്കിലും അഞ്ചുമാതൃകാസഹകരണഗ്രാമം സ്ഥാപിക്കും. രണ്ടാംധവളവിപ്ലവത്തിലൂടെ ഇതില്‍ സ്‌ത്രീപങ്കാളിത്തം വര്‍ധിപ്പിക്കും. ഇതൊക്കെ നടപ്പാക്കാന്‍ രണ്ടു സമിതികള്‍ രൂപവല്‍കരിച്ചു പ്രവര്‍ത്തിക്കും.നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ഷെഡ്യൂള്‍ഡ്‌ സഹകരണബാങ്കുകള്‍ക്കു വാണിജ്യബാങ്കുകള്‍ക്കു തുല്യമായ പരിഗണന ലഭിക്കുമെന്ന്‌ ഉറപ്പാക്കും. എല്ലാത്തരം സഹകരണസ്ഥാപനങ്ങളും സാങ്കേതികവിദ്യഅധിഷ്‌ഠിതവും സുതാര്യവുമായ മാനേജ്‌മെന്റ്‌ സിസ്റ്റങ്ങള്‍ നടപ്പാക്കണം. യുവാക്കള്‍ മികച്ച വിദ്യാഭ്യാസം നേടിയശേഷം ഉപജീവനമാര്‍ഗമായി സഹകരണമേഖല തിരഞ്ഞെടുക്കുന്ന അവസ്ഥ സൃഷ്ടിക്കും.

ഈ വര്‍ഷം അവസാനം സഹകാര്‍ ടാക്‌സി സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. ലാഭംമുഴുവന്‍ ഡ്രൈവര്‍മാര്‍ക്കു നേരിട്ടു കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. നയരൂപവല്‍കരണസമിതി ചെയര്‍മാനും മുന്‍കേന്ദ്രമന്ത്രിയുമായ സുരേഷ്‌ പ്രഭു സംസാരിച്ചു. കേന്ദ്രസഹകരണവകുപ്പുസഹമന്ത്രിമാരായ കൃഷന്‍പാല്‍ ഗുര്‍ജര്‍, മുര്‍ളീധര്‍ മോഹോല്‍, വകുപ്പുസെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 513 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!