സ്റ്റാര്‍ട്ട് അപ്പ് സഹകരണ സംഘങ്ങള്‍ക്കുള്ള നിയമാവലി പുറത്തിറക്കി സര്‍ക്കാര്‍

Deepthi Vipin lal

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സഹകരണ സംഘങ്ങള്‍ക്കുള്ള നിയമാവലി പുറത്തിറക്കി. 25 സംഘങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ തുടങ്ങുക. കൃഷി, ഐടി, വ്യവസായം ,സേവനം എന്നീ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാം. 45 വയസ്സ് തികയാത്തവര്‍ക്ക് സംഘങ്ങളില്‍ അംഗങ്ങളാകാം.

നിയമാവലി അനുസരിച്ച് ഒന്നേമുക്കാല്‍ കോടി രൂപയാണ് സംഘത്തിന് ഉണ്ടാകേണ്ട ഓഹരിമൂലധനം. ഓഹരി, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളുടെ സ്ഥിരനിക്ഷേപം, സര്‍ക്കാര്‍ സബ്‌സിഡി കേരളബാങ്കില്‍നിന്നുള്‍പ്പെടെയുള്ള വായ്പ എന്നിവയിലൂടെ ഫണ്ട് കണ്ടെത്തണം. ഓഹരി മൂലധനത്തിന്റെയും കരുതല്‍ ധനത്തിന്റെയും ആകെത്തുകയുടെ 150 മടങ്ങ് വരെ വായ്പയെടുക്കാം. സംഘത്തിന്റെ അറ്റാദായത്തില്‍ നിന്നും 15 ശതമാനം കരുതല്‍ ധനമാക്കണം. 25 ശതമാനത്തില്‍ കവിയാത്ത തുക ലാഭവിഹിതം അംഗങ്ങള്‍ക്ക് നല്‍കാം.

എ ക്ലാസ് അംഗത്വം സംരംഭകര്‍ക്കും ബി ക്ലാസ് അംഗത്വം സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുമാവും. എ ക്ലാസ് അംഗങ്ങള്‍ ഒന്നരക്കോടിയും ബി ക്ലാസ് അംഗങ്ങള്‍ 25 ലക്ഷം രൂപയും ഓഹരി മൂലധനം കണ്ടെത്തണം. മൂന്നുവര്‍ഷമാകാതെ ഓഹരി പിന്‍വലിക്കാനാകില്ല. എ ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമാകും ഭരണസമിതി അംഗത്വവും വോട്ടവകാശവും. അഞ്ച് വര്‍ഷക്കാലയളവിലേക്ക് ആയിരിക്കും ഒന്‍പതംഗ ഭരണസമിതി. ഭരണസമിതിയില്‍ മൂന്ന് പേര്‍ വനിതകളാകണം എന്നും നിയമാവലിയില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ 40 സംഘങ്ങള്‍ രൂപീകരിക്കാനുള്ള അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ നിന്നും പ്രാഥമിക പരിശോധന നടത്തിയ ശേഷം 25 സംഘങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അനുമതി നല്‍കും. കൂടുതല്‍ പേര്‍ താത്പര്യം കാണിക്കുന്ന മേഖലയിലായിരിക്കും ആദ്യമായി സംഘം തുടങ്ങുക. ഈ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കും. ആദ്യ സംഘം രണ്ടുമാസത്തിനുള്ളില്‍ തുടങ്ങാനാകും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Latest News