ജിഎസ്‌ടി നിരക്കിളവുകള്‍ സഹകരണമേഖലയ്‌ക്കു ഗുണകരം: കേന്ദ്രസഹകരണമന്ത്രാലയം

Moonamvazhi

സഹകരണസ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഗ്രാമീണസംരംഭങ്ങള്‍ക്കും നേരിട്ടു പ്രയോജനം ചെയ്യുന്നവയാണു ജിഎസ്‌ടി നിരക്കിളവുകളെന്നു കേന്ദ്രസഹകരണമന്ത്രാലയം അഭിപ്രായപ്പെട്ടു. 10കോടിയോളം ക്ഷീരകര്‍ഷകര്‍ക്കു ഗുണം കിട്ടും. സഹകരണോല്‍പന്നങ്ങള്‍ കൂടുതല്‍ മല്‍സരക്ഷമമാക്കാനും അവയ്‌ക്കു കൂടുതല്‍ വില്‍പനയുണ്ടാകാനും പുതിയ നിരക്കുകള്‍ ഗുണപ്പെടും. ഗ്രാമീണസംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുകയും ഭക്ഷ്യസംസ്‌കരണരംഗത്തെ കാര്‍ഷികസംരംഭങ്ങളെ സഹായിക്കുന്നതുമാണു നിരക്കുകള്‍. ദശലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക്‌ അവശ്യവസ്‌തുക്കള്‍ കുറഞ്ഞവിലയ്‌ക്കു കിട്ടും.

കര്‍ഷകസഹകരണസംഘങ്ങളെയും കന്നുകാലിവളര്‍ത്തുകാരുടെ സഹകരണസംഘങ്ങളെയും കര്‍ഷകഉല്‍പാദകസ്ഥാപനങ്ങളെയും നിരക്കിളവുകള്‍ സഹായിക്കും. അമുല്‍ ഉള്‍പ്പെടെയുളള വന്‍കിടസഹകരണബ്രാന്റുകള്‍ക്കു കുടുതല്‍ വികസനത്തിന്‌ ഇതു സഹായകമാണ്‌.
പാല്‍, ബ്രാന്റ്‌ ഉള്ളതും ഇല്ലാത്തതുമായ പനീര്‍ എന്നിവയുടെ ജിഎസ്‌ടി ഒഴിവാക്കിയതു ഉല്‍പാദകര്‍ക്കു നേരിട്ടു പ്രയോജനം ലഭിക്കും, വെണ്ണയും നെയ്യും പോലുള്ള ഉല്‍പന്നങ്ങളുടെ ജിഎസ്‌ടി 12 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമായി കുറച്ചത്‌ നല്ലതാണ്‌. ഉരുക്കുകൊണ്ടോ സ്‌റ്റീലുകൊണ്ടോ അലുമിനിയം കൊണ്ടോ ഉള്ള പാല്‍പ്പാത്രങ്ങളുടെ ജിഎസ്‌ടിയും 12 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്‌. ഇതൊക്കെ ക്ഷീരോല്‍പന്നങ്ങള കൂടുതല്‍ മല്‍സരക്ഷമമാക്കുകയും ക്ഷീരകര്‍ഷകര്‍ക്കും സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള ഗ്രാമീണസംരംഭങ്ങള്‍ക്കും പാല്‍സംസ്‌കരണതതിലേര്‍പ്പെട്ടിരിക്കുന്ന സ്വയംസഹായഗ്രൂപ്പുകള്‍ക്കും സഹായകമാവും. ക്ഷീരോല്‍പന്നങ്ങള്‍ താങ്ങാവുന്ന വിലയ്‌ക്കു ലഭ്യമാകുന്നതോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ ഉയര്‍ന്നതോതില്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാനാകും. ക്ഷീരമേഖലയിലെ സഹകരണസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിക്കും.


ചീസ്‌, നംകീനുകള്‍, വെണ്ണ, പാസ്‌ത എന്നിവയുടെ ജിഎസടി്‌ 18 ശതമാനത്തിലും 12 ശതമാനത്തിലും നിന്ന്‌ അഞ്ചുശതമാനമായി കുറച്ചതും ജാമുകള്‍, ജെല്ലികള്‍, യീസ്റ്റുകള്‍, ഭുജിയ എന്നിവയുടെ നികുതി അഞ്ചുശതമാനമാക്കിയതും ചോക്കലേറ്റുകള്‍, കോണ്‍ഫ്‌ളേക്‌സുകള്‍, ഐസക്രീമുകള്‍, പേസ്‌ട്രികള്‍, കേക്കുകള്‍, ബിസ്‌കറ്റുകള്‍, കോഫി എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്നു അഞ്ചുശതമാനമായി കുറച്ചതും വലിയ ആശ്വാസമാണ്‌.
ജിഎസ്‌ടി കുറച്ചത്‌ കുടംബങ്ങള്‍ക്കു ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിവരുന്ന ചെലവു കുറയ്‌ക്കും. നഗരങ്ങളിലും അര്‍ധനഗരങ്ങളിലും ഇത്തരം സാധനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിക്കും. ഇതു ഭക്ഷ്യസംസ്‌കരണവ്യവസായത്തെ പ്രോല്‍സാഹിപ്പിക്കും. ഭക്ഷ്യസംസ്‌കരണവ്യവസായരംഗത്തും ക്ഷീരവ്യവസായരംഗത്തുമുള്ള സഹകരണസ്ഥാപനങ്ങള്‍ക്ക്‌ ഇവ നല്ലതാണ്‌. സ്വകാര്യഡയറികളുടെയും സഹകരണഡയറികളുടെയും വരുമാനം ഇതുമൂലം ഉയരും.
പാക്കിങ്‌ പേപ്പറുകള്‍, പാക്കിങ്‌ കെയ്‌സുകള്‍, പെട്ടികള്‍ എന്നിവയുടെ ജിഎസ്‌ടി അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്‌. ഇതു സഹകരണസ്ഥാപനങ്ങളുടെയും ഭക്ഷ്യോല്‍പാദകസ്ഥാപനങ്ങളുടെയും ഗതാഗത, പാക്കിങ്‌ ചെലവുകല്‍ കുറയ്‌ക്കും.
1800സിസിയില്‍ കുറവുള്ള ട്രാക്ടറുകളുടെ ജിഎസ്‌ടി അഞ്ചുശതമാനമായി കുറച്ചത്‌ ട്രാക്ടറുകള്‍ കര്‍ഷകരുടെ വരുമാനത്തിലൊതുങ്ങുന്നതാക്കും. കന്നുകാലിവളര്‍ത്തല്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയും സമ്മിശ്രക്കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവയുമായ സ്ഥാപനങ്ങള്‍ക്കും ഇതു ഗുണം ചെയ്യും. കാരണം കാലിത്തീറ്റ കൃഷി ചെയ്യാനും കാലിത്തീറ്റ വിവിധസ്ഥലങ്ങളിലേക്കു കൊണ്ടുപോകാനും, കാര്‍ഷികോല്‍പന്നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നീക്കാനും ട്രാക്ടറുകള്‍ ഉപയോഗിക്കാനാവും. ട്രാക്ടറിന്റെ ഭാഗങ്ങളായ ടയറുകള്‍, ട്യൂബുകള്‍, ഹൈഡ്രോളിക്‌ പമ്പുകള്‍ തുടങ്ങിയവയുടെയും നികുതി 18 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമായി കുറച്ചത്‌ കാര്‍ഷികസഹകരണസ്ഥാപനങ്ങള്‍ക്കു ചെലവു കുറയ്‌ക്കുന്ന കാര്യത്തില്‍ നേരിട്ടു പ്രയോജനം ചെയ്യും.

വളംനിര്‍മാണത്തിനുപയോഗിക്കുന്ന അമോണിയ, സള്‍ഫ്യൂറിക്‌ ആസിഡ്‌, നൈട്രിക്‌ ആസിഡ്‌്‌ എന്നിവയുടെ ജിഎസ്‌ടി 18 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമാക്കിയിട്ടുണ്ട്‌. ഇതു വളംകമ്പനികളുടെ ഉല്‍പാദനചെലവു കുറയ്‌ക്കും. അതനുസരിച്ചു കര്‍ഷകര്‍ക്കു പ്രയോജനമുണ്ടാകും. യഥാസമയത്തും കുറഞ്ഞവിലയ്‌ക്കും കര്‍ഷകര്‍ക്കു വളം കിട്ടും. ഇതു നിരവധി സഹകരണസ്ഥാപനങ്ങള്‍ക്കു വിളവെടുപ്പു കാലത്തു ഗുണപ്പെടും. 12 ജൈവകീടനാശിനികളുടെയും നിരവധി സൂക്ഷ്‌മപോഷകങ്ങളുടെയും ജിഎസ്‌ടിയും 12 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്‌. ഇതു പരിസ്ഥിതിസൗഹൃദഉല്‍പന്നങ്ങള്‍ക്കും സുസ്ഥിരകൃഷിരീതികള്‍ക്കും നല്ലതാണ്‌. ജൈവകീടനാസിനികളുംമറ്റും കുറഞ്ഞവിലയ്‌ക്കു കിട്ടുന്നത്‌ കര്‍ഷകരെ രാസവളങ്ങളില്‍നിന്നു ജൈവവളങ്ങളലേക്കു മാറാന്‍ പ്രേരിപ്പിക്കും. മണ്ണിന്റെ ആരോഗ്യവും വിളകളുടെ ഗുണനിലവാരവും മെച്ചപ്പെടും. സര്‍ക്കാരിന്റെ ജൈവക്കൃഷിമിഷനുമായി സഹകരിക്കുന്ന ജൈവകര്‍ഷകര്‍ക്കും കര്‍ഷഉല്‍പാദകസ്ഥാപനങ്ങള്‍ക്കും ഇതുകൊണ്ടു മെച്ചമുണ്ടാകും. കാര്‍ഷികമേഖലയിലെ നിരവധി സഹകരണസ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
ട്രക്കുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങിയ വാണിജ്യച്ചരക്കുവാഹനങ്ങളുടെ ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ചിട്ടുണ്ട്‌. ഇതു ട്രക്കുകളുടെ മുതല്‍മുടക്കു കുറയ്‌ക്കും. ട്രക്കുകള്‍ ഇന്ത്യയിലെ വിതരണശൃംഖലയുടെ നട്ടെല്ലാണ്‌. 65-70 ശതമാനം ചരക്കുഗതാതവും ട്രക്കുകളിലൂടെയാണ്‌. ജിഎസ്‌ടി കുറച്ചതു ഗതാഗതച്ചെലവു കുറയ്‌ക്കുകയും അതു കാര്‍ഷികോല്‍പന്നവിലകളില്‍ പ്രതിഫലിക്കുകയും ചെയ്യും. ചരക്കുവാഹനങ്ങളുടെ തേര്‍ഡ്‌പാര്‍ട്ടി ഇന്‍ഷുറന്‍സിന്‍മേലുള്ള ജിഎസ്‌ടി 12 ശതമാനത്തില്‍നിന്ന്‌ അഞ്ചുശതമാനമായി കുറച്ചതും ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റുകളും വളര്‍ച്ചയ്‌ക്കു ഗുണപ്രദമാണെന്നും സഹകരണമന്ത്രാലയം വിലയിരുത്തി.

Moonamvazhi

Authorize Writer

Moonamvazhi has 601 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!