നവകേരളത്തിനായി സഹകരണ വകുപ്പിന്റെ കെയർ കേരള പദ്ധതി
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പിന്റെ കെയർ കേരള പദ്ധതി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കെയർ കേരള (CARe Kerala)_Co operative Alliance to Rebuild Kerala
സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിലുള്ള 1500 ലധികം സംഘങ്ങളും ഫങ്ഷണൽ രജിസ്ട്രാർക്ക് കീഴിലുള്ള 7500 ലധികം സംഘങ്ങളും പാൽ, കൈത്തറി, വ്യവസായം, മത്സ്യം തുടങ്ങിയവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കെയർ ഹോം
പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് സഹകരണ വകുപ്പ് പുതിയ വീട് നിർമിച്ചു നൽകും. 75 കോടി യാണ് പദ്ധതി ചെലവ്. ഒരു വീടിന് 5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതത് പ്രദേശങ്ങളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കായിരിക്കും നിർമാണ ചുമതല. വീടിന്റെ വിസ്തൃതി 600 സ്ക്വയർ ഫീറ്റിൽ കുറയില്ല. മൂന്നു മാസത്തിനകം നിർമാണം പൂർത്തീകരിക്കും. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലായിരിക്കും രൂപ കൽപന. ഈ മാസം തന്നെ നിർമാണം ആരംഭിക്കും.
ജില്ലാ ഭരണകൂടം നൽകുന്ന ലിസ്റ്റിനനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുക സർക്കാരിന്റെ മേൽനോട്ടം ഇക്കാര്യത്തിൽ ഉണ്ടാകും.
കെയർ വായ്പ
പ്രളയത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ തുടങ്ങിയവക്ക് കേടുപാട് പറ്റിയവർക്ക് സഹായം നൽകുന്നതിനാണ് ഈ വായ്പാ പദ്ധതി. കുടുംബശ്രീ യൂണിറ്റുകളിലൂടെ ഒൻപത് ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ നൽകുക. പ്രാഥമിക കാർഷിക സംഘങ്ങൾ വഴി ഫണ്ട് ലഭ്യമാക്കും.
കെയർ ഗ്രേസ്
ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കൽ, പൊതുവായ സേവനങ്ങൾ ലഭ്യമാക്കൽ എന്നിവക്കായി ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് കെയർ ഗ്രേസ്. സഹകരണ മേഖലയിലെ 120 ഓളം ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, മെഡിക്കൽ സറ്റോറുകൾ തുടങ്ങിയവയെ കോർത്തിണക്കി പദ്ധതി നടപ്പാക്കും. പരിശോധന, ചികിത്സാ സൗകര്യങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കും. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമ്പത്തിക പിന്തുണ നൽകും.
സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തമേഖലയിലെ ജനങ്ങൾക്ക് നഷ്ടപ്പെട്ട ഔദ്യോഗിക രേഖകൾ, സർട്ടിഫിക്കറ്റുകൾ, അപേക്ഷകൾ തയ്യാറാക്കൽ എന്നിവക്കെല്ലാമായി തൊട്ടടുത്ത സഹകരണ സംഘങ്ങളിൽ ഹെൽപ് ഡസ്ക് സംവിധാനം ഒരുക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി മൊയ്തീൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ എം എൽ എ, പി എ സി എസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എം എൽ എ, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
[mbzshare]