CASA നിക്ഷേപം കേരള ബാങ്കിന്റെ സേവനം അപര്യാപ്തം – സഹകാരികള്‍
ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ കാലമായതിനാല്‍ ഇടപാടുകാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ബാങ്ക് ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കേരള ബാങ്കില്‍ നിലവില്‍ ഈ സാഹചര്യം ഇല്ലാത്തതുകൊണ്ട് തന്നെ ബാങ്കിംഗ് മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മറ്റുള്ള ബാങ്കുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള കോപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി. സുമോദ് അഭിപ്രായപ്പെട്ടു.
CASA നിക്ഷേപം ( നോണ്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് ) സഹകരണ ബാങ്കുകള്‍ മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനെതിരായ സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രഥമിക സഹകരണ സംഘങ്ങള്‍ RTGS Netf എന്നീ സൗകര്യങ്ങളുണ്ട് എന്ന പ്രചരണം നടത്തുന്നത് കാരണം നിരവധി ഇടപാടുകാരെ ലഭിച്ചിട്ടുണ്ട്. ഈ സംവിധാനം ഇല്ലാതാകുമ്പോള്‍ ക്യാഷ് കേരള ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നത് കോടികളുടെ വര്‍ദ്ധനവുണ്ടാക്കും ഇതോടെ 194 N അനുസരിച്ച് ടാക്‌സ് വര്‍ദ്ധനവും ഉണ്ടാകുമെന്ന് കാട്ടാക്കട ബാങ്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.
പ്രൈവറ്റ് ബാങ്കുകളെ ആശ്രയിച്ചാണ് ഇപ്പോഴും സര്‍വീസ് സഹകരണ ബാങ്കുകള്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. നിലവില്‍ അതിനുള്ള സംവിധാനം കേരള ബാങ്ക് ഒരുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് മാറിയ സാഹചര്യത്തില്‍ പെട്ടെന്ന് ഫണ്ട് കേരള ബാങ്കില്‍ തന്നെ ഇടണം എന്നു പറയുമ്പോള്‍ അത് നിക്ഷേപകര്‍ മറ്റുള്ള ബാങ്കുകളെ ആശ്രയിക്കാന്‍ ഇടവരുത്തുമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഒാര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി അഭിപ്രായപ്പെട്ടു.
സഹകരണബാങ്കുകളുടെ CASA നിക്ഷേപം കേരള ബാങ്കില്‍ തന്നെ നിക്ഷേപിക്കണം എന്നത് പുതിയ ഒരു കാര്യമല്ല, എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏതെല്ലാം സര്‍വീസുകളാണ് നല്‍കുന്നത് എന്നതുകൂടി ഈ സമയത്ത് പരിശോധിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ചെക്ക് ക്ലിയര്‍ ചെയ്യണമെങ്കില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് സമയം എടുക്കുന്നുണ്ട്. ഇപ്പോള്‍ ഡിജിറ്റല്‍ ബാങ്കിന്റെ കാലമായതുകൊണ്ട് തന്നെ മറ്റു ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ സഹകരണ ബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നില്ല. അതുകൊണ്ടാണ് നിക്ഷേപകര്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനുവേണ്ടി മറ്റുള്ള ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നും ഇപ്പോള്‍ സഹകരണസംഘങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കേരള ബാങ്കില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എല്ലാ നിക്ഷേപവും കേരള ബാങ്കില്‍ തന്നെ നിക്ഷേപിക്കണം എന്നതിനോട് യോജിക്കുന്നുവെന്ന് കേരള സഹകരണ ഫെഡറേഷന്‍ സെക്രട്ടറി എം.പി. സാജു അഭിപ്രായപ്പെട്ടു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളും മരവിപ്പിക്കാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെന്റ്ര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും അഭിപ്രായപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന് നികുതി ഒഴിവാക്കി കിട്ടുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെടുകയും അനുവദിച്ചു കിട്ടുകയുമാണെങ്കില്‍ CASA നിക്ഷേപങ്ങള്‍ മുഴുവനും കേരള ബാങ്കില്‍ നിക്ഷേപിക്കുന്നതിന് സംഘങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കാരന്തൂര്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ദിനേശ് കാരന്തൂര്‍ അഭിപ്രായപ്പെട്ടു.