കൊപ്രയുടെ താങ്ങുവിലയില്‍ വര്‍ധന
കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രക്യാബിനറ്റിന്റെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു. ഇതുപ്രകാരം ശരാശരി മിത ഗുണനിലവാരമുള്ള മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിനു 11582രൂപയും ഉണ്ടക്കൊപ്രയുടെത് 12100രൂപയും ആയിരിക്കും. 2014ല്‍ നിശ്ചിച്ച താങ്ങുവിലയെ അപേക്ഷിച്ച് യഥാക്രമം 121ശതമാനവും 120ശതമാനവും ആണു വര്‍ധന. 2025സീസണിലേക്കാണു വര്‍ധന.2014സീസണില്‍ മില്ലിങ് കൊപ്രയ്ക്ക് 5250രൂപയായും ഉണ്ടക്കൊപ്രയ്ക്കു 5500 രൂപയായും വര്‍ധിപ്പിച്ചിരുന്നു. ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) ദേശീയസഹകരണഉപഭോക്തൃഫെഡറേഷനും (എന്‍.സി.സിഎഫ്) കൊപ്രയുടെയും ചകിരി മാറ്റിയ തേങ്ങളുടെയും താങ്ങുവിലസ്‌കീം പ്രകാരം സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സികളായി തുടരും.താങ്ങുവില വര്‍ധന തെങ്ങുകൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, കൊപ്രയുല്‍പാദനം വര്‍ധിപ്പിക്കാന്‍ പ്രേരണയാവുകയും ചെയ്യും. നാളികേരോല്‍പന്നങ്ങള്‍ക്ക് ആഭ്യന്തരവിപണിയിലും ആഗോളവിപണിയിലും ഡിമാന്റ് വര്‍ധിച്ചുവരികയാണ്. തങ്ങുവില ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിട്ടുള്ള വിളകളുടെയെല്ലാം താങ്ങുവില ദേശീയശരാശരി ഉത്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും വര്‍ധിപ്പിക്കുമെന്നു 2018-19ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.