ഭാവിനഷ്ടവകയിരുത്തല്‍ തെറ്റ്: ഓഡിറ്റ് ഡയറക്ടര്‍
സഹകരണസ്ഥാപനങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നഷ്ടത്തിനു കരുതല്‍തുക വകയിരുത്തി കണക്കു തയ്യാറാക്കുന്നതു ശരിയല്ലെന്നു സഹകരണഓഡിറ്റ് ഡയറക്ടര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നേരത്തെയും ഇതു വ്യക്തമാക്കിയിരുന്നു. ഇതുവരെ ഇങ്ങനെ വച്ച തുക `ഭാവിനഷ്ടത്തിനുള്ള വകയിരുത്തലില്‍’നിന്നു നീക്കാന്‍ ഭരണസമിതി തീരുമാനിച്ചാല്‍ ലാഭ-നഷ്ടക്കണക്കില്‍ തന്‍വര്‍ഷലാഭനഷ്ടങ്ങള്‍ കണക്കാക്കിയശേഷം, അതിനെ ബാധിക്കാത്തവിധം പ്രത്യേകഇനമായി എഴുതണമെന്നു ഡയറക്ടര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തെ നഷ്ടം എഴുതുന്ന/ തന്‍വര്‍ഷലാഭം ബ്രോട്ട് ഡൗണ്‍ ചെയ്യുന്ന ഭാഗത്താണ് ഇത് ഉള്‍പ്പെടുത്തേണ്ടത്. ആവശ്യമായ വിവിരണവും അടിക്കുറിപ്പും ഓഡിറ്റ് റിപ്പോര്‍ട്ടിലെ ബന്ധപ്പെട്ട പേജില്‍ ചേര്‍ക്കയും വേണം. ന്യൂനതാസംഗ്രഹത്തിലും ഉള്‍പ്പെടുത്തണം.
പല സംഘവും ഇങ്ങനെ ലാഭനഷ്ടക്കണക്കില്‍ ചാര്‍ജു ചെയ്‌തു തുക വകയിരുത്തിയിരുന്നുവെന്നു ഡയറക്ടര്‍ ജൂലൈ എട്ടിനു ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്നുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ നഷ്ടമായാല്‍ ഇതു ലാഭനഷ്ടക്കണക്കില്‍ ക്രമീകരിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ സഹകരണസംഘം നിയമത്തില്‍ 2024 ജൂണ്‍ ഏഴിനു കൊണ്ടുവന്ന ഭേദഗതിയിലെ വകുപ്പ് 34എ(1) എല്ലാ സംഘവും നിര്‍ണയിക്കപ്പെട്ട പ്രകാരം ലാഭനഷ്ടക്കണക്കും ബാക്കിപത്രവും തയ്യാറാക്കാന്‍ പൊതുവായ കണക്കെഴുത്തുരീതികളിലും തത്വങ്ങളിലും നിര്‍ദേശിക്കുന്ന ഫാറത്തില്‍ ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിങ് സാധ്യമാകുന്ന തരത്തില്‍ അക്കൗണ്ട് ബുക്കുകളും സാമ്പത്തികപ്രസ്‌താവനകളും തയ്യാറാക്കി സൂക്ഷിക്കണം എന്നു പറയുന്നുണ്ട്. ഭാവിയിലെ പ്രവര്‍ത്തനനഷ്ടത്തിനു തുക വകയിരുത്തുന്നതും നഷ്ടം വന്നാല്‍ അതു ലാഭനഷ്ടക്കണക്കില്‍ ക്രമീകരിക്കുന്നതും പൊതുവായ കണക്കെഴുത്തുരീതികള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്. ശരിയായ തന്‍വര്‍ഷലാഭനഷ്ടങ്ങളല്ല അതു പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് ആ രീതിയില്‍ കണക്കില്‍ മാറ്റംവരുത്തുന്നതു ശരിയല്ലെന്ന് ഓഡിറ്റ് ഡയറക്ടര്‍ അറിയിച്ചു.