ഹാന്റക്‌സ് ഓഫീസ്‌മാറ്റത്തിനെതിരായ ഹര്‍ജി തള്ളി
കൈത്തറിനെയ്‌ത്തുസഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ ഹാന്റക്‌സിന്റെ റീജണല്‍ ഓഫീസ് മാറ്റത്തിനെതിരായ റിട്ടുഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഗോപിനാഥ് പി.യുടെതാണ് ഉത്തരവ്. ഓഫീസ് കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു മാറ്റുന്നതിനെതിരെ ഹാന്റക്‌സിന്റെ അംഗസംഘമായ പുന്നാവൂര്‍ കൈത്തറിനെയ്‌ത്തുസഹകരണസംഘത്തിന്റെ ഭരണസമിതിയംഗവും സംഘത്തിന്റെ ഹാന്റെക്‌സിലേക്കുള്ള പ്രതിനിധിയുമായ വണ്ടന്നൂര്‍ സദാശിവന്‍ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.
ഓഫീസ് മാറ്റാനുള്ള തീരുമാനം സ്വേച്ഛാപരമാണെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചു. സംസ്ഥാനഭരണകക്ഷിയോടു കൂറുള്ള പത്രസ്ഥാപനത്തിനു കൂടുതല്‍ സൗകര്യമൊരുക്കാനാണു മാറ്റം, കെട്ടിടം സ്വന്തമാണെന്നിരിക്കെ തിരുവനന്തപുരത്തേക്ക് ഓഫീസ് മാറ്റുന്നതിനു യുക്തിഭദ്രമായ കാരണമില്ല, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണു തീരുമാനിച്ചത്, ആ കമ്മറ്റിക്കു ദൈനംദിനകാര്യങ്ങളിലല്ലാതെ റീജണല്‍ ഓഫീസ് മാറ്റംപോലുള്ള സുപ്രധാനതീരുമാനങ്ങളെടുക്കാനാവില്ല, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ പൊതുയോഗമോ ആണ് അത്തരം തീരുമാനങ്ങളെടുക്കേണ്ടത്, അംഗസംഘാംഗവും അപ്പെക്‌സ് സംഘത്തിലേക്കുള്ള പ്രതിനിധിയുമെന്ന നിലയില്‍ തനിക്കിതു ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്‌് എന്നീ വാദങ്ങളും ഉന്നയിച്ചു.

എന്നാല്‍ 1969ലെ സഹകരണസംഘംനിയമത്തിന്റെ 32-ാംവകുപ്പിന്റെ നാലാംഉപവകുപ്പുപ്രകാരം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് ഇതിന് അധികാരമുണ്ടെന്ന് സര്‍ക്കാരും ഹാന്റക്‌സും വാദിച്ചു. അതുപ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുള്ള എല്ലാ അധികാരവും ചുമതലകളും അഡ്‌മനിസ്‌ട്രേറ്റീവ് കമ്മറ്റിക്കുമുണ്ട്. സംഘത്തിന്റെ താല്‍പര്യത്തിന് അനുഗണമെങ്കില്‍ ഇതു ചെയ്യാം. ഹാന്റെക്‌സ് റീജണല്‍ ഓഫീസില്‍ പത്രത്തിന് ഇടം നല്‍കാനോ അധികസ്ഥലം അനുവദിക്കാനോ ഒരു നിര്‍ദേശവുമില്ല. കൈത്തറിമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളെപ്പറ്റി 2025 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങുകയും, ഹാന്റക്‌സിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ വില്‍പനശാലകളുടെ എണ്ണം കുറക്കണമെന്നും പത്തുകൊല്ലത്തിലധികമായി നഷ്ടത്തിലുള്ള ഷോറൂമുകള്‍ പൂട്ടണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്. കൊല്ലത്തെ റീജണല്‍ ഓഫീസിനുകീഴില്‍ തിരുവനന്തപുരം ജില്ലയിലെ 249 പ്രാഥികസംഘങ്ങളുണ്ട്. കൊല്ലംജില്ലയിലുള്ളത് 25 പ്രാഥമികസംഘങ്ങളാണ്. മൂന്നു പ്രാഥമികസംഘങ്ങള്‍ ആലപ്പുഴയിലും. റീജണല്‍ഓഫീസിന്റെ കീഴിലുള്ള ഭൂരിപക്ഷം സംഘങ്ങളും തിരുവനന്തപുരം ജില്ലയിലാണ്. അതിനാല്‍ ഭരണപരമായ കാര്യക്ഷമത കണക്കിലെടുത്താണു തിരുവനന്തപുരത്തേക്കു മാറ്റുന്നത്. ഹാന്റക്‌സിന്റെ ബിസിനസിന്റെ ഭൂരിഭാഗവും നടക്കുന്ന ജില്ലയിലേക്കാണു മാറ്റുന്നത്. ഇതുവഴി കൊല്ലത്തെ കെട്ടിടം വാടക്‌ക്കുകൊടുത്ത് കുറച്ച് അധികവരുമാനമുണ്ടാക്കാനുമാവും.ഹര്‍ജിക്കാരന് ഇതു ചോദ്യംചെയ്യാന്‍ അധികാരമില്ല. ഹര്‍ജിക്കുപിന്നില്‍ രാഷ്ട്രീയമാണെന്നും പൊതുതാല്‍പര്യമില്ലെന്നും വാദിക്കപ്പെട്ടു.
രണ്ടുഭാഗത്തെയും കേട്ടശേഷം, ഹര്‍ജിക്കാരനു ഹാന്റക്‌സിന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നു കോടതി വ്യക്തമാക്കി. ഹാന്റക്‌സിന്റെ മികച്ചതാല്‍പര്യം കണക്കിലെടുത്തുള്ള തീരുമാനമാണിത്. തീരുമാനം സ്‌റ്റാറ്റിയൂട്ടറിവ്യവസ്ഥകള്‍ക്കു വിരുദ്ധമല്ലാത്തിടത്തോളം ദൈനംദിനഭരണകാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്കാവില്ല. ഓഫീസ് മാറ്റാനുള്ള തീരുമാനം അഡ്‌മനിസ്‌ട്രേറ്ററോ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയോ എടുക്കാന്‍ പാടില്ലാത്ത ഒന്നല്ല. ഓഫീസ് കൊല്ലത്തു പ്രവര്‍ത്തിക്കണോ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കണോ എന്നതു പൂര്‍ണമായും ഹാന്റ്‌ക്‌സ് മാനേജ്‌മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. 249 പ്രാഥമികസംഘങ്ങള്‍ തിരുവനന്തപുരത്തും 25 എണ്ണം കൊല്ലത്തും മൂന്നെണ്ണം ആലപ്പുഴയിലുമാണ്‌്. ഇവയുടെയെല്ലാം കാര്യങ്ങള്‍ നോക്കുന്നത് കൊല്ലത്തെ റീജണല്‍ ഓഫീസാണ്. പത്രത്തിനു സ്ഥലം ലഭ്യമാക്കാനാണ് ഓഫീസ് മാറ്റുന്നതെന്ന ആരോപണം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഓഫീസ് മാറ്റുമ്പോള്‍ ഒഴിവുവരുന്ന സ്ഥലം നല്‍കാമെന്നു പത്രവുമായി കരാറുണ്ടാക്കാന്‍ ഒരു തീരുമാനവുമില്ലെന്നു വ്യക്തമായിത്തന്നെ അറിയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

