എ.കെ.ജി. സഹകരണ ആശുപത്രിക്ക് പാരാമെഡിക്കല്‍ ഇന്‍സ്‌റഅറിറ്റിയൂട്ടിന് 76 തസ്തികള്‍ അനുവദിച്ചു
കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സില്‍ 76 തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍. കേരള ആരോഗ്യ സര്‍വലാശാലയുടെ അനുമതിയോടെ അഞ്ച് ഡിഗ്രി കോഴ്‌സുകളും, മെഡിക്കല്‍ എഡ്യുക്കേഷന്റെ ഡയറക്ടറേറ്റിന്റെ അനുമതിയോടെ എട്ട് ഡിപ്ലോമ കോഴ്‌സുകളും ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. ഇവ നടത്തുന്നതിന് യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കേണ്ടതുണ്ടെന്ന ആശുപത്രി സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
76 തസ്തികളും അവയ്ക്ക് നല്‍കേണ്ട് ശമ്പളവും നിശ്ചയിച്ചാണ് സംഘം സഹകരണ വകുപ്പ് ജോയിന്റ് പജിസ്ട്രാര്‍ മുഖേന അപേക്ഷ നല്‍കിയത്. എ.കെ.ജി. സഹകരണ ആശുപത്രി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ സഹകരണ ആശുപത്രി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകളോടെയാണ് പുതിയ തസ്തികകള്‍ക്ക് സംഘം ഭരണസമിതി വേതനം നിശ്ചയിച്ചിട്ടുള്ളതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ (1), പ്രൊഫസര്‍(8), അസോസിയേറ്റ് പ്രൊഫസര്‍(10) അസിസ്റ്റന്റ് പ്രൊഫസര്‍ (7), ട്യൂട്ടര്‍ (21), ലാബ് ടെക്‌നീഷ്യന്‍ (4), ലക്ചറര്‍(6) ലൈബ്രേറിയന്‍(2), ചീഫ് അക്കൗണ്ടന്റ് (1), സീനിയര്‍ ക്ലര്‍ക്ക് (1), ജൂനിയര്‍ ക്ലര്‍ക്ക് (2), ഓഫീസ് അസിസ്റ്റന്റ് (2), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (5), ഇലക്ട്രീഷ്യന്‍ (1), പ്യൂണ്‍(2), സ്വീപ്പര്‍(4) എന്നിവയാണ് പുതിയതായി അനുവദിച്ച തസ്തികകള്‍.