ഇര്‍മ സഹകരണ സര്‍വകലാശാലയാകുന്നു

Moonamvazhi

മലയാളിയായ സഹകരണകുലപതി ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇര്‍മ) ദേശീയസഹകരണസര്‍വകലാശാലയായി മാറുന്നു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ഗുജറാത്തിലെ കെയ്‌റാ ജില്ലാ ക്ഷീരോത്പാദകസഹകരണയൂണിയന്റെ സ്ഥാപകനായ ത്രിഭുവന്‍ദാസ് പട്ടേലിന്റെ പേരിലായിരിക്കും സര്‍വകലാശാല. കുര്യനും ത്രിഭുവന്‍ദാസും ഹരിചന്ദ് എം. ദലാലയയുമാണു കൈറാക്ഷീരസഹകരണയൂണിയന്റെ ത്രിമൂര്‍ത്തികള്‍.ഇര്‍മയെ ത്രിഭുവന്‍ സഹകരണസര്‍വകലാശാലയാക്കിക്കൊണ്ടുള്ള ബില്‍ ഡിസംബര്‍ 20നു കേന്ദ്രസഹകരണമന്ത്രികൂടിയായ ആഭ്യന്തര അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ ബഹളവുംമറ്റുംമൂലം സഭാസമ്മേളനം പിരിഞ്ഞതിനാല്‍ ബില്‍ അവതരിപ്പിക്കാനായില്ല. അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടേക്കും.ഇര്‍മയെ സര്‍വകലാശാലയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലും ദേശീയപ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കുന്ന നടപടിയുമാണ് സഭാകാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സാങ്കേതികവിദ്യാഭ്യാസവും മാനേജ്‌മെന്റ് വിദ്യാഭ്യാസവും പകര്‍ന്നു നല്‍കുക, സഹകരണമേഖലയില്‍ പരിശീലനം നല്‍കുക, സഹകരണത്തില്‍ ഗവേഷണവികസനപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യം കൈവരിക്കുന്ന വിധത്തില്‍ മികവിന്റെ ആഗോളമാനദണ്ഡങ്ങള്‍ പുലര്‍ത്തുക, സ്ഥാപനങ്ങളുടെതായ വിപുലമായ ശൃംഖലയിലൂടെ രാജ്യത്തെ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണു ബില്ലില്‍ വിഭാവന ചെയ്യുന്നത്. ഇര്‍മയടക്കമുള്ളവ സര്‍വകലാശാലയുടെ പഠനവിഭാഗങ്ങളായിരിക്കും. സര്‍വകലാശാലാസ്ഥാപനത്തോടെ അധ്യാപക-അനധ്യാപകജീവനക്കാരായി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സഹകരണജീവനക്കാരുടെ പരിശീലനസൗകര്യങ്ങള്‍ വിപുലമാവും. അവരെ കൂടുതല്‍ മികച്ചരീതിയില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രാപ്തരാക്കലും ലക്ഷ്യമാണ്.

1979ലാണ് ഡോ. വര്‍ഗീസ് കുര്യന്‍ ഗുജറാത്തിലെ ആനന്ദില്‍ ഇര്‍മ സ്ഥാപിച്ചത്. സഹകരണസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിതരസന്നദ്ധസംഘടനകള്‍ക്കും ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനത്തില്‍ പ്രൊഫഷണലായി പരിശീലനം സിദ്ധിച്ച മാനേജര്‍മാരെ വേണ്ടത്ര ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. നേരത്തെയും സഹകരണവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ സര്‍വകലാശാല വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. 2010ല്‍ അസമിലെ ശിവസാഗര്‍ കേന്ദ്രമാക്കി അസം രാജീവ്ഗാന്ധി സഹകരണമാനേജ്‌മെന്റ് സര്‍വകലാശാല (അര്‍ഗുകോം) സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ സഹകരണമാനേജ്‌മെന്റ് സര്‍വകലാശാലയാണിത്. എങ്കിലും അവിടെ സഹകരണസ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളെക്കാള്‍ എം.ബി.എ, എം.സി.എ, എം.കോം, എല്‍.എല്‍.എം, മാനേജ്‌മെന്റിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലും നിയമത്തിലും പി.എച്ച.്ഡി. തുടങ്ങി മറ്റു സര്‍വകലാശാലകളില്‍ ലഭ്യമായ തരം കോഴ്‌സുകള്‍തന്നെയാണു പൊതുവെയുള്ളത്.

 

Moonamvazhi

Authorize Writer

Moonamvazhi has 151 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News