ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്; മലപ്പുറത്തിന്റെ നഷ്ടം നികത്താനുള്ള നിയമമെന്ന് സഹകരണമന്ത്രി

Deepthi Vipin lal

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാനുള്ള വ്യവസ്ഥകളടങ്ങിയ സഹകരണ ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം ബില്‍ ഈ സമ്മേളനത്തില്‍ത്തന്നെ നിയമമായി അംഗീകരിച്ചേക്കും. കേരള ബാങ്കില്‍നിന്ന് ലഭ്യമാക്കുന്ന ആനൂകൂല്യങ്ങള്‍ മലപ്പുറം ജില്ലയിലെ സഹകാരികള്‍ക്ക് കൂടി കിട്ടുന്നതിനുള്ള വ്യവസ്ഥകളാണ് കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി ) ബില്ലിലുള്ളതെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ത്രിതല സംവിധാനത്തില്‍ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ വരുന്ന പലിശബാദ്ധ്യത കേരള ബാങ്കുവഴി ദ്വിതല സംവിധാനത്തിലാകുമ്പോള്‍ ഒരു ശതമാനത്തിലധികം കുറയും. മാത്രമല്ല, കേരള ബാങ്കിന്റെ പുതിയ പദ്ധതികള്‍ വഴിയുള്ള കാര്‍ഷിക വായ്പ ഒരു ശതമാനം പലിശയ്ക്ക് ലഭ്യമാവുകയും ചെയ്യും. കേരള ബാങ്കില്‍ ലയിക്കാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സ്വന്തം നിലയ്ക്ക് നിന്നപ്പോള്‍ സഹകാരികള്‍ക്ക് നഷ്ടമായ ആനുകൂല്യങ്ങള്‍ ബില്‍ നിയമമാകുന്നതോടെ തിരിച്ചുകിട്ടും.

ഹൈക്കോടതിയില്‍ സംസ്ഥാനത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചപ്പോള്‍ നിയമ നിര്‍മ്മാണത്തെ എതിര്‍ക്കാതിരുന്നതും ഭരണഘടന പ്രകാരം സഹകരണം സംസ്ഥാന വിഷയമായത് കൊണ്ടും ബില്‍ അവതരിപ്പിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ, അഡ്വ. യു.എ. ലത്തീഫ്, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ച തടസ്സവാദങ്ങള്‍ സ്പീക്കര്‍ അംഗീകരിച്ചില്ല. പി. ഉബൈദുള്ള, കെ. ബാബു ( തൃപ്പൂണിത്തുറ ) എന്നിവരുടെ നിരാകരണ പ്രമേയവും നിയമസഭ തള്ളി. കേരള ബാങ്ക് ആയിരം കോടി രൂപയുടെ നഷ്ടത്തിലാണെന്ന കെ. ബാബുവിന്റെ വാദം ശരിയല്ലെന്ന് മന്ത്രി വാസവന്‍ നിയമസഭയെ അറിയിച്ചു. ആദ്യത്തെ പൂര്‍ണ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കേരള ബാങ്ക് 61.99 കോടി രൂപയുടെ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. നിഷ്‌ക്രിയ ആസ്തി 40 ശതമാനമാണെന്ന കെ. ബാബുവിന്റെ വാദവും മന്ത്രി തിരുത്തി.

ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ നിഷ്‌ക്രിയ ആസ്തി 14.4 ശതമാനത്തിലെത്തിക്കാനായി. കേരള ബാങ്കിനെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരത്തോടെയാണ് കേരള ബാങ്കിന്റെ 769 ശാഖകളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നുതന്നെ റിസര്‍വ്വ് ബാങ്ക് കേരള ബാങ്കിനെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷവാദം നിലനില്‍ക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News