ഈ വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍: മന്ത്രി തോമസ് ഐസക്
ഈ സാമ്പത്തിക വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കയര്‍മേഖലയില്‍ അനുഭവവേദ്യമാകുന്ന മാറ്റം ഉണ്ടാകുമെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ വകുപ്പും ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ‘ജൈവ കൃഷിയില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ കുടപ്പനക്കുന്നില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചകിരി ഉത്പാദനത്തിനുള്ള യന്ത്രവും പ്ലാന്റും സ്ഥാപിക്കുന്നതിന് സ്വകാര്യസംരംഭകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും. 25 ലക്ഷം രൂപ വരെ ചെലവുവരുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ആനുകൂല്യം ലഭിക്കുക. യൂണിറ്റിന്റെ യന്ത്രവും മറ്റും സ്ഥാപിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. തൊണ്ട് സംഭരിക്കാനും ചകിരി ഉത്പാദിപ്പിക്കാനുമുള്ള യൂണിറ്റ് തുടങ്ങാന്‍ പ്രവര്‍ത്തനമൂലധനത്തിനായി നാളീകേര ഉത്പാദന കമ്പിനികള്‍ ബാങ്കുകളില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. ഒരു കോടി രൂപ വരെയുള്ള വായ്പയുടെ പലിശ ബാങ്കുകള്‍ക്ക് നേരിട്ട് സര്‍ക്കാര്‍ നല്‍കും. തൊണ്ടും ചകിരിയും നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിക്കുക. ഈ രീതിയില്‍ പേരാമ്പ്രയില്‍ യൂണിറ്റ് തുടങ്ങി. ചകിരിച്ചോറിനെ നിലവാരമുള്ള ബ്രാന്‍ഡഡ് ഉത്പന്നമാക്കി മാറ്റുകയാണ് ലക്ഷ്യം. വികേന്ദ്രീകൃത രീതിയില്‍ ചകിരിയുടെയും ചകിരിച്ചോറിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ സുബ്രത ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കയര്‍ സെക്രട്ടറി മിനി ആന്റണി പദ്ധതി വിശദീകരിച്ചു. കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി ചെയര്‍മാന്‍ കെ. പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ കെ.ആര്‍. ഭഗീരഥന്‍, കയര്‍ഫെഡ് പ്രസിഡന്റ് എന്‍. സായികുമാര്‍, കയര്‍ ഡയറക്ടര്‍ എന്‍. പത്മകുമാര്‍, എന്‍.സി.ആര്‍.എം.ഐ. ഡയറക്ടര്‍ ഡോ. കെ.ആര്‍. അനില്‍, അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോളര്‍ കെ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എല്‍. അന്‍സി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആര്‍. വിക്രമന്‍ നായര്‍, ഡോ. സി.പി. പീതാംബരന്‍, ഡോ. വി.കെ. വേണുഗോപാല്‍, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.