മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് അയോഗ്യത നിശ്ചയിച്ച് കേന്ദ്രം
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് യോഗ്യതയും അയോഗ്യതയും നിശ്ചയിച്ച് കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിശ്ചയിച്ച യോഗ്യതയില്ലാത്തവര്‍ അതിവേഗം പദവി ഒഴിയണമെന്നാണ് നിര്‍ദ്ദേശം. മറ്റേതെങ്കിലും ബിസിനസില്‍ പങ്കാളിത്തമുള്ളവര്‍ക്കും വേറെ എന്തെങ്കിലും സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ സി.ഇ.ഒ. പദവി വഹിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളവരെ ഇഷ്ടംപോലെ നിയമിക്കുന്ന രീതിക്കാണ് കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ വിലക്കിട്ടത്.
സംസ്ഥാന സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയിലെ മാനേജിങ് ഡയറക്ടര്‍ നിയമനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ‘ഫിറ്റ് ആന്‍ഡ് പ്രൊപ്പര്‍’ വ്യവസ്ഥകളാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കിയത്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ മൈക്രോ, സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഓരോ വിഭാഗത്തിലും ഉള്‍പ്പെടുന്ന സംഘങ്ങളിലും സി.ഇ.ഒ. നിയമനത്തിന് അടിസ്ഥാന യോഗ്യത ഒന്നാണെങ്കിലും പ്രവര്‍ത്തിപരിചയത്തില്‍ മാറ്റമുണ്ട്. മൈക്രോ വിഭാഗത്തില്‍ രണ്ടുവര്‍ഷവും, സ്‌മോള്‍ വിഭാഗത്തില്‍ നാലുവര്‍ഷവും മീഡിയം വിഭാഗത്തില്‍ ആറുവര്‍ഷവും, ലാര്‍ജില്‍ എട്ടുവര്‍ഷവും പ്രവൃത്തി പരിചയം വേണമെന്നാണ് നിര്‍ദ്ദേശം.
മറ്റേതെങ്കിലും ജോലിയില്‍ തുടരുന്നവര്‍ക്കോ, ബിസിനസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായവര്‍ക്കോ മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളില്‍ സി.ഇ.ഒ.യായി നിയമനം നല്‍കാന്‍ പാടില്ല. തദ്ദേശ സ്ഥാപനങ്ങളിലടക്കം ഒരു വിഭാഗത്തിലും ജനപ്രതിനിധിയായിരിക്കാനും പാടില്ല. ഏതെങ്കിലും വ്യാപാര-വിപണന മേഖലകളിലെ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍, മാനേജര്‍, മാനേജിങ് ഏജന്റ്, പ്രൊപ്രൈറ്റര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സി.ഇ.ഒ. നിയമനത്തിന് അയോഗ്യരാണ്. ഏത് കേസുകളിലാണെങ്കിലും ആറുമാസത്തിലധികം കോടതി ശിക്ഷിച്ചവരെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ സി.ഇ.ഒ.മാരായി നിയമിക്കാന്‍ പാടില്ല. മറ്റേതെങ്കിലും സഹകരണ സംഘങ്ങളില്‍ ഡയറക്ടമാരായിരിക്കുന്നതും നിയമനത്തിന് അയോഗ്യതയാണ്.
സി.ഇ.ഒ. പദവിയില്‍ നിയമിക്കപ്പെടുന്നവര്‍ സംഘത്തിന് ഒരു സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകളും അയോഗ്യതകളും പാലിച്ചാണ് ഈ നിയമനം നേടിയിരിക്കുന്നതെന്നാണ് സാക്ഷ്യപ്പെടുത്തി നല്‍കേണ്ടത്. മള്‍ട്ടി സ്റ്റേറ്റ് ക്രഡിറ്റ് സഹകരണ സംഘങ്ങള്‍ക്കാണ് ഈ വ്യവസ്ഥകളെല്ലാം കൊണ്ടുവന്നിട്ടുള്ളത്. ഇത് ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ക്കും ബാധകമാണെന്ന് കേന്ദ്ര സഹകരണ രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.