കേരള ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ സംഗമം സംഘടിപ്പിച്ചു
കേരള ബാങ്ക് കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കുകളുടെ സംഗമം സംഘടിപ്പിച്ചു. അന്തര്‍ദേശീയ സഹകരണ വര്‍ഷാചരണത്തിന്റെയും കേരള ബാങ്ക് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുടേയും ഭാഗമായാണിത്. കേരള ബാങ്കും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തലും പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലുമാണ് ലക്ഷ്യം.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ പി.ഗഗാറിന്‍ അധ്യക്ഷനായി.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം ബി പി പിള്ള, ചീഫ് ജനറല്‍ മാനേജര്‍മാരായ റോയ് അബ്രഹാം, എ ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പാക്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ദിവാകരന്‍ മാസ്റ്റര്‍, എന്‍ സുബ്രഹ്മണ്യന്‍, സുനില്‍കുമാര്‍ ഇ, ജിബിന്‍, മോന്‍സി വര്‍ഗീസ്, മനോജന്‍, ടി എ മൊയ്തീന്‍, എം വി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു സ്വാഗതവും കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ ഷിബു എം പി നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ശാസ്‌ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ കേരള ബാങ്ക് ജീവനക്കാരുടെ മക്കളായ എസ് ജഗന്‍സൂര്യ, എസ് ഗായത്രി, കെ സ്‌നേഹ എന്നിവർക്ക് ഉപഹാരം നല്‍കി.