ഇഫ്‌കോയില്‍ അപ്രന്റീസ് പരിശീലനത്തിന് അവസരം
ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (ഇഫ്‌കോ) ഫുല്‍പൂര്‍ യൂണിറ്റില്‍ അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ടെകിനീഷ്യന്‍ അപ്രന്റിസ്, ട്രേഡ് അപ്രന്റീസ് പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനുവരി 29നകം അപേക്ഷിക്കണം.
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ്, സിവില്‍ ട്രേഡുകളിലെ ടെക്‌നീഷ്യന്‍ അപ്രന്റീസ് പരിശീലനത്തിന് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട ട്രേഡില്‍ 60% മാര്‍ക്കോടെ ഡിപ്ലോമ നേടിയിരിക്കണം. 2021 ജൂണ്‍ ഒന്നിനുശേഷം ഡിപ്ലോമ എടുത്തവര്‍ അപേക്ഷിച്ചാല്‍ മതി.
അറ്റന്റന്റ് ഓപ്പറേറ്റര്‍/ ലാബ് അസിസ്റ്റന്റ്-സിപി ടെക്‌നീഷ്യന്‍ അപ്രന്റീസ് പരിശീലനത്തിന് അപേക്ഷിക്കാന്‍ 55% മാര്‍ക്കോടെ ഫിസിക്‌സിലോ കെമിസ്‌ട്രിയിലോ കണക്കിലോ ബയോളജിയിലോ ബി.എസ്‌സി. നേടിയിരിക്കണം. 2021 ജൂണ്‍ ഒന്നിനുശേഷം ഡിപ്ലോമ എടുത്തവര്‍ അപേക്ഷിച്ചാല്‍ മതി.

ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇലക്ട്രാണിക് മെക്കാനിക്ക്, ഡ്രാഫ്‌റ്റ്‌സ്‌മാന്‍, സിഒപിഎ ട്രേഡുകളില്‍ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷിക്കാന്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്‌ത്രവും സയന്‍സ് വിഷയങ്ങളും പഠിക്കുകയും ബന്ധപ്പെട്ട ട്രേഡില്‍ 60%മാര്‍ക്കോടെ ഐടിഐ ജയിച്ചിരിക്കുകയും വേണം.
പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മാര്‍ക്കുനിബന്ധനയില്‍ അഞ്ചുശതമാനം ഇളവു കിട്ടും. പ്രായം 2026 ജനുവരി ഒന്നിനു 18നും 27നും മധ്യേ. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും അഞ്ചുകൊല്ലവും മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മൂന്നുകൊല്ലവും ഉയര്‍ന്നപ്രായപരിധിയില്‍ ഇളവു കിട്ടും. ആര്‍ഡിഎറ്റി/ബിഒഎറ്റിയുടെയും ഇഫ്‌കോയുടെയും വിജ്ഞാപനപ്രകാരമുള്ള സ്റ്റൈപ്പന്റ് കിട്ടും.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണു യൂണിറ്റ്. ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരും https://nats.education.gov.inhttps://nats.education.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷവും, ഐടിഐ യോഗ്യതയുള്ളവര്‍ https://www.apprenticeshipindia.gov.inhttps://www.apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷവും ഇഫ്‌കോ യുവ പോര്‍ട്ടലായ https://www.iffcoyuva.inhttps://www.iffcoyuva.in എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒരു അപേക്ഷയേ അയക്കാവൂ. അപ്രന്റീസ് നിയമപ്രകാരം അപ്രന്റീസ് പരിശീലനം കഴിഞ്ഞവരും നിലവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും ജോലി ചെയ്യുന്നവരും അപേക്ഷിക്കരുത്.

