മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കില്‍ ചേര്‍ക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

[mbzauthor]
മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കിലേക്ക് നിര്‍ബന്ധിതമായി ലയിപ്പിക്കാനുള്ള നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. തുടര്‍ നടപടി സ്വീകരിക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ലയനം നടത്തനാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ബാങ്ക് ഭരണസമിതി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.
പ്രത്യേക ഓര്‍ഡിനന്‍സിലൂടെയാണ് മലപ്പുറത്തെ കേരളബാങ്കിനൊപ്പം ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം കാരണം ഓര്‍ഡിനന്‍സ് നിയമസഭയില്‍ ബില്ലാക്കി കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് ഒരുകൂട്ടം ഹരജികള്‍ ഹൈക്കോടതയിലെത്തുകയും ചെയ്തു. ഈ ഹരജികള്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് തള്ളി. ഏപ്രില്‍ 28നായിരുന്നു ഈ വിധി. ഇതിനെതിരെയാണ് ബാങ്ക് ഭരണസമിതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്.
സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റാനാണ് ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതിന്റെ നടപടിക്രമം എളുപ്പമാക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷമെന്ന വ്യവസ്ഥമാറ്റി നിയമത്തില്‍ കേവല ഭൂരിപക്ഷം മതിയെന്നുകൊണ്ടുവന്നു. എന്നാല്‍, മലപ്പുറം ഈ ലയന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളി. ലയനത്തിന്റെ ഉദ്ദേശത്തെ ഉള്‍കൊള്ളാന്‍ മലപ്പുറം ജില്ലാബാങ്കിനായില്ല. ഇടത്തട്ടിലെ പലിശയും, മറ്റുചെലവുകളും, പണത്തിന്റെ ഇടത്തട്ട് കേന്ദ്രീകരണവും ഒഴിവാക്കാനാണ് ജില്ലാബാങ്കുകളെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് മലപ്പുറത്ത് നടന്നില്ല. അതുകൊണ്ടാണ് നിര്‍ബന്ധിത ലയനത്തിന് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
മലപ്പുറം ജില്ലയിലെ അടക്കം എല്ലാ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളും കേരളബാങ്കിന്റെ അംഗങ്ങളാണ്. അതിനാല്‍, ജില്ലാബാങ്കിന്റെ നിലനില്‍പ് അപകടത്തിലാണെന്ന കാര്യമാകും ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാര്‍ വാദിക്കുക.  ജില്ലാബാങ്കിന്റെ ഭൂരിപക്ഷം ഫണ്ടും ഈ പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. അവരത് പിന്‍വലിച്ചാല്‍ ജില്ലാബാങ്കിന്റെ നിലനില്‍പ് വെല്ലുവിളിയിലാകും. അതുകൊണ്ടാണ്, ലയനനിര്‍ദ്ദേശം പൊതുയോഗം തള്ളിയാലും മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിനോട് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകും ശ്രമം. കോടതിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാക്കാനായില്ലെങ്കില്‍  മലപ്പുറത്തിന്റെ ലയനം വൈകാനിടയാകും.
[mbzshare]

Leave a Reply

Your email address will not be published.