ഊരാളുങ്കലില്‍നിന്നു രണ്ടു പുതിയ സംരംഭങ്ങള്‍കൂടി
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം രണ്ടു സംരംഭങ്ങള്‍കൂടി തുടങ്ങി. യുഎല്‍ ആക്‌റ്റന്റ്, യുഎല്‍എന്‍ഷോര്‍ എന്നിവയാണിവ. രണ്ടിലുംകൂടി പത്തുകൊല്ലംകൊണ്ടു 3500 തൊഴിലവസരവും 4000കോടി വിറ്റുവരവുമാണു ലക്ഷ്യം. രണ്ടുസംരംഭത്തിന്റെയും ലോഗോകള്‍ പ്രകാശനം ചെയ്‌തു സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു.
ഇലക്ട്രിക്കല്‍, എക്‌സ്‌ട്രാ ലോ വോള്‍ടേജ്, ഹരിതോര്‍ജരംഗങ്ങളില്‍ ഏറ്റവും പുതിയ സംവിധാനങ്ങളും സേവനങ്ങളും നല്‍കുന്ന സംവിധാനമാണ് യുഎല്‍ ആക്‌റ്റന്റ്. യുഎല്‍സിസിഎസിന്റെ ഇലക്ട്രിക്കല്‍ വിഭാഗം വികസിപ്പിച്ചാണു പുതിയസംരംഭമാക്കുന്നത്. നിര്‍മാണപദ്ധതികളുടെ വൈദ്യുതികണ്‍ട്രോള്‍പാനലുകള്‍ ഇന്ത്യയിലെവിടെയും ലഭ്യമാക്കാന്‍ ഇതിനാവും. ഓട്ടോമേഷനും റോബോട്ടിക്‌സുംപോലുള്ള പുത്തന്‍സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പുതിയ മാതൃകകള്‍ നിര്‍മിക്കും. ഊര്‍ജമീറ്ററുകളുടെ പരിശോധന-കാലിബ്രേഷന്‍ യൂണിറ്റും ഉടന്‍ തുടങ്ങും. എന്‍എബിഎല്‍ അക്രഡിറ്റേഷനോടെ സംഘത്തിന്റെ മെറ്റീരിയല്‍ ടെസ്‌റ്റിങ് ലാബായ മാറ്റര്‍ലാബ് വഴിയാണ് ഈ സേവനം നല്‍കുക. തുടക്കത്തില്‍ ദിവസം 100 മീറ്റര്‍വരെ പരിശോധിക്കാവുന്ന സൗകര്യമാണ് ഒരുക്കുക.

ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം (എ.റ്റി.എം.എസ്), സിസിറ്റിവി, ഡാറ്റാ നെറ്റ് വര്‍ക്കിങ്, ഡിജിറ്റല്‍ കണക്ടിവിറ്റി തുടങ്ങിയ ഇഎല്‍വി സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇനി യുഎല്‍ ആക്‌റ്റന്റ് ആയിരിക്കും ചെയ്യുക. യുഎല്‍സിസിഎസിന്റെ ഉപവിഭാഗം വര്‍ഷങ്ങളായി ഇതു ചെയ്‌തുവരുന്നുണ്ട്. യുഎല്‍സിസിഎസിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 100 തൊഴിലാളികളുടെ വീടുകളില്‍ പുരപ്പുറസൗരോര്‍ജപ്ലാന്റ് സ്ഥീപിച്ചിരുന്നു. ഇഎച്ച്‌റ്റി-എച്ഛ്‌റ്റി പ്രവൃത്തികള്‍ ചെയ്‌തും പരിചയമുണ്ട്. എ ക്ലാസ് കരാര്‍ ലൈസന്‍സുമുണ്ട്. നവീകരണോര്‍ജപദ്ധതികള്‍ക്ക് കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളായ എംഎല്‍ആര്‍ഇ, അനര്‍ട്ട് എന്നിവയുടെ എംപാനല്‍ അക്രഡിറ്റേഷനുമുണ്ട്. ഐബെസ് പദ്ധതികള്‍ക്ക് ഊര്‍ജമാനേജ്‌മെന്റ് കേന്ദ്രവും യുഎല്‍ ആക്‌റ്റന്റിനെ എംപാനല്‍ ചെയ്‌തിട്ടുണ്ട്. 2025ഓടെ ഹരിതഹൈഡ്രജന്‍, പവനോര്‍ജം, സൗരോര്‍ജത്തിന്റെ പുതുസാധ്യതകള്‍, ചെറുകിടജലവൈദ്യുതപദ്ധതികള്‍, പമ്പ്‌ഡ് സ്റ്റോറേജ് പ്രവൃത്തികള്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് തുടങ്ങിയ രംഗങ്ങളില്‍ മുന്നേറാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി അന്താരാഷ്ട്രവൈദഗ്‌ധ്യവും തന്ത്രപ്രധാനസഹകരണവും ഉറപ്പാക്കും. 2035-ഓടെ 2000 കോടി വിറ്റുവരവും 1500 തൊഴിലവസരങ്ങളുമാണു പ്രതീക്ഷിക്കുന്നത്.
ഓഫീസ്-വാണിജ്യ-പാര്‍പ്പിടങ്ങളുടെ അകം ഉപയോഗാധിഷ്‌ഠിതമായും പുതുകാലപ്രൗഢിയോടെയും രൂപകല്‍പന ചെയ്‌തു സജ്ജമാക്കലായിരിക്കും യുഎല്‍എന്‍ ഷോറിന്റെ പ്രധാനപ്രവര്‍ത്തനം. സുസ്ഥിര-പ്രകൃതിസൗഹൃദാന്തരീക്ഷമുള്ള ഇന്റീരിയര്‍ ഡിസൈന്‍, മോഡുലാര്‍ ഫര്‍ണിച്ചര്‍, ടേണ്‍ കീ വ്യവസ്ഥയില്‍ ഓഫീസൊരുക്കല്‍ തുടങ്ങിയവയായിരിക്കും സേവനങ്ങള്‍. ഇന്ത്യുടെ ഡിസൈന്‍-നിര്‍മാണ-പരിസ്ഥിതിവ്യൂഹത്തില്‍ പ്രധാനതാരമാകലാണു ലക്ഷ്യം. 1000 നിപുണര്‍ക്കു തൊഴില്‍, യുവഡിസൈനര്‍മാരെയും എഞ്ചിനിയര്‍മാരെയും വാസ്‌തുശില്‍പികളെയും പ്രോജക്ട് സ്‌പെഷ്യലിസ്റ്റുകളാക്കല്‍ എന്നിവയും ഉദ്ദേശിക്കുന്നു. യുഎല്‍സിസിഎസിന്റെ മോഡുലാര്‍ മാനുഫാക്‌ചറിങ് യൂണിറ്റും വര്‍ക് ഷോപ്പുകളും ഫൗണ്ടറികളും മറ്റും ഉപയോഗിച്ചും തന്ത്രപ്രധാനപങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തിയുമാകും മുന്നേറ്റം. പത്തുകൊല്ലംകൊണ്ടു രണ്ടായിരംകോടിയുടെ വരുമാനവും രണ്ടായിരം തൊഴിലവസരങ്ങളുമാണു ലക്ഷ്യം.
പ്രവര്‍ത്തനോദ്‌ഘാടനത്തില്‍ പി. പ്രകാശന്‍, വി.കെ. അനന്തന്‍, സുരേഷ് ബാബു, കെ.ടി. രാജന്‍, ശ്രീജിത് സി.കെ, ശ്രീജ മുരളി, ഷിജിന്‍ റ്റി റ്റി, ലുബിന റ്റി, ബിജേഷ് വി.കെ, ശരത്‌ലാല്‍ കെഎസ്, എസ് ഷാജു, ഷാബു കെപി തുടങ്ങിയവര്‍ സംബന്ധിച്ചു.

