സഹകരണപരീക്ഷകള്‍ക്കു ബിരുദതുല്യതാപത്രം വേണ്ട
സഹകരണസ്ഥാപനങ്ങളില്‍ ജോലിക്കും സ്ഥാനക്കയറ്റത്തിനും അപേക്ഷിക്കുന്നവര്‍ ബിരുദമെടുത്തതു കേരളത്തിനുപുറത്തെ സര്‍വകലാശാലകളില്‍ നിന്നാണെങ്കിലും യുജിസിഅംഗീകൃതസര്‍വകലാശാലയാണെങ്കില്‍ തുല്യതാപത്രം വേണ്ട. ഇതിനായി ഒക്ടോബര്‍ 31ന് അസാധാരണഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.സഹകരണപരീക്ഷാബോര്‍ഡിന്റെയും പിഎസ്‌സിയുടെയും പരീക്ഷകള്‍ക്ക് ഇതു ബാധകമായിരിക്കും. റൂള്‍ 186ല്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സി നിബന്ധന ഒഴിവാക്കി. പി.എസ്.സി.യുടെയും സഹകരണപരീക്ഷാബോര്‍ഡിന്റെയും നിയമന,സ്ഥാനക്കയറ്റപരീക്ഷകള്‍ക്ക് യുജിസി അംഗീകരിച്ച ഏതു സര്‍വകലാശാലയില്‍നിന്നുള്ള ഏതു ബിരുദവും മതിയാകുമെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നു ബിരുദമെടുക്കുന്നവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നു തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. ദേശീയവിദ്യാഭ്യാസസ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ സയന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌സ് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, എന്നിവയിലും യുജിസി അംഗീകരിച്ച മറ്റുസ്ഥാപനങ്ങളിലുംനിന്നുള്ള ബിരുദങ്ങള്‍ക്കു തുല്യതാസര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു 2018 നവംബര്‍ 13നു ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരായി. പിഎസ്‌സി ഇതു നടപ്പാക്കി. ഇതു സഹകരണമേഖലക്കും ബാധകമാക്കാന്‍ 2023 ഫെബ്രുവരി 20നു കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ കിട്ടിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്താണ് അന്തിമവിജ്ഞാപനം.

