മിസലേനിയസ് സംഘങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കോഴിക്കോട് ജില്ലാകമ്മറ്റി: ദിനേശ് പെരുമണ്ണ ചെയര്‍മാന്
മിസലേനിയസ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ കോഴിക്കോട് ജില്ലാ ചെയര്‍മാനായി ദിനേശ് പെരുമണ്ണയെയും ജനറല്‍ കണ്‍വീനറായി പി.സി. സതീഷിനെയും തിരഞ്ഞെടുത്തു. വി.എം. ചന്തുക്കുട്ടി, ബാബു കിണാശ്ശേരി (വൈസ് ചെയര്‍മാന്‍മാര്‍), ടി.കെ. സൗമീന്ദ്രന്‍, കെ.കെ. മഹേഷ് (കണ്‍വീനര്‍മാര്‍), കെ. രാധാകൃഷ്‌ണന്‍ (ട്രഷറര്‍), അഡ്വ. കെ. ആനന്ദകനകം (സംസ്ഥാനകമ്മറ്റിയംഗം) എന്നിവരാണു മറ്റുഭാരവാഹികള്‍.
കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന സംഘങ്ങളുടെ പ്രസിഡന്റുമാരുടെയും ഭരണസമിതിയംഗങ്ങളുടെയും കണ്‍വെന്‍ഷന്‍ സംസ്ഥാനകണ്‍വീനര്‍ നെല്ലിമൂട് പ്രഭാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ. ആനന്ദകനകം അധ്യക്ഷത വഹിച്ചു. സംസ്ഥാനവൈസ്‌ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍, ദിനേശ് പെരുമണ്ണ, എന്‍.വി. ബാബുരാജ്, പി.സി. സതീഷ്, കെ. രാധാകൃഷ്‌ണന്‍, വി.എം. ചന്തുക്കുട്ടി, ബാബു കിണാശ്ശേരി, കെ.കെ. മഹേഷ്, കെ.പി. ബിനീഷ്, വി.എം. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് അഞ്ചിനു സംസ്ഥാനകമ്മറ്റി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. വായ്‌പക്കുടിശ്ശികകള്‍ തീര്‍ക്കാന്‍ ആര്‍ബിട്രേഷന്‍ വേഗത്തിലാക്കുക, മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പെക്‌സ് സംവിധാനമുണ്ടാക്കുക, പിഎസ്‌സി നിയമനസംവരണം പുന:സ്ഥാപിക്കുക, കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നം പരിഹരിക്കുക, കേരളബാങ്കിലെ മിസലേനിയസ് സംഘങ്ങളിലെ ഓഹരിത്തുക തിരിച്ചുനല്‍കുകയോ സ്ഥിരനിക്ഷേപമാക്കുകയോ ചെയ്യുക, കേരളബാങ്കിന്റെ പലിശനിര്‍ണയത്തിലെ അപാകം പരിഹരിക്കുക, എസ്‌ബി അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുക, ക്ലാസിഫിക്കേഷന്‍ പരിഹരിക്കുക, എ ക്ലാസ് അംഗങ്ങള്‍ക്കു പുറമെ നാമാത്രഅംഗങ്ങള്‍ക്കും പണം നിക്ഷേപിക്കാനും വായ്‌പ നല്‍കാനും മിസലേനിയസ് സംഘങ്ങളെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാര്‍ച്ച്.