ഒരുവര്‍ഷംമുതലുള്ള നിക്ഷേപങ്ങളുടെ പലിശവര്‍ധനയക്കു പ്രാബല്യം 12മുതല്‍
ഏപ്രില്‍ മൂന്നുവരെയുള്ള സഹകരണനിക്ഷേപസമാഹരണകാലത്ത് ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെയുള്ള കാലത്തേക്കും രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ള കാലത്തേക്കുമുള്ള വര്‍ധിപ്പിച്ച പലിശനിരക്കിന് മാര്‍ച്ച് 12 മുതലായിരിക്കും പ്രാബല്യം. അന്നാണ് നിക്ഷേപസമാഹരണം ആരംഭിച്ച മാര്‍ച്ച് അഞ്ചിനു നിക്ഷേപസമാഹരണ കാലത്തേക്കായി പ്രാബല്യത്തില്‍വരുത്തിയ പുതുക്കിയ പലിശനിരക്കില്‍ മേല്‍പറഞ്ഞ വര്‍ധനകൂടി വരുത്തിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ ഇറങ്ങിയത്.
സര്‍ക്കുലര്‍ തിയതി മുതല്‍ പുതുക്കി നിശ്ചയിക്കുന്നതായി സര്‍ക്കുലറില്‍ ഉണ്ടായിരുന്നെങ്കിലും നിക്ഷേപസമാഹരകാലയളവില്‍ മേല്‍നിരക്കുകള്‍ നല്‍കാമെന്നുകൂടി പറഞ്ഞിരുന്നതിനാല്‍ നിക്ഷേപസമാഹരണം ആരംഭിച്ച മാര്‍ച്ച് അഞ്ചുമുതല്‍ ഈ വര്‍ധനയ്‌ക്കും പ്രാബല്യമുണ്ടാകുമോ എന്ന ആശയക്കുഴപ്പം ഉയര്‍ന്നിരുന്നു.ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേപത്തിന്റെ പലിശ എട്ടുശതമാനത്തില്‍നിന്ന് 8.50 ശതമാനമായും രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ള നിക്ഷേപത്തിന്റെ പലിശ എട്ടുശതമാനത്തില്‍നിന്ന് 8.75 ശതമാനമായും ആയി ഉയര്‍ത്തുകയാണു മാര്‍ച്ച് 12നു ചെയ്‌തത്. മാര്‍ച്ച് നാലിന് ആദ്യം നിക്ഷേപസമാഹരണത്തിനുള്ള സര്‍ക്കുലര്‍ ഇറങ്ങിയപ്പോള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേപത്തിന്റെ പലിശ 8.25ശതമാനത്തില്‍നിന്ന് എട്ടുശതമാനമായി കുറയ്‌ക്കുകയും രണ്ടുവര്‍ഷവും അതില്‍ക്കൂടുതലും കാലത്തേക്കുള്ള നിക്ഷേപത്തിന്റെ പലിശ എട്ടുശതമാനമായിത്തന്നെ നിലനിര്‍ത്തുകയുമാണു ചെയ്‌തിരുന്നത്.
15ദിവസംമുതല്‍ 45ദിവസംവരെയുള്ള നിക്ഷേപത്തിന്റെ പലിശ ആറുശതമാനത്തില്‍നിന്ന് 6.25 ശതമാനമായും 46ദിവസംമുതല്‍ 90ദിവസംവരെയുള്ള നിക്ഷേപത്തിന്റെത് 6.50 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായും വര്‍ധിപ്പിക്കാനും 91ദിവസംമുതല്‍ 179ദിവസംവരെയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് 7.25 ശതമാനത്തില്‍നിന്നു വര്‍ധനയൊന്നുംവരുത്താതെ നിലനിര്‍ത്താനും 180ദിവസംമുതല് 364ദിവസംവരെയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് 7.50ശതമാനത്തില്‍നിന്ന് 7.75 ശതമാനമായി കൂട്ടാനും അന്നുതന്നെ നിര്‍ദേശിച്ചിരുന്നു.ആ പുതുക്കിയനിരക്കുകള്‍ മാര്‍ച്ച് 12ലെ സര്‍ക്കുലറില്‍ തുടരുന്നുണ്ട്. മുതിര്‍ന്ന പൗരരുടെ നിക്ഷേപങ്ങള്‍ക്കു പരമാവധി അരശതമാനം പലിശ അധികം നല്‍കും. നിക്ഷേപസമാഹരണകാലത്തിനുശേഷം 9/2025 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള പലിശനിരക്കു പുനസ്ഥാപിക്കപ്പെടും.