മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ശാഖതുറക്കുന്നതിനും നിയന്ത്രണം; അഞ്ച് നിബന്ധനകള്‍
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഇഷ്ടം പോലെ ശാഖകള്‍ തുറക്കുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സഹകരണ മന്ത്രാലയം. തോന്നുന്നിടത്തെല്ലാം ശാഖകള്‍ തുറന്ന് നിക്ഷേപം സ്വീകരിക്കുകയും, അവതിരിച്ചുനല്‍കാനാകാതെ അടച്ചുപൂട്ടുന്ന സ്ഥിതി ആവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ നടപടി സ്വീകരിച്ചത്. ശാഖകള്‍ തുറക്കുന്നതിന് അഞ്ച് വ്യവസ്ഥകളാണ് ഇതിനായി കൊണ്ടുവന്നു. ഓരോ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെയും പ്രവര്‍ത്തന പരിധിയില്‍ ശാഖതുറക്കുന്നതിന് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാര്‍ഷിക ബിസിനസ് പ്ലാന്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കൊണ്ടുവന്ന വ്യവസ്ഥകള്‍ക്ക് സമാനമാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കുന്നത്.
കേന്ദ്രരജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്ന അഞ്ച് വ്യവസ്ഥകള്‍ പാലിക്കുന്ന സംഘങ്ങള്‍ക്ക് ഓരോ വര്‍ഷവും പത്ത് ശതമാനം ശാഖകള്‍ അധികമായി തുറക്കാനാകും. പരമാവധി പത്തുശാഖകളും കുറഞ്ഞത് രണ്ടുശാഖകളും എന്നതാണ് ഇതിന്റെ പരിധി. മൂലധന പര്യാപ്തതയാണ് പ്രധാനമായും അടിസ്ഥാനമാക്കുന്നത്. സംഘത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി ഏഴുശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തി മൂന്നുശതമാനത്തിലും കുറവായിരിക്കണം. തുടര്‍ച്ചയായി മൂന്നുവര്‍ഷം സംഘം ലാഭത്തിലായിരിക്കണം. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കുക.
കേന്ദ്രസഹകരണ സംഘം രജിസ്ട്രാറോ മറ്റേതെങ്കിലും നിയന്ത്രണ അതോറിറ്റികളോ നിശ്ചയിക്കുന്ന ലിക്വുഡിറ്റി നിബന്ധനകള്‍ സംഘം കൃത്യമായി പാലിച്ചിരിക്കണം. ഏതെങ്കിലും ഘട്ടത്തില്‍ ഇത് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാഖ തുടങ്ങാനുള്ള സ്വാഭാവിക അനുമതിക്ക് വിലക്ക് വരും. ഓരോ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിനും ആഭ്യന്തര നിയന്ത്രണ സംവിധാനം ഉണ്ടായിരിക്കണം. കെ.വൈ.സി.യാണ് ഇതില്‍ പ്രധാനം. സംഘത്തിലെ ഇടപാടുകരുടെ എല്ലാവിവരങ്ങളും സംഘത്തില്‍ ഉണ്ടായിരിക്കണം.
ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സംഘങ്ങള്‍ പുതിയ ശാഖകള്‍ തുറക്കണമെങ്കില്‍ സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി വാര്‍ഷിക ബിസിനസ് പ്ലാന്‍ സമര്‍പ്പിക്കണം. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും ആദ്യമാണ് ഈ പ്ലാന്‍ സമര്‍പ്പിക്കേണ്ടത്. അടുത്ത സാമ്പത്തിക സാമ്പത്തിക വര്‍ഷത്തില്‍ സംഘം ഏറ്റെടുക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്ന ബിസിനസും വ്യക്തമാക്കിയുള്ളതാകണം ഈ പ്ലാന്‍. ഇത് വിലയിരുത്തിയാകും ശാഖകള്‍ തുടങ്ങാനുള്ള അനുമതി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കുക. പ്രവര്‍ത്തന പരിധിയുള്ള മേഖലകളിലാണെങ്കിലും ഇഷ്ടം പോലെ ശാഖകള്‍ തുടങ്ങുന്ന രീതി ഇനി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല.