മിസലേനിയസ് സംഘങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

moonamvazhi
മിസലേനിയസ് സഹകരണസംഘങ്ങളുടെ അടിയന്തരപ്രശ്‌നങ്ങളില്‍ നിവേദനം നല്‍കാനും തുടര്‍ന്നു പ്രക്ഷോഭം നടത്താനും വിവിധ മിസലേനിയസ് സംഘങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വായപക്കുടിശ്ശിക മൂലമാണു പല സംഘവും കടക്കെണിയിലാകുന്നതും നിക്ഷേപം തിരിച്ചുകൊടുക്കാന്‍ വിഷമിക്കുന്നതും. എ.ആര്‍.സി. ഫയല്‍ ചെയ്തു വര്‍ഷങ്ങളായാലും നടപടിയില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും കുടിശ്ശികക്കാര്‍ക്കെതിരെ സഹകരണവകുപ്പു നടപടിയെടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
എ.ആര്‍.സി. ഫയല്‍ ചെയ്താല്‍ കുടിശ്ശിക പിരിച്ചുതരുംവരെ കുടിശ്ശികയുടെ 50% സംഘങ്ങള്‍ക്കു നല്‍കുക, ഫീസ്‌വര്‍ധന പിന്‍വലിക്കുക, പി.എസ്.സി. നിയമനസംവരണം പുന:സ്ഥാപിക്കുക, മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം രൂപവത്കരിക്കുക, ക്ലാസിഫിക്കേഷന്‍ പരിഷ്‌കരിക്കുക, കേരളബാങ്കിലെ ഓഹരികള്‍ തിരിച്ചുതരികയോ സ്ഥിരനിക്ഷേപമാക്കുകയോ ചെയ്യുക, എസ്.ബി. അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവദിക്കുക, വിവിധ സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
നെല്ലിമൂട് പ്രഭാകരന്‍ അധ്യക്ഷനായി. ഉണ്ണി-ആറ്റിങ്ങല്‍, ഇളമ്പ ഉണ്ണിക്കൃഷ്ണന്‍, ആര്‍. മണികണ്ഠന്‍പിള്ള, (അസോസിയേഷന്‍ ഓഫ് കേരള മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്), വിജയകുമാര്‍ ടി.എസ്, എന്‍. വിശ്വനാഥന്‍, അച്യുത്കുമാര്‍ (മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍), സി. ജയന്‍ (ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സംഘം), കെ. രാജേന്ദ്രകുമാര്‍ (ഗവണ്‍മെന്റ് സര്‍വന്റ്‌സ് സഹകരണസംഘങ്ങള്‍), പോങ്ങില്‍ മണി (പട്ടികജാതി സര്‍വീസ് സഹകരണസംഘങ്ങള്‍), കരുംകുളം വിജയകുമാര്‍, ഡി. ലാല്‍, കെ. മോഹനന്‍, എം. വിജയകുമാര്‍, തിരുപുറം വില്‍സണ്‍, ബിനോബന്‍സിഗര്‍ (മിസലേനിയസ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍) എന്നിവര്‍ സംസാരിച്ചു.
സഹകരണഫെഡറേഷന്‍, പൊലീസ് സഹകരണസംഘം, മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്‍ – കൊല്ലം, കളക്ഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവ പിന്തുണ അറിയിച്ചു.
പ്രക്ഷോഭത്തിനായി നെല്ലിമൂട് പ്രഭാകരന്‍ കണ്‍വീനറായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്കരിച്ചു.  കമ്മറ്റിയില്‍ വിവിധസംഘടനകളെ പ്രതിനിധാനംചെയ്ത് അവയുടെ  പ്രസിഡന്റും ജനറല്‍സെക്രട്ടറിയും ഉള്‍പ്പെടെ മൂന്നുപേര്‍ വീതം ഉണ്ടായിരിക്കും.