കേരളത്തിലും സഹകരണബാങ്ക് ലയനം;പീപ്പിള്‍സ് ബാങ്ക് മഹാജനിക്കിനെ ഏറ്റെടുക്കും
എറണാകുളംജില്ലയിലെ മട്ടാഞ്ചേരി മഹാജനിക് സഹകരണ (എംഎംസി) അര്‍ബന്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കിന്റെ ഓഹരിയുടമകളുടെ വിശേഷാല്‍പൊതുയോഗം അനുമതി നല്‍കി. ലയനതീരുമാനം എംഎംസി ബാങ്ക് വിശേഷാല്‍പൊതുയോഗവും അംഗീകരിച്ചു. മമൂന്നുമാസത്തിനകം ലയനം റിസര്‍വ് ബാങ്ക് അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.എംഎംസിയുടെ രണ്ട് ഓഹരികള്‍ക്കു പീപ്പിള്‍സ് അര്‍ബന്‍ബാങ്കിന്റെ ഒരു ഓഹരി കിട്ടുമെന്നാണു ലയനധാരണ. എംഎംസിയുടെ അഞ്ചുശാഖകൂടിയാകുമ്പോള്‍ പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിന് 28 ശാഖയാവുകയും മട്ടാഞ്ചേരിമേഖലയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവുകയും ചെയ്യും.
വാണിജ്യനഗരമെന്ന നിലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മട്ടാഞ്ചേരിയില്‍ 1947ലാണു മഹാജനിക് സഹകരണബാങ്ക് രൂപവല്‍കരിച്ചത്. കാപ്പിക്കുരു സംഭരിക്കാന്‍ അഞ്ചുപേര്‍ ചേര്‍ന്നു തുടങ്ങിയ സംഘമാണു ബാങ്കായി വളര്‍ന്നത്. അതിനാല്‍ കാപ്പിക്കുരുബാങ്ക് എന്ന് അറിയപ്പെട്ടു. സഹകരണസംഘമായപ്പോള്‍ തുടക്കത്തില്‍ 50 അംഗങ്ങളായിരുന്നു. ഇന്നു മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്. തിരിച്ചടവിലെ വീഴ്‌ചയും കോവിഡുമൊക്കെയാണു ബാങ്കിനെ ബുദ്ധിമുട്ടിലാക്കിയത്.