സഹകരണജീവനക്കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ്‌; സഹകരണവയോജനകേന്ദ്രങ്ങള്‍ക്കു പദ്ധതി

Moonamvazhi
  • കണ്‍സ്യൂമര്‍ഫെഡ്‌ വഴി വിപണീഇടപെടലിന്‌ 75 കോടി
  • ഹാന്റ്‌കസ്‌ പുനരുജ്ജീവനത്തിന്‌ 20 കോടി
  • സഹകരണസ്‌പിന്നിങ്‌ മില്ലുകള്‍ക്ക്‌ 7 കോടി

മെഡിസെപ്പ്‌ മാതൃകയില്‍ സഹകരണജീവനക്കാര്‍ക്കും സഹകരണപെന്‍ഷന്‍കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ്‌ പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യാഴാഴ്‌ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. 182972.10 കോടി രൂപ വരവും 217558.76 കോടി രൂപ ചെലവും 34586.66 കോടിരൂപ കമ്മിയും പ്രതീക്ഷിക്കുന്നതാണു ബജറ്റ്‌.

സഹകരണമേഖലക്ക്‌ 142.52 കോടിയാണു വകയിരുത്തിയിട്ടുള്ളത്‌. സഹകരണമേഖലക്കു കീഴില്‍ കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്‍വഴി (കണ്‍സ്യൂമര്‍ഫെഡ്‌) വിപണിയില്‍ ഇടപെടാന്‍ 75 കോടി വകയിരുത്തിയിട്ടുണ്ട്‌.

മക്കള്‍ വിദേശത്തായതിനാല്‍ ഒറ്റപ്പെടുന്ന അച്ഛനമ്മമാരെ പരിചരിക്കാനുള്ള സഹകരണവയോജനപരിചരണപാലിയേറ്റീവ്‌ കേന്ദ്രങ്ങള്‍ക്കുള്ള പദ്ധതിക്കായി 21.40 കോടിരൂപ, സാങ്കേതികവിദ്യാധിഷ്‌ഠിതസഹകരണസംരംഭത്തിന്‌ (സിറ്റ) 35 കോടിരൂപ, പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ വിവിധപദ്ധതികള്‍ക്കായി 15.95 കോടിരൂപ, സഹകരണറിസ്‌ക്‌ഫണ്ടിലേക്കു സംസ്ഥാനവിഹിതമായി 7 കോടി, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്പ്‌) സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ കൂട്ടാനും നൈപുണ്യവിജഞാനവികസനകേന്ദ്രത്തിനും സാഗര ആശുപത്രി നവീകരണത്തിനും ഇന്‍കുബേഷന്‍ സെന്റിനുമായി 6 കോടി, പട്ടികജാതി-പട്ടികവര്‍ഗസഹകരണഫെഡറേഷന്റെ പുനരുദ്ധാരണത്തിനും പുതിയപദ്ധതികളുടെ നടത്തിപ്പിനും സഹായത്തിനുംമറ്റുമായി 6 കോടി, വനിതാസഹകരണസംഘങ്ങള്‍ക്കും വനിതാഫെഡിനുമായി 3.54 കോടി, കേരള നെല്ലുസംഭരണസംസ്‌കരണവിപണനസഹകരണസംഘത്തിന്റെ (കാപ്‌കോസ്‌) ഏറ്റുമാനൂര്‍ അരിമില്ലിന്‌ 10 കോടി എന്നിങ്ങനെയാണു സഹകരണവകുപ്പിനുള്ള വിഹിതങ്ങള്‍.

മില്‍മയ്‌ക്ക്‌ (കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍) 8.70 കോടി വകയിരുത്തിയിട്ടുണ്ട്‌. പ്രാഥമികക്ഷീരസഹകരണസംഘങ്ങളുടെ സൗകര്യങ്ങള്‍ കൂട്ടാനും ആധുനികമാക്കാനും 22.55 കോടിയുണ്ട്‌.

സഹകരണമേഖല ഏറെ ശക്തമായ പരമ്പരാഗതവ്യവസായങ്ങള്‍ക്കുള്ള വിഹിതം 242.34 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. ശക്തമായ സഹകരണപ്രസ്ഥാനസാന്നിധ്യമുള്ള കരകൗശലമേഖലക്ക്‌ 4.34 കോടിയുണ്ട്‌. കൈത്തറി-പവര്‍ലൂം മേഖലയ്‌ക്ക്‌ 59 കോടിയാണു നീക്കിവെക്കുന്നത്‌. വിപണനം, കയറ്റുമതിപ്രോല്‍സാഹനം, ആധുനികമാക്കല്‍, ഗുണനിലവാരം ഉയര്‍ത്തല്‍, പ്രീമിയം ഉല്‍പന്നങ്ങളുടെ വികസനം, ന്യായവിലയ്‌ക്കു ഗുണനിലവാരമുളള അസംസ്‌കൃതവസ്‌തുക്കള്‍ ഉറപ്പാക്കല്‍, നെയ്‌ത്തുകാരുടെ ക്ഷേമം, നെയ്‌ത്തുകാരെ പ്രചോദിപ്പിക്കാനുള്ള പ്രോല്‍സാഹനങ്ങള്‍ എന്നിവയ്‌ക്കാണ്‌ ഈ തുക.

തുണിമില്‍ യൂണിറ്റുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി തുടങ്ങും. ഇതിനു ഒരുകോടി രൂപയുണ്ട്‌. കൈത്തറിത്തൊഴിലാളിസഹകരണസംഘങ്ങളുടെ അപ്പെക്‌സ്‌ സ്ഥാപനമായ ഹാന്റക്‌സിന്റെ പുനരുജ്ജീവനപദ്ധതിക്കായി 20 കോടി വകയിരുത്തി. കൈത്തറിസഹകരണസംഘങ്ങളെയും ഹാന്റെക്‌സിനെയും ഹാന്‍വീവിനെയും വായ്‌പാസൗകര്യങ്ങള്‍ക്കു കൂടുതല്‍ യോഗ്യമാക്കാന്‍ ഓഹരിപങ്കാളിത്തത്തിന്‌ 5.30 കോടി വകയിരുത്തിയിട്ടുണ്ട്‌. കൈത്തറിസഹകരണസംഘങ്ങളുടെ പ്രീലൂം പ്രവര്‍ത്തനങ്ങള്‍ക്കും സ്‌പിന്നിങ്ങിനും നെയ്‌ത്തിനും ഡൈയിങ്ങ്‌-പ്രിന്റിങ്ങിനും അടിസ്ഥാനസൗകര്യവികസനത്തിനും 4കോടിയുണ്ട്‌.

തുണിമില്‍സഹകരണസ്ഥാപനങ്ങളുടെ അപ്പെക്‌സ്‌ സ്ഥാപനമായ ടെക്‌സ്‌ഫെഡിന്റെ കഴീലുള്ള സഹകരണസ്‌പിന്നിങ്‌ മില്ലുകളുടെ പുനരുദ്ധാരണത്തിന്‌ 7 കോടി നീക്കിവച്ചു.

കശുവണ്ടിത്തൊഴിലാളിവ്യവസായസഹകരണസംഘങ്ങളുടെ അപ്പെക്‌സ്‌ സ്ഥാപനമായ കാപ്പെക്‌സിനും 3.50 കോടി നീക്കിവച്ചിട്ടുണ്ട്‌.

സഹകരണവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കുള്ള വിഹിതങ്ങള്‍ക്കുപൂറമെ വിവിധ വകുപ്പുകള്‍ക്കു പ്രഖ്യാപിച്ചിട്ടുള്ള വിഹിതങ്ങള്‍ ആ മേഖലകളില സഹകരണസ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടും. ഉദാഹരണമായി കരകൗശലകൈവേലക്കാര്‍ക്ക്‌ (ആര്‍ടിസാന്‍സ്‌) 50% സബ്‌സിഡിയോടെ തൊഴിലുപകരണങ്ങള്‍ വാങ്ങാനുംമറ്റും സഹായിക്കാനുള്ള പദ്ധതി. നല്ലൊരുഭാഗം ആര്‍ടിസാന്‍സും ആര്‍ട്‌കോ പോലുള്ള സഹകരണസ്ഥാപനങ്ങളില്‍ അംഗങ്ങളാണെന്നതിനാല്‍ അവ പരോക്ഷമായി സഹകരണരംഗത്തിനുകൂടി ഗുണകരമാണ്‌. മണ്‍പാത്രനിര്‍മാതാക്കള്‍ക്കു പരിസ്ഥിതിസൗഹൃമായരീതിയില്‍ കാര്യങ്ങള്‍ നടത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഒരുകോടിരൂപയുടെ പ്രജയോനവും പരോക്ഷമായി മണ്‍പാത്രനിര്‍മാണത്തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കും പ്രയോജനം ചെയ്യും. നെല്‍-മല്‍സ്യ-കാര്‍ഷികമേഖലകള്‍ക്കു പ്രഖ്യാപിച്ച വിഹിതങ്ങളും സഹകരണപ്രസ്ഥാനം ഏറെ ശക്തമായ മേഖലകളെന്ന നിലയില്‍ പരോക്ഷമായി സഹകരണരംഗത്തിനുകൂടി ശക്തി പകരും.

കയര്‍വ്യവസായമേഖലയുടെ പുനരുജ്ജീവനപദ്ധതികള്‍ക്ക്‌ 30 കോടി അധികം വകയിരുത്തിയിട്ടുണ്ട്‌. 110.64 കോടിയാണു കയര്‍മേഖലയ്‌ക്കുള്ള വിഹിതം. കയര്‍വ്യവസായത്തിന്റെ ഉല്‍പാദനക്ഷമത കൂട്ടാനും നവീകരിക്കാനും 20 കോടിയുണ്ട്‌. ചകിരിച്ചോര്‍ വ്യാവസായികമായി സംസ്‌കരിച്ചു വില്‍ക്കാന്‍ പുതിയ പദ്ധതി നടപ്പാക്കും. ഇതിന്‌ 3 കോടിയുണ്ട്‌. കയറിന്റെയും കയറുല്‍പന്നങ്ങളുടെയും ഉല്‍പാദന-വിപണന-പ്രചോദനപദ്ധതിക്കു 11 കോടി കിട്ടും. ഈ രംഗത്തെ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ 7 കോടി നല്‍കും. കയറിന്റെയും കയറുല്‍പന്നങ്ങളുടെയും വിപണീവികസനസഹായമായി 10 കോടി നല്‍കും. കയറുല്‍പന്നങ്ങളുടെ വിലവ്യതിയാനസ്ഥിരതാനിധിക്കു 36 കോടിയുണ്ട്‌. കയര്‍ഉല്‍പാദനസഹകരണസംഘങ്ങള്‍ പുക്രമീകരിക്കാനും മാനേജീരിയല്‍ സബ്‌സിഡി നല്‍കാനും 13.50 കോടി വകയിരുത്തി.

ഖാദി-ഗ്രാമവ്യവസായങ്ങള്‍ക്കു 16.70 കോടി വകയിരുത്തിയി്‌്‌ട്ടുണ്ട്‌.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 95% നെല്ലും സര്‍ക്കാരാണു സംഭരിക്കുന്നത്‌. പിആര്‍എസ്‌ വായ്‌പാരീതി ഒഴിവാക്കി പ്രാദേശികസഹകരണസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്കു സംഭരണസമയത്തുതന്നെ പണം നല്‍കുന്ന രീതി കേരളബാങ്കിന്റെ ധനസഹായത്തോടെ ഡിജിറ്റല്‍ പോര്‍ട്ടലിന്റെ മേല്‍നോട്ടത്തില്‍ അടുത്തസീസണ്‍മുതല്‍ നടപ്പാക്കും. ഇത്തരം നെല്ലുവികസനപദ്ധതികളുടെ സംയോജനത്തിന്‌ 150കോടിരൂപ വകയിരുത്തിയിട്ടുണ്ട്‌. നാളികേരവികസനത്തിനും 73 കോടി വകയിരുത്തി.പഴവര്‍ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ കൃഷി വ്യാപിപ്പിക്കാനും പഴവര്‍ഗക്കൃഷിവിസ്‌തൃതിയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും 20.92 കോടി വകയിരുത്തി. ഉല്‍പാദകസംഘങ്ങളെ വികസിപ്പിക്കാനും സാങ്കേതികവിദ്യ നല്‍കാനും 5കോടി വകയിരുത്തി. തൊഴിലാളിക്ഷാമം പരിഹരിക്കാനും കാര്‍ഷികസേവനകേന്ദ്രങ്ങളും കാര്‍ഷികകര്‍മസേനകളും കസ്റ്റം ഹയറിങ്‌ സെന്ററുകളും ശക്തമാക്കാനും ഏകകേന്ദ്രസേവനം നല്‍കാനുമുള്ള പദ്ധതിക്കു 10 കോടി വകയിരുത്തി. ഹൈടെക്‌ പ്രിസിഷന്‍ ഫാമിങ്‌ തുടങ്ങാന്‍ മൂന്നുശതമാനം പലിശസബ്‌സിഡിയോടെ വായ്‌പ കൊടുക്കാന്‍ 10 കോടി വകയിരുത്തി.

മൃഗസംരക്ഷണമേഖലക്കു 318.46 കോടിയുണ്ട്‌. സങ്കരയിനബീജസങ്കലനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 9.20 കോടി, മൃഗസംരക്ഷണസേവനം വീട്ടുപടിക്കലെത്തിക്കാന്‍ 18.50കോടി, മൃഗസംരക്ഷവകുപ്പിന്റെ ഫാമുകള്‍ സംരക്ഷിക്കാനും ശക്തമാക്കാനും 18കോടി, വെറ്ററിനറി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ 38 കോടി, കന്നുകുട്ടി പരിപാലനപദ്ധതി വ്യാപിപ്പിക്കാന്‍ 48.50 കോടി, മൃഗചികില്‍സ ശക്തമാക്കാന്‍ 44.50 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്‌.

ക്ഷീരവികസനത്തിനു 128.05 കോടി വകയിരുത്തിയിട്ടുണ്ട്‌. ധര്‍മടം-വേങ്ങാട്‌ ആഗോളക്ഷിരഗ്രാമത്തിനു 10 കോടി, മില്‍ക്‌ ഷെഡ്‌ വികസനത്തിന്‌ 45 കോടി, ഗ്രാമീണക്ഷീരവിപുലീകരണത്തിനും ഉപദേശനിര്‍ദേശങ്ങള്‍ക്കും 12 കോടി, ക്ഷീരലബോറട്ടറികള്‍ ശക്തമാക്കാന്‍ 8 കോടി, കാലിത്തീറ്റ സബ്‌സിഡിക്ക്‌ 8 കോടി, ക്ഷീരകര്‍ഷകക്ഷേമനിധിക്കു 4 കോടി, നെട്ടുകാല്‍ത്തേരി കാലിത്തീറ്റഫാമും മാതൃകാക്ഷീരയൂണിറ്റും സ്ഥാപിക്കാന്‍ 10 കോടി എന്നിങ്ങനെ വകയിരുത്തി.

മല്‍സ്യബന്ധനവകുപ്പിന്‌ 166.31 കോടിരൂപയും ഹാര്‍ബര്‍ എഞ്ചിനിയറിങ്‌ വകുപ്പിനു 35.31 കോടിയും, കുഫോസിനു 37.50 കോടിയും ഉള്‍പ്പെടെ 239.12 കോടി വകയിരുത്തിയിട്ടുണ്ട്‌. മറൈന്‍ ആംബുലന്‍സുകള്‍ക്കു രണ്ടരക്കോടിയുണ്ട്‌. സംയോജിതമല്‍സ്യബന്ധവികസനപരിപാലത്തിന്‌ 8 കോടി, സമ്പാദ്യസമാശ്വാസപദ്ധതി 22 കോടി, അക്വാകള്‍ച്ചര്‍ വികസനത്തിന്‌ 70 കോടി, അക്വാകള്‍ച്ചര്‍ വിപുലീകരണത്തിന്‌ 7.11 കോടി എന്നിങ്ങനെയാണു വകയിരുത്തലുകള്‍.

കാര്‍ഷികവിപണന, സംഭരണം, വെയര്‍ഹൗസിങ്‌ തുടങ്ങിയവയ്‌ക്കു 164.31 കോടിയുണ്ട്‌.

കുടുംബശ്രീക്ക്‌ ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ ഫുള്‍ഫില്‍മെന്റ്‌ സെന്ററുകള്‍ സ്ഥാപിച്ച്‌ ഉല്‍പാദകരെയും വിതരണക്കാരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കാന്‍ 22.27 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ഗ്രാമീണവനിതാതൊഴിലിടങ്ങളും കമ്മൂണിറ്റി കിച്ചണ്‍ ഫാക്ടറികളും സ്ഥാപിക്കാന്‍ 10കോടി വകയിരുത്തിയിട്ടുണ്ട്‌. കുടുംബശ്രീയുടെ ബജറ്റുവിഹിതം 275 കോടിയാക്കി്‌.

ശക്തമായി സഹകരണസ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ പരോക്ഷമായി സഹകരണരംഗത്തിനുകൂടി ഗുണപ്പെടുന്ന മറ്റു വകയിരുത്തലുകള്‍ താഴെ പറയുന്നു.

  • ശക്തമായ മറൈന്‍ എക്കോസിസ്‌റ്റം സൃഷ്ടിച്ച്‌ ബ്ലൂഎക്കോണി ശക്തമാക്കാന്‍ 10കോടി.
  • വയോധികര്‍ക്കു റിട്ടയര്‍മെന്റ്‌ ഹോമുകള്‍ സ്ഥാപിക്കാന്‍ സബ്‌സിഡി 30 കോടി. (കൊല്ലത്തെ എന്‍.എസ്‌. സഹകരണആശുപത്രി ഇത്തരമൊരു വിപുലമായ കേന്ദ്രം തുടങ്ങിയിട്ടുണ്ട്‌)
  • കരകൗശലകൈവേലക്കാര്‍ക്ക്‌ (ആര്‍ടിസാന്‍സ്‌) 50ശതമാനം സബ്‌സിഡിയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം നല്‍കാന്‍ 5കോടി (ആര്‍ടിസാന്‍മാര്‍ ഭൂരിപക്ഷവും ആര്‍ട്‌കോ അടക്കമുള്ള വിവിധ ആര്‍ടിസാന്‍ സഹകരണസംഘങ്ങളില്‍ അംഗങ്ങളാണ്‌)
  • പരിസ്ഥിതിസൗഹൃദമായ മണ്‍പാത്രനിര്‍മാണം പ്രോല്‍സാഹിപ്പിക്കാന്‍ 1കോടി (മണ്‍പാത്രനിര്‍മാണത്തൊഴിലാളികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതു മണ്‍പാത്രനിര്‍മാണത്തൊഴിലാളിസഹകരണസംഘങ്ങള്‍ ഒരുക്കുന്ന സംവിധാനങ്ങളിലാണ്‌. ഉദാഹരണം: എറണാകുളം ആലുവ കീഴ്‌മാട്ടുള്ള കളിമണ്‍തൊഴിലാളിക്ഷേമവ്യവസായസഹകരണസംഘം)
  • സമഗ്രപച്ചക്കറിവികസനത്തിന്‌ 78.45 കോടി (വ്യവസായമന്ത്രി പി. രാജീവ്‌ മുന്‍കൈയെടുത്തു നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി അടക്കമുള്ള വിവിധ പച്ചക്കറിക്കൃഷിവികസനപദ്ധതികളുടെ പ്രധാനപിന്‍ബലം സഹകരണസംഘങ്ങളാണ്‌).
  • സൗജന്യസ്‌കൂള്‍ യൂണിഫോം വിതരണത്തിന്‌ 150.34 കോടി (എല്ലാ എല്‍പി,യുപി വിദ്യാര്‍ഥികള്‍ക്കും രണ്ടുജോഡി സൗജന്യകൈത്തറിയൂണിഫോം നല്‍കുന്നതിനു കൈത്തറിത്തുണി ലഭ്യമാക്കുന്നതു പ്രധാനമായും കൈത്തറിത്തൊഴിലാളിസഹകരണസംഘങ്ങളിലൂടെയാണ്‌)
  • ബീഡി, ഖാദി, മുള, ചൂരല്‍, മല്‍സ്യബന്ധനവും സംസ്‌കരണവും, കശുവണ്ടി, കയര്‍, തഴപ്പായ, കരകൗശലനിര്‍മാണം തുടങ്ങിയ രംഗങ്ങളിലെ തൊഴിലാളികള്‍ക്ക്‌ 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കാന്‍ 107 കോടി.

 

Moonamvazhi

Authorize Writer

Moonamvazhi has 906 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!