അഡ്‌മിനിസ്‌ട്രേറ്റര്‍ഭരണം: നടപടിക്രമങ്ങളായി

Moonamvazhi

സഹകരണസംഘങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങളും നടപടികളും വ്യക്തമാക്കി സഹകരണരജിസ്‌ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി.
ഇതുപ്രകാരം സഹകരണസംഘം രജിസ്‌ട്രാറുടെയോ അദ്ദേഹത്തിന്റെ അധികാരമുള്ള ഓഫീസറുടെയോ അന്വേഷണത്തിന്റെ പരിശോധനയുടെയോ അടിസ്ഥാനത്തില്‍ അഡ്‌മിനിസ്‌ട്രേഷന്‍ഭരണം ഏര്‍പ്പെടുത്താം. ധനസഹായബാങ്കിന്റെയും വിജിലന്‍സിന്റെയും വിജിലന്‍സ്‌ ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഇത്‌ ഏര്‍പ്പെടുത്താം. അതിനുമുമ്പു ഭരണസമിതിക്കു പറയാനുള്ളതു പറയാന്‍ അവസരം നല്‍കണം. രേഖാമൂലമാണു ഭരണസമിതിയെ നീക്കേണ്ടത്‌. ഒരാളെമാത്രം അഡ്‌മിനിസ്‌ട്രേറ്ററായി വെക്കാം. ഒരാളെ കണ്‍വീനറാക്കി മൂന്നുപേര്‍വരെയുള്ള കമ്മറ്റിയെ വയ്‌ക്കുകയുമാവാം.
അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണവകുപ്പിലെ ഇന്‍സ്‌പെക്ടറോ അതിനുമുകളിലുള്ള ഓഫീസറോ ആയിരിക്കണം. എ ക്ലാസ്‌ അംഗങ്ങളെമാത്രമേ കമ്മറ്റിയില്‍ എടുക്കാവൂ. സ്‌പെഷ്യല്‍ സെയില്‍സ്‌ ഓഫീസര്‍മാര്‍, വാല്യുവേഷന്‍ ഓഫീസര്‍മാര്‍, ഓഫീസ്‌ സൂപ്രണ്ടുമാര്‍, മുഴുവന്‍സമയഅഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരെ അഡ്‌മിനിസ്‌ട്രേറ്റര്‍മാരായോ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയംഗങ്ങളായോ വയ്‌ക്കരുത്‌.

സ്‌കൂള്‍സഹകരണസംഘങ്ങളില്‍ പ്രാധാനാധ്യാപകനെ/പ്രധാനാധ്യാപികയെ പാര്‍ട്‌ടൈം അഡ്‌മിനിസ്‌ട്രേറ്ററാക്കാം. പക്ഷേ, ആറുമാസത്തിനകം തിരഞ്ഞെടുപ്പു നടത്തണം. അല്ലെങ്കില്‍ പ്രധാനാധ്യാപകനെ/പ്രധാനാധ്യാപികയെ ഉള്‍പ്പെടുത്തി സഹകരണനിയമം 33(1)(ബി) അനുസരിച്ച്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയെ വയ്‌ക്കാം.ഒരേ അഡ്‌ിനിസ്‌ട്രേറ്ററെ മൂന്നില്‍കൂടുതല്‍ സംഘത്തില്‍ വയ്‌ക്കരുത്‌. ഒരാളെ മുഴുവന്‍സമയഅഡ്‌മിനിസ്‌ട്രേറ്ററാക്കാന്‍ രജിസ്‌ട്രാറുടെ മുന്‍കൂര്‍ അനുമതി വേണം.ആറുമാസത്തേക്കാണ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍/അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയെ വയ്‌ക്കാവുന്നത്‌. അതിനകം തിരഞ്ഞെടുപ്പു നടത്തണം. പറ്റിയില്ലെങ്കില്‍ ആറുമാസംകൂടി നീട്ടാം. എന്തായാലും ഒരുവര്‍ഷത്തില്‍കൂടുതല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം പാടില്ല. എന്നാല്‍ സര്‍ക്കാരിന്‌ ഉത്തരവിലൂടെ ഏതെങ്കിലും സംഘത്തെയോ ഏതെങ്കിലും വിഭാഗം സംഘങ്ങളെയോ പൊതുതാല്‍പര്യം കണക്കിലെടുത്തു കാര്യകാരണസഹിതം ഈ നിയമവ്യവസ്ഥകളില്‍നിന്ന്‌ ഒഴിവാക്കുകയോ നിബന്ധനകള്‍ക്കു വിധേയമായിമാത്രം ബാധകമാക്കുകയോ ചെയ്യാം. ഇതിന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണത്തിന്റെ കാലാവധി തീരുന്നതിനു രണ്ടുമാസംമുമ്പു നിശ്ചിതമാതൃകയില്‍ സഹകരണസംഘം രജിസ്‌ട്രാറുടെ ശുപാര്‍ശയോടെ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ ഉത്തരവ്‌ സബോര്‍ഡിനേറ്റ്‌ ലെഡിസ്ലേറ്റീവ്‌ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണെന്ന്‌ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.താലൂക്ക്‌ ഭരണവിഭാഗം അഡ്‌മിനിസ്‌ട്രേറ്റര്‍/ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയെപ്പറ്റി രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതു നിര്‍ദിഷ്ടമാതൃകയിലായിരിക്കണം. ഇതു ജില്ലാതലത്തില്‍ റീജണല്‍മീറ്റിങ്ങില്‍ അഡീഷണല്‍ രജിസ്‌ട്രാര്‍മാര്‍ പരിശോധിച്ചു നിര്‍ദേശങ്ങള്‍ നല്‍കണം.സംസഥാനതലസംഘങ്ങളുടെ രജിസ്‌റ്റര്‍ എല്ലാമാസവും ആദ്യപ്രവൃത്തിദിനം സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിച്ചു സാക്ഷ്യപ്പെടുത്തണം. കാലാവധി നീട്ടാനുള്ള അപേക്ഷയില്‍ ഇതിന്റെ വിവരങ്ങളും ചേര്‍ക്കണം.തിരഞ്ഞെടുക്കപ്പെട്ട സമിതിക്കു ഭരണം കൈമാറിയാലും പുനരുജ്ജീവിപ്പിക്കാനാവില്ലെന്നു വകുപ്പുതലപരിശോധനയില്‍ ബോധ്യമായാല്‍ ലിക്വിഡേഷന്‍ നടപടികളെടുക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

അഡ്‌മിനിസ്‌ട്രേറ്ററെ/ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയെ വച്ചാല്‍ അവര്‍ തിരഞ്ഞെടുപ്പു നടത്തി ഭരണം കൈമാറാന്‍ അടിയന്തരനടപടിയെടുക്കണം. ഭരണസമിതിയെ പിരിച്ചുവിട്ടസംഘങ്ങളില്‍ ചുമതലയേല്‍ക്കുന്നവര്‍ പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞ ന്യൂനതകള്‍ പരിഹരിച്ച്‌ റിപ്പോര്‍ട്ട്‌ എല്ലാമാസവും പത്താംതിയതിക്കകം മേലുദ്യോഗസ്ഥന്‌/ മേലുദ്യോഗസ്ഥയ്‌ക്ക്‌ നല്‍കണം. അനാവശ്യച്ചെലവു പാടില്ല. ദീര്‍ഘകാലപ്രതിഫലനമുള്ളതും ധനസ്ഥിതിയെ ബാധിക്കുന്നതുമായ കാര്യങ്ങളില്‍ നടപടിക്കുമുമ്പു മേലുദ്യോഗസ്ഥരോടു ചര്‍ച്ചചെയ്യണം. തസ്‌തികസൃഷ്ടിക്കല്‍, നിയമനം, തല്‍ചെലവുവര്‍ധിപ്പിക്കല്‍ എന്നിവ പാടില്ല. പുതിയഅംഗങ്ങളെ ചേര്‍ക്കലുള്‍പ്പെടെ ഭരണസമിതിക്കുള്ള അധികാരങ്ങള്‍ പ്രയോഗിക്കാം. ഇങ്ങനെ അംഗങ്ങളാക്കുന്നവര്‍ക്ക്‌ അധികാരത്തില്‍ വരുന്ന ഭരണസമിതി അംഗീകരിക്കുംവരെ വോട്ടോ മറ്റവകാശങ്ങളോ ഉണ്ടാവില്ല. അടിസ്ഥാനശമ്പളത്തിന്റെ പത്തുശതമാനമായിരിക്കും അഡ്‌മിനിസ്‌ട്രേറ്ററുടെ പ്രതിഫലം. സംഘത്തിന്റെ ധനസ്ഥിതിയും ഇടപാടുകളുടെ വലിപ്പവും അനുസരിച്ചു സഹകരണസംഘരജിസ്‌ട്രാര്‍ക്ക്‌ ഇതു നിശ്ചയിക്കാം. ഇതിനു ജോയിന്റ്‌ രജിസ്‌ട്രാറുടെ ശുപാര്‍ശയോടെ സഹകരണസംഘം രജിസ്‌ട്രാര്‍ക്ക്‌ അപേക്ഷ കൊടുക്കണം. ഇതില്‍ നിയമനോത്തരവിന്റെ പകര്‍പ്പും വിവരങ്ങളും വേണം. പ്രതിഫലം ആറുമാസത്തിലൊരിക്കലോ അഡ്‌മിനിസ്‌ട്രേറ്ററുടെ കാലാവധിപൂര്‍ത്തിയാക്കിയശേഷമോ, ഏതാണോ ആദ്യംവരുന്നത്‌, അപ്പോള്‍ നല്‍കും.

പ്രതിഫലം അനുവദിക്കുംമുമ്പ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ കുടിശ്ശിക പിരിക്കാനെടുത്ത നടപടികളും ദീര്‍ഘകാല സസ്‌പെന്‍സ്‌ അക്കൗണ്ടുകളിലെ മുതലുകള്‍ ഈടാക്കാനെടുത്ത നടപടികളും ഓഡിറ്റിലും പരിശോധനയിലും സൂപ്പര്‍സെഷന്‍ നോട്ടീസിലുമുള്ള ന്യൂനതകള്‍ തീര്‍ക്കാന്‍ ചെയ്‌ത കാര്യങ്ങളും പൊതുവായി ചെയ്‌ത കാര്യങ്ങളും സാമ്പത്തികനേട്ടവും ബിസിനസ്‌ വിറ്റുവരവും അംഗത്വവര്‍ധനയും ഓഹരിമൂലധനവര്‍ധനവും നിക്ഷേപവര്‍ധനയും ഒക്കെ റിപ്പോര്‍ട്ടര്‍മാര്‍ വിലയിരുത്തണം. ഹരിജന്‍/ഗിരിജന്‍ സംഘങ്ങളും, ഓഡിറ്റ്‌ ക്ലാസിഫിക്കേഷന്‍ ഡി യില്‍വരുന്ന സംഘങ്ങളും, പതിനായിരം രൂപയില്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനമില്ലാത്തസംഘങ്ങളും അഡ്‌മിനിട്രേറ്റര്‍ക്കു പ്രതിഫലം നല്‍കേണ്ട.അയ്യായിരം രൂപയില്‍താഴെ ഓഡിറ്റ്‌ ഫീസ്‌ അടയ്‌ക്കുന്നവ അഞ്ചുശതമാനം പ്രതിഫലം നല്‍കണം.

അയ്യായിരംമുതല്‍ പതിനായിരംവരെ ഓഡിറ്റ്‌ഫീ അടക്കുന്നവ ഏഴുശതമാനം നല്‍കണം. അതിനുമുകളില്‍ അടക്കുന്ന സംഘങ്ങളും ഒരേ ഓഫീസര്‍ ഒന്നിലേറെ സംഘങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്ററാണെങ്കില്‍ ആ സംഘങ്ങളും പത്തുശതമാനം നല്‍കണം. പ്രതിഫലം നല്‍കേണ്ടതില്ലാത്ത സംഘങ്ങളുലെ അഡ്‌മിനിസ്‌ട്രേറ്റര്‍/അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിക്കു രജിസ്‌ട്രാറുടെ മുന്‍കൂര്‍അനുമതിയോടെ പ്രതിഫലം നല്‍കാവുന്നതാണ്‌.
പ്രതിഫലം നല്‍കാന്‍ 15ദിവസവും അതിലധികവുമുള്ള കാലം ഒരുമാസമായി കണക്കാക്കും. 15ദിവസമായിട്ടില്ലെങ്കില്‍ അത്‌ ഒഴിവാക്കണം.
പാര്‍ട്‌ ടൈം അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ക്കു യാത്ര ആവശ്യമെങ്കില്‍ ചട്ടപ്രകാരം നിയന്ത്രണഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ സാക്ഷ്യത്തോടെ അപേക്ഷിച്ചാല്‍ യാത്രാബത്തയും ഡിഎയും കിട്ടും.

അഡ്‌മിനിസ്‌ട്രേറ്റര്‍/ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയുള്ള സംഘങ്ങള്‍ ആറുമാസത്തിലൊരിക്കലെങ്കിലും മേലുദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണം. പ്രതിഫലം പുനര്‍നിര്‍ണയിക്കണോ എന്നും നോക്കണം.
കാലാവധി അവസാനിക്കുന്നതിനും 60ദിവസംമുമ്പു തിരഞ്ഞെടുപ്പ നടത്താന്‍ തീരുമാനിക്കണം. ഇതില്‍ കാലാവധി തീരുന്നതിയതി തിരഞ്ഞെടുപ്പുതിയതി, തിരഞ്ഞെടുപ്പുസ്ഥലം എന്നിവ എഴുതിയിരിക്കണം. തീരുമാനത്തിന്റെ പകര്‍പ്പ്‌ ഒരാഴ്‌ചക്കകം രജിസ്‌ട്രേഡ്‌ തപാലായോ നേരിട്ടോ സഹകരണതിരഞ്ഞെടുപ്പുകമ്മീഷണര്‍ക്കു കൊടുക്കണമെന്നും ഓഗസ്റ്റ്‌ 19ലെ 26/2025 നമ്പര്‍ സര്‍ക്കുലറിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 574 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!