സംഘങ്ങളുടെ നിക്ഷേപത്തിന് പലിശ ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും – മന്ത്രി
പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്ക്ാണ്. അതിനനുസരിച്ച് സഹകരണ സംഘങ്ങളിലെ പലിശ നിശ്ചയിക്കാന്‍ പ്രത്യേകം കമ്മിറ്റിയുണ്ട്. അടുത്ത തവണ പലിശ നിശ്ചയിക്കാനുള്ള കമ്മിറ്റി ചേരുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും നിക്ഷേപത്തിന് കേരള ബാങ്ക് പലിശ കുറച്ചതില്‍ സഹകാരികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. കേരള ബാങ്ക് ഭരണസമിതി യോഗത്തിലും പലിശ നിരക്ക് കുറയ്ക്കുന്നത് ഉചിതമല്ലെന്ന നിലപാട് പ്രാഥമിക ബാങ്ക് പ്രതിനിധികള്‍ ഉയര്‍ത്തിയതാണ്. ഉയര്‍ന്ന നിരക്കിലാണ് സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. ഇതോടെ സംഘം സ്വീകരിക്കുന്ന നിക്ഷേപത്തിനുതന്നെ സഹകരണ വകുപ്പ് പലിശ നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. ഈ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരും നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പലിശ നിരക്ക് മാറ്റാനുള്ള ആലോചന സഹകരണ വകുപ്പ് നടത്തിയത്. അതാണ് നിയമസഭയില്‍ മന്ത്രി അറിയിച്ചത്.
സഹകരണ സംഘങ്ങളില്‍ മിച്ചം വരുന്ന ഫണ്ട് മറ്റു സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പാലക്കാട്ടും കുട്ടനാട്ടിലും പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം റൈസ് മില്ലുകള്‍ ആരംഭിച്ചത് പോലെ മൂല്യവര്‍ദ്ധിത സംരഭങ്ങള്‍ക്ക് മിച്ച ഫണ്ട് ഉപയോഗിക്കുന്ന കാര്യം പല സംഘങ്ങളും പരിശോധിക്കുകയാണ്. വൈകാതെ കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതികളും ആരംഭിക്കും.