ഡിഐസിജിസി സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ക്കു നല്‍കിയത് 478 കോടി
നിക്ഷേപഇന്‍ഷുറന്‍സ് വായ്‌പാഗ്യാരന്റി കോര്‍പറേഷന്‍ (ഡിജിസിഐ) മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ക്കും ക്ലെയിമിനത്തില്‍ നല്‍കിയത് 478 കോടി. കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ബാങ്കുകളില്‍ ഏറെയും സഹകരണബാങ്കുകളാണെന്നു കോര്‍പറേഷന്‍ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1982 ബാങ്കുകളില്‍ 1843 എണ്ണവും സഹകരണബാങ്കുകളാണ്. ഇതില്‍ 1457 എണ്ണം അര്‍ബന്‍ബാങ്കുകളും 352 എണ്ണം ജില്ലാബാങ്കുകളും 34 എണ്ണം സംസ്ഥാനസഹകരണബാങ്കുകളുമാണ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ ക്ലെയിം തീര്‍ക്കാന്‍ 476 കോടി കോര്‍പറേഷന്‍ നല്‍കി്. ഇതില്‍ 331 കോടി പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകരെ സഹായിക്കാനുള്ള സ്‌കീമില്‍ (എഐഡി) നല്‍കിയതാണ്. അടച്ചുപൂട്ടിയതും ലയിച്ചതുമായ ബാങ്കുകള്‍ക്കായി 145 കോടി കൊടുത്തു. സഹകരണബാങ്കുകളിലെ 98.1 ശതമാനം അക്കൗണ്ടുകളും കോര്‍പറേഷന്റെ പൂര്‍ണസംരക്ഷണം ഉള്ളവയാണ്. ആകെ നിക്ഷേപങ്ങളുടെ 61.9 ശതമാനത്തിനും ഇന്‍ഷുറന്‍സുണ്ട്.
2024-25ല്‍ കോര്‍പറേഷനു പ്രീമിയമായി കിട്ടിയത് 26764 കോടിയാണ്. ഇതില്‍ 1412 കോടിയും സഹകരണബാങ്കുകളില്‍നിന്നാണ്. അടച്ചുപൂട്ടിയ ബാങ്കുകളില്‍നിന്നും എഐഡി സഹകരണബാങ്കുകളില്‍നിന്നുമുള്ള തിരിച്ചടക്കലായി 1309 കോടിരൂപ കിട്ടി. അടച്ചുപൂട്ടിയ സഹകരണബാങ്കുകളില്‍നിന്നു കോര്‍പറേഷനു തിരിച്ചുപടിക്കാനായത് 1069.73 കോടിയാണ്. എഐഡി ബാങ്കുകളില്‍നിന്നു 236 കോടിയും. സ്ഥാപിതമായശേഷം ഇതുവരെ 16940.7 കോടിയുടെ ക്ലെയിമുകള്‍ കോര്‍പറേഷന്‍ തീര്‍ത്തിട്ടുണ്ട്. ഇതില്‍ നല്ലൊരുഭാഗവും സഹകരണബാങ്കുകള്‍ക്കാണു കിട്ടിയത്. അടച്ചുപൂട്ടിയതും ലയിച്ചതും എഐഡി യില്‍ പെട്ടതുമായ ബാങ്കുകള്‍ക്കെല്ലാംകൂടി 6809.45 കോടി നല്‍കി. കോര്‍പറേഷന്‍ സാമ്പത്തികമായ ശക്തമാണെന്ന് ഇതു വ്യക്തമാക്കുന്നു. സഹകരണബാങ്കുകളും പേമെന്റ് ബാങ്കുകളും ഗ്രാമീണബാങ്കുകളുമായി 293.7 കോടി അക്കൗണ്ടുകള്‍ക്ക് ഇന്‍ഷുറന്‍സുണ്ട്. അതില്‍തന്നെ 286.5 കോടി അക്കൗണ്ടുകള്‍ പൂര്‍ണസംരക്ഷണമുള്ളവയാണ്.