കേരളത്തിലും സഹകരണസര്‍വകലാശാല വരുമെന്നു സൂചന നല്‍കി സഹകരണമന്ത്രി
- കെഎസ്‌ആര്‍ടിസിയുമായി സഹകരിച്ചു തീര്‍ഥാടനടൂറിസം പ്രോല്‍സാഹിപ്പിക്കണം
- വിഷന്‍2031ല്‍ മുഖ്യം തദ്ദേശസ്ഥാപനങ്ങളുമായുള്ള വികസനസഹകരണം
- ക്ലാസിഫിക്കേഷനും നിക്ഷേപഗ്യാരന്റിയും ക്ഷീണസംഘപുനരുജ്ജീവനവും ഉടന്‍
ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍സഹകരണസര്‍വകലാശാലയ്‌ക്കുപുറമെ കേരളത്തില്‍ സംസ്ഥാനതലത്തില്‍ സഹകരണസര്‍വകലാശാല വരുമെന്നു സൂചന നല്‍കി സഹകരണമന്ത്രി വി.എന്‍. വാസവന്‍. കോട്ടയം ഏറ്റുമാനൂര്‍ ഗ്രാന്റ് അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വിഷന്‍ 2031- സഹകരണവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസനലക്ഷ്യങ്ങളും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യവെയാണു സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ സഹകരണമന്ത്രിതന്നെ കേരളത്തില്‍ ഒരു സഹകരണസര്‍വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഗുജറാത്തിലെ ആനന്ദില്‍ ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) ആസ്ഥാനമായി രൂപവല്‍കരിച്ചദേശീയതലത്തിലുള്ള ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയെപ്പറ്റി മന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായില്ല.

ജി. സുധാകരന്‍ സഹകരണമന്ത്രിയായിരിക്കെ ഏറ്റുമാനൂര്‍ എം.എല്‍.എ.യായിരുന്ന താന്‍ സഹകരണസര്‍വകലാശാലയുടെ ആവശ്യകത നിയമസഭയില്‍ ഉന്നയിച്ച കാര്യം മന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. സുധാകരന്‍ അനുകൂലമായി പ്രതികരിച്ചു. പരിഗണിക്കുമെന്നു പറയുകയും ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ അതു സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കുകയും ചെയ്‌തു. അദ്ദേഹം അനുകൂലറിപ്പോര്‍ട്ടാണു നല്‍കിയിട്ടുള്ളത്. സംസ്ഥാനസഹകരണയൂണിയന്‍തന്നെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘവും സഹകരണസര്‍വകലാശാല സ്ഥാപിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി സഹകരണവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടുതാനും. താന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു പങ്കെടുത്ത ജോര്‍ദാനിലെ ഏഷ്യാ-പസഫിക് മേഖലയിലെ സഹകരണമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു രാജ്യങ്ങളില്‍ സഹകരണസര്‍വകലാശാലകളുണ്ട്. അവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സഹകരണസര്‍വകലാശാലകളുടെ നേട്ടങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായെന്നും മന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളുംതമ്മിലുള്ള സഹകരണത്തിനാണു വിഷന്‍ 2031ല്‍ പ്രഥമപരിഗണനയെന്നു മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ മികച്ച പദ്ധതികള്‍ക്കു സഹകരണസ്ഥാപനങ്ങള്‍ ധനസഹായം നല്‍കി പ്രാദേശികവികസനം നടപ്പാക്കാം. സര്‍ക്കാരിന്റെ ധനസഹായത്തിനു കാത്തുനില്‍ക്കേണ്ടതില്ല. തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മന്ത്രിയുമായി ചര്‍ച്ചക്കു തിയതിയും നിശ്ചയിച്ചിട്ടുണ്ട്. തീര്‍ഥാടനടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹകരണസ്ഥാപനങ്ങള്‍ക്കു കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചു ടൂറിസംപദ്ധതികള്‍ ഏറ്റെടുക്കാവുന്നതാണ്. കായല്‍-മണ്‍സൂണ്‍-കനാല്‍ ടൂറിസങ്ങള്‍ക്കും കേരളത്തില്‍ ഏറെ സാധ്യതയുണ്ട്. മെഡിക്കല്‍ കോളേജുകളുടെയും സഹകരണആശുപത്രികളുടെയും പരിസരത്ത് ഒഴിവുള്ള വീടുകള്‍ പ്രയോജനപ്പെടുത്തി മെഡിക്കല്‍ ടൂറിസവും സഹകരണസ്ഥാപനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കാനാവും. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും റോബോട്ടിക് ഇന്റലിജന്‍സുമായും ബന്ധപ്പെട്ട കോഴ്‌സുകളുടെ സാധ്യത കേപ്പ് ആരായണം. പുതിയതൊഴിലവസരങ്ങള്‍ക്കു പറ്റിയ പരിശീലനസൗകര്യങ്ങളും ഏര്‍പ്പെടുത്തണം. സഹകരണാശുപത്രികള്‍ക്കു കൂടുതല്‍പേര്‍ക്കു കുറഞ്ഞനിരക്കില്‍ സേവനമെത്തിക്കാനായി സഹകരണസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവല്‍കരിക്കാം. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ സൗരോര്‍ജപാനലുകള്‍ ഉപയോഗിക്കുകയും അംഗങ്ങളെ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെറുകിടജലവൈദ്യുതപദ്ധതികള്‍ക്കു ധനസഹായം നല്‍കുകയും വേണം. അപൂര്‍വം സ്ഥലങ്ങളിലേ സാധിക്കുകയുള്ളൂവെങ്കില്‍പോലും കാറ്റില്‍നിന്നു വൈദ്യുതിഉല്‍പാദിപ്പിക്കാനുള്ള യത്‌നങ്ങളെയും പ്രോല്‍സാഹിപ്പിക്കണം. നെല്‍കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണം പരിഹരിക്കാന്‍ കോട്ടയത്ത് ഒരു മില്‍ മാര്‍ച്ചില്‍ ഉദ്‌ഘാടനം ചെയ്യും. പാലക്കാട് മില്‍ അടുത്തുതന്നെ നിര്‍മാണത്തിലേക്കു കടക്കും. ആര്‍ബിട്രേഷന്‍ കാലതാമസം ഒഴിവാക്കാന്‍ മുന്‍സിഫിനെത്തന്നെ ലഭ്യമാക്കുകയും സിറ്റിങ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നിക്ഷേപഗ്യാരന്റി സ്‌കീമില്‍ ലിക്വിഡേഷനു കാത്തിനില്‍ക്കാതെതന്നെ നിക്ഷേപകര്‍ക്കു 10ലക്ഷം രൂവ വരെ ലഭ്യമാക്കുന്ന പദ്ധതി അടുത്തുതന്നെ ഉദ്‌ഘാടനം ചെയ്യും. ക്ഷീണസംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതിയുടെ ഉദ്‌ഘാടനവും ഉടനുണ്ടാവുമെന്നു മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പ്രൊഫ. ഡോ. എന്‍. ജയരാജ് അധ്യക്ഷനായി. സഹകരണവകുപ്പിന്റെ നേട്ടങ്ങളും പദ്ധതികളും സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാമാധവന്‍ വിശദീകരിച്ചു. എം.എല്‍.എമാരായ സെബാസസ്റ്റ്യന്‍ കുളത്തുങ്കല്‍, സി.കെ. ആശ, സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കോട്ടയംജില്ലാപഞ്ചായത്തുപ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു സ്വാഗതം പറഞ്ഞു.
പ്രതിനിധികള്‍ ഒമ്പതുഗ്രൂപ്പായി വികസനരേഖ ചര്‍ച്ച ചെയ്‌തു. കേരളപ്പിറവിയുടെ 75-ാംവാര്‍ഷികത്തോടനുബന്ധിച്ചു 2031-ഓടെ അഭിമാനിക്കാവുന്ന കേരളസഹകരണമാതൃക കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണു വിഷന്‍ 2031 പദ്ധതി രൂപവല്‍കരിച്ചിട്ടുള്ളത്.

