മള്‍ട്ടിസ്റ്റേറ്റ് സംഘം വരണാധികാരിപ്രതിഫലം മാറ്റി
പ്രതിഫലം നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നും മറ്റുമുള്ള സംഘങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘംതിരഞ്ഞെടുപ്പുകളിലെ വരണാധികാരികളുടെ പ്രതിഫലത്തില്‍ മാറ്റം വരുത്തി. 2025 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം ഈയിടെ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഷെഡ്യൂള്‍ രണ്ടില്‍ പെടുന്ന സംഘങ്ങളുടെയും, മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളുടെയും, പ്രതിനിധികളുടെ തിരഞ്ഞെടുപ്പോ പ്രാതിനിധ്യപൊതുയോഗത്തിലേക്കുള്ള തിരഞ്ഞെടുപ്പോ വേണ്ടിവരുന്ന സംഘങ്ങളുടെയും കാര്യത്തില്‍ ഭാരവാഹികള്‍ അടക്കം ഡയറക്ടര്‍ബോര്‍ഡിലേക്കു നടക്കുന്ന സാധാരണതിരഞ്ഞെടുപ്പില്‍ മല്‍സരം ഉണ്ടെങ്കില്‍ അരലക്ഷം രൂപയും ഇല്ലെങ്കില്‍ കാല്‍ലക്ഷംരൂപയുമായിരിക്കും പ്രതിഫലം. മറ്റെല്ലാത്തരം സംഘങ്ങളിലും മല്‍സരമുണ്ടെങ്കില്‍ നാല്‍പതിനായിരം രൂപയും ഇല്ലെങ്കില്‍ ഇരുപതിനായിരം രൂപയുമായിരിക്കും. ഡയറക്ടര്‍ബോര്‍ഡിലേക്കും ഭാരവാഹിസ്ഥാനങ്ങളിലേക്കും ഉണ്ടാകുന്ന കാഷ്വല്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മല്‍സരമുണ്ടെങ്കിലും ഇല്ലെങ്കിലും പതിനായിരംരൂപ നല്‍കും. 250ല്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള പുതുതായി രജിസ്റ്റര്‍ ചെയ്‌ത സംഘങ്ങളുടെ കാര്യത്തിലും മല്‍സരമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിഫലം പതിനായിരം തന്നെ.
പോളിങ് ഉദ്യോഗസ്ഥരുടെ ഓണറേറിയം ആയിരംരൂപയായി തുടരും. വരണാധികാരിയുടെ പി.എ, ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍ എന്നിവരെയും തിരഞ്ഞെടുപ്പുദ്യോഗസ്ഥരായി കണക്കാക്കി ആയിരം രൂപ ഓണറേറിയം നല്‍കും.

ഇതിനൊക്കെ 2025 നവമ്പര്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
സാമ്പത്തികം കുറവായതിനാല്‍ പ്രതിഫലം കൊടുക്കാനുള്ള ബാധ്യതയില്‍നിന്നു തങ്ങളെ ഒഴിവാക്കണമെന്നു പല പുതിയ സംഘങ്ങളും ആവശ്യപ്പെട്ടിരുന്നു. 2024 ജൂണ്‍ മൂന്നിലെ ഉത്തരവു പ്രകാരം വരണാധികാരിക്കും സഹവരണാധികാരിക്കും പതിനഞ്ചുദിവസംവരെയുള്ള അടിസ്ഥാനശമ്പളത്തിനു തുല്യമായ തുകയാണ് ഓണറേറിയം കൊടുത്തിരുന്നത്. സംഘം ഇതു കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിയില്‍ അടക്കുകയും അതോറിട്ടി സമര്‍പ്പിച്ച ക്ലെയിമുകളുടെ അടിസ്ഥാനത്തില്‍ വരണാധികാരിക്കു കൊടുക്കുകയുമാണു ചെയ്‌തുവരുന്നത്. എന്നാല്‍ വരണാധികാരികളുടെ അടിസ്ഥാനശമ്പളഘടനയില്‍ വലിയ വ്യത്യാസമുണ്ടെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ കണ്ടെത്തി. ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാമജിസ്‌ട്രേട്ടുമാരുടെ സീനിയോറിട്ടിയുടെ അടിസ്ഥാനത്തില്‍ പതിഞ്ചുദിവസത്തെ അടിസ്ഥാനശമ്പളം 39000 രൂപ മുതല്‍ 98000 രൂപ വരെയുണ്ട്. ചില കേസുകളിലെങ്കിലും സഹവരണാധികാരിയുടെ പ്രതിഫലം വരണാധികാരിയുടെതിനെക്കാള്‍ കൂടുതലുമായിരുന്നു. തിരഞ്ഞെടുപ്പുണ്ടായാലും ഇല്ലെങ്കിലും ഒരേ പ്രതിഫലമായിരുന്നു. എന്നാല്‍, നാമനിര്‍ദേശഘട്ടം കഴിഞ്ഞാല്‍ കാര്യമായ പ്രവര്‍ത്തനമൊന്നും വേണ്ടിവരുന്നില്ലെന്നു സഹകരണരജിസ്‌ട്രാര്‍ വിലയിരുത്തി. ഡയറക്ടറുടെയോ മറ്റോ ഒരു സ്ഥാനത്തേക്കുമാത്രം വേണ്ടിവരുന്ന തിരഞ്ഞെടുപ്പിനും വരണാധികാരിക്കു ഉയര്‍ന്ന പ്രതിഫലംതന്നെ നല്‍കേണ്ടിവരുന്നുമുണ്ട്. ഭാരവാഹികളുടെ കാഷ്വല്‍ ഒഴിവു നികത്തേണ്ടിവരുമ്പോഴും ഇതേ പ്രതിഫലം നല്‍കേണ്ടിവരുന്നു. മിക്ക സംഘങ്ങളും സംസ്ഥാനതലസ്ഥാനങ്ങളിലോ സഹകരണപ്രസ്ഥാനം ശക്തമായ ജില്ലകളിലോ ആയതിനാല്‍ ഒരേ വരണാധികാരിക്കും സഹവരണാധികാരിക്കുംതന്നെ നിരവധി സംഘങ്ങളിലെ തിരഞ്ഞെടുപ്പുചുമതല ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്.

