പ്രാഥമിക സംഘങ്ങളിലൂടെ വിമാനടിക്കറ്റും കിട്ടും: അമിത്‌ഷാ

Deepthi Vipin lal

കമ്പ്യൂട്ടര്‍വല്‍കരണവും മറ്റ്‌ ആധുനികീകരണങ്ങളും പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ (പാക്‌സ്‌) വഴി വിമാനടിക്കറ്റ്‌ എടുക്കാന്‍വരെ കഴിയുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പറഞ്ഞു. ത്രിഭുവന്‍ സഹകരണസര്‍വകലാശാല സഹകരണമേഖലയ്‌ക്കുവേണ്ട പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളെ വേണ്ടത്ര ലഭ്യമാക്കും. കേന്ദ്രസഹകരണഡാറ്റാബേസ്‌ പൂര്‍ത്തിയാകാറായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ്‌ കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളെ വേണ്ടത്ര ലഭ്യമാക്കിയാല്‍ സഹകരണസ്ഥാപനങ്ങളുടെ ഭരണം കൂടുതല്‍ കാര്യക്ഷമമാകും. ദേശീയ സഹകരണകയറ്റുമതി സ്ഥാപനത്തിന്‌ (എന്‍സിഇഎല്‍) സഹകരണസ്ഥാപനങ്ങളെ അന്താരാഷ്ട്ര വിപണികളിലെ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാഹയിക്കാനാവും.

ദേശീയസഹകരണജൈവലിമിറ്റഡിന്‌ (എന്‍സിഒഎല്‍) ജൈവോല്‍പന്നങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാവും. ഭാരതീയ ബീജ്‌ സഹകാരി സമൃദ്ധി ലിമിറ്റഡ്‌ വിത്തുസാങ്കേതികവിദ്യയും വിത്തുവിതരണവും കൂടുതല്‍ മെച്ചപ്പെടുത്തും. കോര്‍പറേറ്റുകള്‍ക്കുള്ള അതേ അവസരങ്ങളും ആനുകൂല്യങ്ങളും സഹകരണസ്ഥാപനങ്ങള്‍ക്കും ഉറപ്പാക്കും. ധനമന്ത്രാലയവുമായും ആര്‍ബിഐയുമായും ആദായനികുതിവകുപ്പുമായും ചര്‍ച്ച ചെയ്‌ത്‌ സഹകരണ സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും ഏകീകൃതനികുതിഘടന കൊണ്ടുവരാന്‍ ശ്രമിക്കും. ക്രിബ്‌കോ, ഇഫ്‌കോ, എന്‍ഡിഡബി തുടങ്ങിയവയുമായി സഹകരിച്ചു സഹകരണപ്രസ്‌ഥാനത്തിന്റെ ഭാവിപുരോഗതിയുടെ സഞ്ചാരപഥം രൂപപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും സമുതുലിതമായ വികാസം സഹകരണപ്രസ്ഥാനത്തിലൂടെ സാധ്യമാക്കുകയാണു ലക്ഷ്യം. ഗുജറാത്തിലെ സഹകരണപ്രസ്‌ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന പരീക്ഷണം വിജയിച്ചു. ഇതു ദേശവ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസഹകരണസഹമന്ത്ര കൃഷന്‍പാല്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News