എച്ച് 1 ബി വിസ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണമാകും
2024 ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, അമേരിക്ക എച്ച്് 1 ബി തൊഴില്‍വിസയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. യു.എസ.് ഇമിഗ്രേഷന്‍ ഈയിടെയാണ് ചില പരിഷ്‌കാരങ്ങള്‍ എച്ച് 1 ബി തൊഴില്‍വിസ അനുവദിക്കുന്നതില്‍ വരുത്താന്‍ തീരുമാനിച്ചത്. ഈ നടപടിക്രമങ്ങള്‍ 60 ശതമാനത്തോളവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകും. വിസയുടെ ദുരുപയോഗം തടയുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പുതുക്കിയ നടപടിക്രമങ്ങള്‍ ഏറെ പ്രയോജനപ്പെടും. ഇനിമുതല്‍ അമേരിക്കന്‍ തൊഴില്‍വിസയ്ക്കായി ഒരേസമയം ഒന്നിലേറെ അപേക്ഷ നല്‍കുന്ന പ്രവണത ഉപേക്ഷിക്കേണ്ടിവരും. ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കു വിസ അനുവദിക്കുന്ന ലോട്ടറി സിസ്റ്റത്തില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നു. ഇനിമുതല്‍ ഒരാള്‍ക്ക് ഒരേ സമയം ഒരപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ. തൊഴില്‍വിസ അനുവദിക്കുമ്പോള്‍ ഉദ്യോഗാര്‍ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിര്‍ബന്ധമായും പരിഗണിക്കും. ഉദാഹരണമായി, ബിരുദം മാത്രമുള്ളവരെ മാനേജീരിയല്‍ തൊഴിലുകള്‍ക്കു പരിഗണിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് എം.ബി.എ. നിര്‍ബന്ധമായും വേണ്ടിവരും.
ദുരുപയോഗം
തടയും
എച്ച് 1 ബി വിസ അനുവദിക്കുന്നതിലെ ദുരുപയോഗം തടയാന്‍ ചില നിര്‍ദേശങ്ങളുണ്ട്. അമേരിക്കയിലെ പഠനശേഷം എച്ച് 1 ബി തൊഴില്‍വിസ ലഭിക്കുമെങ്കില്‍ അതിനുള്ള നടപടിക്രമം അമേരിക്കയില്‍നിന്നു പൂര്‍ത്തിയാക്കാം. ഇന്ത്യയിലേക്കു തിരിച്ചുവരേണ്ട ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനുള്ള അവസരം അവിടെനിന്നു ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ആറു ലക്ഷത്തിലധികം പേര്‍ എച്ച് 1 ബി തൊഴില്‍ വിസയില്‍ അമേരിക്കയിലുള്ളതിനാല്‍ പുതുക്കിയ തീരുമാനം അവര്‍ക്ക് ഏറെ പ്രയോജനപ്പെടും. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കു സെപ്റ്റംബര്‍ ഒന്ന്-ഏപ്രില്‍ ഒന്നിനുള്ളില്‍ അവരുടെ എഫ് 1 വിസ, എച്ച് 1 ബി തൊഴില്‍വിസയിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു സ്‌കില്‍ വികസന, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്ങിനു ( OPT ) ഒരു വര്‍ഷത്തെ വിസ ലഭിക്കും. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് വിദ്യാര്‍ഥികള്‍ക്കു രണ്ടു വര്‍ഷംവരെ തുടരാം. തുടര്‍ന്ന് എച്ച് 1 ബി തൊഴില്‍വിസയിലേക്കു മാറാം. OPT പൂര്‍ത്തിയാക്കുന്നവര്‍ക്കു സാധാരണയായി തൊഴില്‍വിസയില്‍ മുന്‍ഗണന ലഭിക്കാറുണ്ട്. പക്ഷേ, വിസ നടപടിക്രമങ്ങള്‍ ആ വര്‍ഷത്തില്‍ ഒക്ടോബര്‍ ഒന്നിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം. പൊതുവെ അമേരിക്കയില്‍ ഉപരിപഠനത്തിനും തൊഴിലിനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു പുതിയ വിസനടപടിക്രമങ്ങള്‍ ഏറെ ഉപകാരപ്രദമായിരിക്കും. യോഗ്യതയുള്ളവരെ മാത്രമേ സ്പെഷ്യലിസ്റ്റ് തൊഴിലുകളില്‍ ഇനി നിയമിക്കാന്‍ സാധിക്കുകയുള്ളൂ. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ക്കേ പുതുക്കിയ വിസനിയമം പ്രാബല്യത്തില്‍ വരികയുള്ളു.
കമ്പനി സെക്രട്ടറി കോഴ്സിന് ഏറെ സാധ്യത
ആഗോള സാമ്പത്തികമാന്ദ്യത്തിലും തൊഴില്‍സാധ്യതയുള്ള കോഴ്സാണു കമ്പനി സെക്രട്ടറി കോഴ്സ്. മൂന്നു വര്‍ഷമാണു കോഴ്‌സിന്റെ കാലയളവ്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കു കോര്‍പ്പറേറ്റ്തലത്തില്‍ രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കു കമ്പനി സെക്രട്ടറീസ് കോഴ്‌സിനു പഠിക്കാം. ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ എന്നീ മൂന്നു പ്രോഗ്രാമുകള്‍ കോഴ്‌സിന്റെ ഭാഗമായുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ മതിയാകും. പ്ലസ് ടു ഫൈനാര്‍ട്‌സ് വിദ്യാര്‍ഥികള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും ഫൗണ്ടേഷന്‍ പ്രോഗ്രാമിനു ചേരാം. ഫൈനാര്‍ട്‌സ് ഒഴികെയുള്ള ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് എക്്‌സിക്യൂട്ടീവ് പ്രോഗ്രാമിനു ചേരാം. ഫൗണ്ടേഷന്‍ പ്രോഗ്രാമിനു വര്‍ഷത്തില്‍ ഡിസംബര്‍, ജൂണ്‍ മാസങ്ങളില്‍ പരീക്ഷയുണ്ടാകും. ഇതിനായി യഥാക്രമം മാര്‍ച്ച് 31നും സെപ്റ്റംബര്‍ 30നുമുള്ളില്‍ അപേക്ഷിക്കണം.
ഫൗണ്ടേഷന്‍ പ്രോഗ്രാമിനു ബിസിനസ് എന്‍വിറോണ്‍മെന്റ് ആന്റ് ലോ, ബിസിനസ്് മാനേജ്‌മെന്റ്, എത്തിക്സ് ആന്റ് സംരംഭകത്വം, ബിസിനസ് ഇക്കണോമിക്‌സ്, ഫണ്ടമെന്റല്‍സ് ഓഫ് അക്കൗണ്ടിംഗ് ആന്റ് ഓഡിറ്റിംഗ് എന്നീ പേപ്പറുകളുണ്ട്. എക്്‌സിക്യൂട്ടീവ് പ്രോഗ്രാമില്‍ നാലു കോഴ്‌സുകള്‍ വീതമുള്ള രണ്ടു മൊഡ്യൂളുകളുണ്ട്. എക്‌സിക്യൂട്ടീവ് പ്രോഗ്രാമില്‍ മൂന്നു മൊഡ്യൂളുകളിലായി എട്ട് പേപ്പറുകളും എലെക്റ്റിവ് പേപ്പറുമുണ്ട്. 4500 രൂപയാണ് ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ ഫീസ്. എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് 12,500 രൂപ വരെ വേണ്ടി വരും. പ്രൊഫഷണല്‍ പ്രോഗ്രാം ഫീസ് 12,000 രൂപയാണ്. പരീക്ഷാഫീസ് മൊഡ്യൂളിന് 1200 രൂപ വരെ വേണ്ടിവരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണു പരീക്ഷ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icsi.edu
എ.സി.സി.എ.
കോഴ്‌സ്
എ.സി.സി.എ. ( അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ) കോഴ്സിനു കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവരുന്നു. ആഗോള അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അക്കൗണ്ടന്റ്‌സിന്റെ ( IFAC ) പ്രൊഫഷണല്‍ യോഗ്യതയാണിത്. ലോകത്തെ 178 രാജ്യങ്ങളില്‍ അംഗീകാരമുള്ള അക്കൗണ്ടിംഗ് പ്രോഗ്രാമാണിത്. പ്ലസ് ടു പൂര്‍ത്തിയാക്കിയവരും 18 വയസ് കഴിഞ്ഞവരുമായ വിദ്യാര്‍ഥികള്‍ക്ക് എ.സി.സി.എ. ക്കു പഠിക്കാം. പ്ലസ് ടുതലത്തില്‍ കണക്കും ഇംഗ്ലീഷും പഠിച്ചിരിക്കണം. മൊത്തം 65 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. തിരഞ്ഞെടുത്ത വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും മാര്‍ക്ക് നേടിയിരിക്കണം. മൊത്തം 13 പേപ്പറുകളുണ്ട്. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കു മൂന്നു വര്‍ഷവും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു രണ്ടു മുതല്‍ രണ്ടര വര്‍ഷവും വേണ്ടിവരും. വര്‍ഷത്തില്‍ മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണു പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ifac.org, www.accaglobal.com.
–