സഹകരണ സ്ഥിരനിക്ഷേപപ്പലിശനിരക്കില്‍ മാറ്റം
- 15മുതല്‍ നിക്ഷേപസമാഹരണം
- 15സംഘത്തിനു പുനരുദ്ധാരണസഹായം
- നിക്ഷേപഗ്യാരണ്ടിഫണ്ട് വായ്‌പ വരും
ദേശസാല്‍കൃതവും ഇതരവുമായ ബാങ്കുകളിലെതിനെക്കാള്‍ കൂടുതല്‍ പലിശ സഹകരണനിക്ഷേപത്തിനു കിട്ടുംവിധം പ്രാഥമികസഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപപ്പലിശനിരക്കില്‍ മാറ്റം വരുത്തി. സഹകരണമന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശനിര്‍ണയഉന്നതസമിതിയാണു തീരുമാനമെടുത്തത്. കറണ്ട്, സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശയില്‍ മാറ്റമില്ല. മുതിര്‍ന്നപൗരര്‍ക്കു 8.60%വരെ പലിശകിട്ടും.
15ദിവസംമുതല്‍ 45ദിവസംവരെ 6.25%, 46ദിവസംമുതല്‍ 90ദിവസംവരെ 6.75%, 91ദിവസംമുതല്‍ 179ദിവസംവരെ 7%, 180ദിവസംമുതല്‍ 364ദിവസംവരെ 7.75%, ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ 8%, രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ 8.10% എന്നിങ്ങനെയാണു പുതിയനിരക്ക്. മുതിര്‍ന്നപൗരര്‍ക്ക് അരശതമാനം എല്ലായിനത്തിലും അരശതമാനം കൂടുതല്‍ കിട്ടും.
നിക്ഷേപസമാഹരണം ജനുവരി 15നു തുടങ്ങും. അന്നുവൈകിട്ടു പാമ്പാടിയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 25വരെയുണ്ടാകും. സംസ്ഥാനവികസനം സഹകരണമേഖലയിലൂടെ എന്നതാണു മുദ്രാവാക്യം. ഓരോവീട്ടിലും ഓരോ പുതിയ അക്കൗണ്ട് എന്ന കാമ്പെയ്‌ന്‍ നടത്തും. 9000കോടി സമാഹരിക്കും. കേരളബാങ്കിലെ വ്യക്തിഗതനിക്ഷേപംവഴിയാണ് ആയിരംകോടി സമാഹരിക്കുക. ബാക്കി എണ്ണായിരംകോടി സംഘങ്ങളിലൂടെയും. ജില്ലകള്‍ക്കു ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂരിനാണു കൂടുതല്‍; ആയിരംകോടി. കോഴിക്കോട് എണ്ണൂറുകോടി സമാഹരിക്കണം. യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കാനും പരിപാടിയുണ്ട്. സഹകരണരജിസ്‌ട്രാറുടെ സര്‍ക്കുലര്‍പ്രകാരമുള്ള പരമാവധി പലിശ കിട്ടും. മുപ്പതുശതമാനംവരെ കറണ്ട്, സേവിങ്‌സ് അക്കൗണ്ടുകളായിരിക്കണമെന്നാണു നിര്‍ദേശം.

സഹകരണപുനരുദ്ധാരണനിധിപ്രകാരം പന്ത്രണ്ടു സംഘങ്ങള്‍ക്കു സഹായം കിട്ടും. ജില്ലാമേല്‍നോട്ടസമിതികള്‍ ശുപാര്‍ശയോടെ സഹകരണസംഘംരജിസ്‌ട്രാര്‍ക്കു നല്‍കിയ 93സംഘങ്ങളുടെ അപേക്ഷയില്‍നിന്നാണിവയെ തിരഞ്ഞെടുത്തത്. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ പ്രയാസപ്പെടുന്ന സംഘങ്ങള്‍ക്കു നിക്ഷേപഗ്യാരണ്ടിഫണ്ട് ബോര്‍ഡില്‍നിന്നു വായ്‌പ കൊടുക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

